അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ 2' സിനിമയുടെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് രേവതി പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്.
അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഭര്‍ത്താവും മക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. സിനിമി തുടങ്ങുന്നതിന് മുമ്പ് തിയറ്ററിലേക്ക് സിനിമയിലെ നായകനായ അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും എത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നതാണ് അപകടത്തിന് വഴിവെച്ചത്. രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയനിര തന്നെ തിയറ്ററിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു.
ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതോടെ ജനം തിക്കി തിരക്കി. തിക്കിലും തിരക്കിലും പെട്ട് രേവതി ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകള്‍ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. രേവതിയുടെ ഒപ്പം ഉണ്ടായിരുന്ന മകന്‍ തേജും ബോധം കെട്ട് വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. തേജിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പരിക്കേറ്റ രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കറും മകള്‍ സാന്‍വിയും ചികിത്സയിലാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് പുഷ്പ 2ന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ലോകമാകെ 12,000 സ്‌ക്രീനുകളിലാണ് റിലീസ്. കേരളത്തില്‍ 500 ലേറെ സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ 250 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പുഷ്പ 3 വരുമെന്ന് കഴിഞ്ഞ ദിവസം സുകുമാര്‍ അറിയിച്ചിരുന്നു.