പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ് സി കെ ഉണ്ണി രംഗത്ത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും അര്‍ജ്ജുന്റെ മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി സമര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു.
എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കര്‍ ആണ് കാര്‍ ഓടിച്ചതെന്നായിരുന്നു ഡ്രൈവര്‍ വിശദമാക്കിയത്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലക്ഷ്മിയുടെ മൊഴിയില്‍ അര്‍ജുന്‍ പറഞ്ഞതില്‍ നിന്നും ഒട്ടേറേ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിരുന്നു. വാഹനം ഓടിച്ചത് ബാലു അല്ലെന്നും ബാലു മുന്‍സീറ്റില്‍ കുട്ടിക്കൊപ്പം വിശ്രമിക്കുകയാണെന്നുമായിരുന്നു ലക്ഷ്മിയുടെ മൊഴി. ഡ്രൈവര്‍ അര്‍ജുനെ പ്രത്യേക അന്വേഷണ സംഘം രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. അപ്പോഴും ആദ്യത്തെ മൊഴിയില്‍ ഉറച്ചുതന്നെയാണ് അര്‍ജുന്‍ നിന്നത്.
സെപ്തംബര്‍ 25 ന് വടക്കുംനാഥ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്.
തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ഇന്നോവ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി മരിച്ചിരുന്നു.മകള്‍ തേജസ്വിനി അപകടസമയം തന്നെ മരിച്ചിരുന്നു.
അപകടത്തെതുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ബാലു ഓക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. അപകടമരണത്തില്‍ ബാലുവിന്റെ ജീവനക്കാരെ ചുറ്റിപ്പറ്റി കുറയേറെ വാര്‍ത്തകള്‍ പ്രചരിച്ചരുന്നു. ലക്ഷ്മി ആശുപത്രിയില്‍ കിടന്നപ്പോള്‍ പോലും പണം നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല എന്നാണ് ആരോപണം ഉയര്‍ന്നത്. സഞ്ജയന ദിവസം ബാലുവിന്റെ അടുത്ത ബന്ധുവും ജീവനക്കാരനും തമ്മില്‍ വാക്കുതര്‍ക്കം നടന്നതും ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ബാലുവിന്റെ പിതാവ് ഉണ്ണി അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗതത്തെത്തിയത്.