വീണ്ടും പുരസ്‌കാര പ്രഭയില്‍ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. 2024 ലെ ഗോതം അവാര്‍ഡ്സില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ പുരസ്‌കാരം ചിത്രം സ്വന്തമാക്കി. തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 2024 ലെ ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡ്സില്‍ ജൂറി ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ചിത്രത്തെ തേടി പുതിയ പുരസ്‌കാരവുമെത്തിയിരിക്കുന്നത്.
''ഗ്രീന്‍ ബോര്‍ഡര്‍'', ''ഹാര്‍ഡ് ട്രൂത്ത്സ്'', ''ഇന്‍സൈഡ് ദ് യെല്ലോ കൊക്കൂണ്‍ ഷെല്‍'', ''വെര്‍മിഗ്ലിയോ'' എന്നിവയായിരുന്നു പുരസ്‌കാരത്തിനായി മത്സരിച്ച മറ്റ് ചിത്രങ്ങള്‍. മികച്ച സംവിധാനത്തിനുള്ള വിഭാ?ഗത്തിലും ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പായല്‍ കപാഡിയെ പിന്തള്ളി ''നിക്കല്‍ ബോയ്‌സ്'' എന്ന ചിത്രം സംവിധാനം ചെയ്ത റാമെല്‍ റോസ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
അന്താരാഷ്ട്ര തലത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച സിനിമയാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഈ വര്‍ഷം ആദ്യം നടന്ന 77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചരിത്രം രചിച്ച ഈ ചിത്രം, ഗ്രാന്‍ഡ് പ്രിക്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി മാറിയിരുന്നു. കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമ മുംബൈയിലെ രണ്ട് മലയാളി നേഴ്‌സുമാരുടെ കഥയാണ് പറയുന്നത്. പ്രഭയായ് നിനച്ചതെല്ലാം എന്ന പേരില്‍ അടുത്തിടെ ചിത്രം തിയറ്ററുകളിലുമെത്തിയിരുന്നു.