പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുഗു നടന്‍ അല്ലു അര്‍ജുനെതിരേ കേസ്. മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് അല്ലു അര്‍ജുന്‍ ബുധനാഴ്ച രാത്രി ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലെത്തിയത്്.
ഇതോടെ നടനെ കാണാന്‍ ആളുകള്‍ ഇരച്ചെത്തിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഹൈദരാബാദ് ദില്‍സുഖ്നഗര്‍ സ്വദേശി രേവതിക്ക്(39) ജീവന്‍ നഷ്ടമായത്. മരിച്ച രേവതിയുടെ മകന്‍ തേജ്(9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി പറയുന്നത്. അല്ലു അര്‍ജുന്‍ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയേറ്റര്‍ മാനേജ്മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പോലീസിനെ അറിയിക്കുന്നത് അവസാന നിമിഷം മാത്രമാണ്.
ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ഷോ കാണാന്‍ അല്ലു അര്‍ജുന്‍ സന്ധ്യ തിയേറ്ററില്‍ എത്തുമെന്നു വിവരം ലഭിച്ചതോടെ തിയേറ്റര്‍ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. തിരക്കേറിയതോടെ ആളുകള്‍ തമ്മില്‍ ഉന്തും തളളുമുണ്ടായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശി. അതിനിടയില്‍പ്പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേര്‍ ബോധംകെട്ടു വീണു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍ ഇത്രയും വലിയ ആരാധകക്കൂട്ടം അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ അവിടേക്ക് പോയത് എന്തിനാണ് എന്നാണ് പലരും ചോദിക്കുന്നത്.രാത്രി 11ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയനിര തന്നെ തിയേറ്ററിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും തിയേറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി.
കുറച്ചു കൂടി പക്വതയോടെ ഈ സന്ദര്‍ഭം കൈകാര്യം ചെയ്യണമായിരുന്നു എന്നുള്ള അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നുണ്ട്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് ആരാധകര്‍ക്കായി ഒരുക്കിയ പ്രത്യേക ഷോ കാണാന്‍ അല്ലു അര്‍ജുനും ഭാര്യ സ്നേഹ റെഡ്ഡിയും രശ്മിക മന്ദാനയും എത്തിയത്.
തിയേറ്ററിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍ നല്‍കിയ പരാതിയിലാണ് ചിക്കട്പള്ളി പൊലീസ് കേസ് എടുത്തത്. അല്ലു അര്‍ജുന്റെ കടുത്ത ആരാധികയായിരുന്നു രേവതി.
ഭര്‍ത്താവ് ഭാസ്‌കറിനും ശ്രീതേജിനും ഒപ്പം ഇളയമകള്‍ സാന്‍വിക്കും ഒപ്പമാണ് രേവതി തിയേറ്ററില്‍ എത്തിയത്. പുഷ്പ സിനിമയോടും കഥാപാത്രത്തിനോടുമുള്ള ഇഷ്ടം കൊണ്ട് മകനെ പുഷ്പ എന്നാണ് രേവതി വിളിക്കാറുള്ളത്. ബുധനാഴ്ച രാത്രി കുടുംബസമേതം സിനിമ കാണാന്‍ തിയേറ്ററില്‍ എത്തിയെങ്കിലും മകള്‍ സാന്‍വി കരഞ്ഞതിനാല്‍ അടുത്തുള്ള ബന്ധു വീട്ടില്‍ കൊണ്ടാക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനിടെയാണ് അല്ലു അര്‍ജുന്‍ തിയേറ്ററിലെത്തിയത്. ഇതോടെ ആളുകള്‍ തടിച്ചുകൂടി. സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തതോടെ രംഗം വഷളായി. രേവതിയും മകന്‍ ശ്രീതേജും ഈ തിരക്കില്‍ പെട്ടു. ഇതോടെ രേവതി നിലത്ത് വീഴുകയും ജനങ്ങള്‍ ഇവര്‍ക്ക് മുകളിലൂടെ കടന്നു പോവുകയുമായിരുന്നു.
അതേസമയം, ഭാര്യയെ കുറിച്ചുള്ള ഭാസ്‌കറിന്റെ വാക്കുകള്‍ കണ്ണീരിലാഴ്ത്തുകയാണ്. കരളിന് ഗുരുതരമായ അസുഖം ബാധിച്ച തനിക്ക് കരള്‍ പകുത്തു നല്‍കിയത് രേവതിയാണ്. മകളെ ബന്ധുക്കളുടെ വീട്ടില്‍ ഏല്‍പ്പിച്ച് തിരിച്ചുവന്ന് രേവതിയെയും കുട്ടിയെയും നിര്‍ത്തിയ ഭാഗത്ത് നോക്കിയപ്പോള്‍ അവരെ കാണാന്‍ ഇല്ലായിരുന്നു.
ഒരു വീഡിയോയില്‍ ശ്രീ തേജിനെ ഒരാള്‍ കൈയ്യിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റുന്നത് കണ്ടു. രേവതിയെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. 2.30 ഓടെയാണ് മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചത് എന്നാണ് ഭാസ്‌കര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.
ചിത്രത്തിന്റെ ചില സീനുകള്‍ക്ക് സൗദി അറേബ്യയില്‍ കട്ട് ചെയ്തു, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'ഗംഗമ്മ ജാതാര' സീക്വന്‍സാണ് നീക്കം ചെയ്തത്. ഹിന്ദു ദൈവങ്ങളെ ചിത്രീകരിച്ചതിന്റെ പേരിലാണ് 19 മിനിറ്റുള്ള ഭാഗം നീക്കിയത്. രാജ്യത്ത് പ്രദര്‍ശിപ്പിച്ച പതിപ്പില്‍ നിന്ന് ഈ എഡിറ്റുകളുടെ ഫലമായി സിനിമയുടെ മൊത്തത്തിലുള്ള ദൈര്‍ഘ്യം 19 മിനിറ്റ് കുറഞ്ഞു.സിനിമയിലെ ജാതാര സീനുകളെ കുറിച്ചാണ് സിനിമാ പ്രേമികള്‍ പ്രധാനമായും ആദ്യ ഷോ കണ്ട ശേഷം സംസാരിച്ചത്. എന്നാല്‍ സൗദി അറേബ്യയില്‍ വച്ച് സിനിമ കാണുന്നവര്‍ക്ക് ഈ സീന്‍ നഷ്ടമാകും