മോഹൻലാലിനെ ഭീമനായി വെള്ളിത്തിരയിൽ കാണാൻ ആഗ്രഹിച്ചിരുന്ന ആരാധകരെ നിരാശരാക്കി സിനിമ ഉപേക്ഷിച്ചതായി അറിയിച്ച് നിർമ്മാതാവ് ബി ആർ ഷെട്ടി. ഇതോടെ ഏറെക്കാലമായി നീളുന്ന ഊഹാപോഹങ്ങൾക്കും വിരാമാകുകയാണ്.എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവൽ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്നാണ് നിർമ്മാതാവാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ഡോ ബി ആർ ഷെട്ടി അറിയിച്ചത്. എം ടിയും ശ്രീകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് ഇരുവർക്കുമൊപ്പം ചേർന്നുള്ള സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചതായും ഷെട്ടി അറിയിച്ചു.ദുബൈയിൽ എൻ.ആർ.ഐ ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിൽ ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
എം ടി വാസുദേവൻ നായരുടെ തിരക്കഥയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ സമീപിച്ചപ്പോൾ നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, പിന്നീട് എം ടിയും ശ്രീകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കെ, ഇനി പുതിയ തിരക്കഥ കണ്ടെത്തുമെന്ന് ബി.ആർ. ഷെട്ടി പറഞ്ഞു.
കോടതിയിൽ കേസ് നടന്നു വരികയാണ്. അതു കൊണ്ട് അതിന്റെ നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല.മധ്യസ്ഥത്തിന് ഞാൻ ശ്രമിച്ചിട്ടില്ല. അതേസമയം, ഇന്ത്യൻ സംസ്‌കാരത്തിന്റെ പൗരാണിക ഇതിഹാസമായ മഹാഭാരതം സിനിമയായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ഭാഷകളിലും അത് അവതരിപ്പിക്കപ്പെടണം. ഹിന്ദിയിലെ പത്മാവതി സിനിമ പോലെ ഒരു സിനിമയല്ല ലക്ഷ്യം. മികച്ച ഒരു തിരക്കഥയ്ക്ക് മാതാ അമൃതാനന്ദമയി, സദ്ഗുരു എന്നിവരുമായി ചർച്ച നടത്തി. മഹാഭാരതം സിനിമ ആക്കുക തന്നെ ചെയ്യും-ബി.ആർ.ഷെട്ടി പറഞ്ഞു
രണ്ടാമൂഴം തിരക്കഥ സംബന്ധിച്ച കേസിൽ ശ്രീകുമാർ മേനോന് കോടതിയിൽ തിരിച്ചടി നേരിട്ടിരുന്നു. കേസിൽ മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകന്റെ അപ്പീൽ ഫാസ്ട്രാക്ക് കോടതിയും തള്ളി. കേസ് തീരും വരെ തിരക്കഥ ഉപയോഗിക്കുന്നത് വിലക്കിയുള്ള കോടതി ഉത്തരവ് ഇപ്പോൾ നിലനിൽക്കുകയാണ്.
കരാർ കാലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാൽ തിരക്കഥ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടായിരുന്നു എം ടി കോടതിയെ സമീപിച്ചത്. മധ്യസ്ഥനിലൂടെ കോടതിക്ക് പുറത്ത് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണം എന്നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ കോടതിയിൽ ആവശ്യപ്പെട്ടത്.
മധ്യസ്ഥതയ്ക്ക് ഇല്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നും എം ടിയും വ്യക്തമാക്കി. അതേസമയം, മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച 'മഹാഭാരത'ത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയ ചർച്ചകൾ നടക്കുന്നതായി സൂചനകൾ പുറത്ത് വന്നിരുന്നു.
അഭയ കേസുമായി ബന്ധപ്പെട്ട് നിയമപ്പോരാട്ടം നടത്തി വാർത്തകളിൽ ഇടംനേടിയ ജോമോൻ പുത്തൻപുരയ്ക്കലാണ് ഇത് സംബന്ധിച്ച വിവരം ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. ആയിരം കോടി ചെലവിൽ നിർമ്മിക്കുന്ന 'മഹാഭാരതം' സിനിമയുടെ അവസാനവട്ട ചർച്ച പുരോഗമിക്കുകയാണെന്നും ഡോ: എസ് കെ നാരായണനാണ് പുതിയ നിർമ്മാതാവ് എന്നുമായിരുന്നു ജോമോന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.