പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ച മലയാളം വെബ് സീരീസാണ് 'കേരള ക്രൈം ഫയല്‍സ്'. വെബ് സീരീസിന്റെ രണ്ടാം സീസണ്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത വന്നതോടെ പേക്ഷകരും ആവേശത്തിലാണ്. ഇപ്പോഴിതാ 'കേരള ക്രൈം ഫയല്‍സ് 2' ട്രെയിലറാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങളാണ് രണ്ടാം സീസണും പറയുക എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒരു കൊലപാതക കേസും, മിസ്സിംഗ് കേസും ഉള്‍പ്പെടുന്ന പുതിയൊരു കേസ് അന്വേഷണമാണ് ഒരു മിനിറ്റ് 53 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാനാവുക. ട്രെയിലര്‍ ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ 'കേരള ക്രൈം ഫയല്‍സ് 2' ട്രെയിലര്‍.
ഈ കേസില്‍ ഏതാനും പൊലീസ് ഉദ്യോഗസ്ഥരും സംശയിക്കപ്പെടുന്നുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കൂടാതെ സീരീസിലെ പ്രധാന അഭിനേതാക്കളും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ആദ്യ സീസണിലേത് പോലെ അജു വര്‍ഗീസ്, ലാല്‍ എന്നിവര്‍ രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 'റോക്കറ്റ് ബോയ്സ്', 'കണ്ണൂര്‍ സ്‌ക്വാഡ്', 'ഐഡന്റിറ്റി' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ രാധാകൃഷ്ണനും വെബ് സീരീസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവരെ കൂടാതെ ഇന്ദ്രന്‍സ്, ജിയോ ബേബി, ഹരിശ്രീ അശോകന്‍, നൂറിന്‍ ഷെരീഫ്, ഷിബ്ല ഫറ, നവാസ് വള്ളിക്കുന്ന്, സഞ്ജു സാനിച്ചന്‍ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തും.
അഹമ്മദ് ഖബീറാണ് വെബ് സീരീസിന്റെ സംവിധായകന്‍. ബാഹുല്‍ രമേശാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രഹണവും മഹേഷ് ഭുവനെന്ദ് എഡിറ്റിംഗും നിര്‍വ്വഹിച്ചു. ഹിഷാം അബ്ദുല്‍ വബ്ബാബ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ജിയോ ഹോട്ട്സ്റ്റാറിലൂടെയാകും 'കേരള ക്രൈം ഫയല്‍സ് 2' റിലീസ് ചെയ്യുക. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും വെബ് സീരീസ് ജിയോ ഹോട്ട്സ്റ്റാറില്‍ ലഭ്യമാകും.
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ മലയാളത്തിലെ ഏഴാമത്തെ വെബ് സീരീസാണ് കേരള ക്രൈം ഫയല്‍ സീസണ്‍ 2. 'കേരള ക്രൈം ഫയല്‍സ്', 'പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്', 'മാസ്റ്റര്‍പീസ്', 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍', 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്നിവയാണ് മറ്റ് മലയാളം വെബ് സീരീസുകള്‍.