മലയാളത്തില്‍ പകരം വയ്ക്കാനില്ലാത്ത ഹാസ്യ അഭിനേത്രിയായിരുന്നു കല്‍പന. താരം വിടവാങ്ങിയിട്ട് ഇന്ന് മൂന്നുവര്‍ഷം കഴിയുമ്പോള്‍ കല്‍പനയുടെ സ്ഥാനത്തേക്ക് ഇന്നും ഒരു പകരക്കാരിയെയും മലയാളികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. ഹാസ്യത്തിനൊപ്പം സ്വഭാവ നടനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കല്‍പന മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് വരെ നേടിയാണ് അരങ്ങൊഴിഞ്ഞത്. മരിച്ച് മൂന്നു വര്‍ഷമായിട്ടും കല്‍പന ഇപ്പോഴും മലയാളത്തിലെ തന്റെ സഹതാരങ്ങള്‍ക്കിടയില്‍ ഓര്‍മകള്‍ ഒരുപാടുള്ള നക്ഷത്രമാണ്.
ബാലതാരമായിട്ടാണ് കല്‍പന സിനിമയിലേക്ക് എത്തുന്നത്. ഒരിക്കലും കോമഡി ആര്‍ട്ടിസ്റ്റായി ചലച്ചിത്ര ലോകത്തേക്ക് എത്തരുതെന്ന് ആഗ്രഹിച്ച ആളാണ് കല്‍പന. പക്ഷേ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന കഥാപാത്രത്തിന്റെ അഭിനയ മൂല്യം കണക്കിലെടുത്താണ് നടി കോമഡിയിലേക്ക് എത്തിയത്. ഹാസ്യത്തിനൊപ്പവും അതിനപ്പുറവും സഞ്ചരിച്ച കഥാപാത്രങ്ങളിലൂടെ അങ്ങനെ അവര്‍ മലയാളിക്ക് പ്രിയപ്പെട്ട നടിയുമായി. കല്‍പനയെ പരിചയപ്പെടുന്നവര്‍ക്കെല്ലാം അവരെകുറിച്ച് പറയാന്‍ നല്ലത് മാത്രമേയുള്ളു. അതിനാല്‍ തന്നെ കല്‍പനയുടെ അകാല മരണത്തില്‍ മലയാള സിനിമ നടുങ്ങി. കല്‍പന മരിച്ച വേളയില്‍ നിരവധി ഓര്‍മ്മകുറിപ്പുകളാണ് സഹതാരങ്ങള്‍ പങ്കുവച്ചത്.
കല്‍പനയോടുള്ള തന്റെ കടം വീട്ടിയ കഥ ദുല്‍ഖര്‍ പറഞ്ഞപ്പോള്‍ തന്റെ മൂത്തചേച്ചിയായിരുന്ന കല്‍പന വിടപറഞ്ഞതിന്റെ ദുഖമാണ് ദിലീപ് പങ്കുവച്ചത്. വളരെ വര്‍ഷങ്ങളായി കല്‍പനചേച്ചിയ്ക്കുണ്ടായിരുന്ന ഒരു കടമാണ് തന്റെ ചാര്‍ലി എന്ന ചിത്രത്തിലൂടെ വീട്ടിയതെന്നാണ് ദുല്‍ഖറിന്റെ വാക്കുകള്‍. ചാര്‍ലിയായിരുന്നു കല്‍പനയുടെ അവസാന ചിത്രം. സിനിമയില്‍ ഒരു സീനില്‍ താന്‍ ചേച്ചിക്ക് ഉമ്മ കൊടുക്കുന്നൊരു ഭാഗമുണ്ട്. ഉമ്മ കൊടുത്തപ്പോള്‍ ചേച്ചി പറഞ്ഞു, 'എടാ, നീ കുട്ടിയായിരുന്നപ്പോള്‍ ഉമ്മ ചോദിച്ചാല്‍ ഒരിക്കലും തരുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാന്‍ ചോദിച്ചുകൊണ്ടേയിരിക്കും. പക്ഷേ നീ തരില്ല. ഇപ്പോള്‍ ഈ കടലിനു നടുവില്‍വച്ചു നീ ആ ഉമ്മ എനിക്കു ചോദിക്കാതെ തന്നിരിക്കുന്നു. നിന്റെ കടം വീടി. എനിക്കു ഭയങ്കര സന്തോഷമായി എന്നാണ് കല്‍പന ദുല്‍ഖറിനോട് പറഞ്ഞത്. എന്നാല്‍ സിനിമ റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ കല്‍പന മരിച്ചപ്പോള്‍ തനിക്ക് അത് ഉള്‍കൊള്ളാനായില്ലെന്നും താരം പറഞ്ഞു.
കല്‍പനയെ താന്‍ മൂത്ത ചേച്ചിയെ പോലെയാണ് കണ്ടിരുന്നതെന്നും, അവരുടെ മരണ വാര്‍ത്തയറിഞ്ഞ് താന്‍ ഞെട്ടിയെന്നുമാണ് ദിലീപ് പറഞ്ഞത്. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ആരോ വ്യാജ മരണ വാര്‍ത്ത ചമ്മച്ചതാണെന്നാണ് കരുതിയത്. പിന്നീടാണ് അതു സത്യമാണെന്നു മനസ്സിലായത്. അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നതു കൊണ്ട് ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും ദിലീപ് പറഞ്ഞിരുന്നു. അതേസമയം ദിലീപിന്റെ അനിയത്തിയായും സുഹൃത്തായും ബന്ധുവുമായി എല്ലാം അഭിനയിച്ചിട്ടുള്ള കല്‍പന ദിലീപിന്റെ ഭാര്യയായും അഭിനയിച്ചിട്ടുണ്ടെന്നത് അധികം ആര്‍ക്കും അറിയില്ല.. മലയാള മാസം ചിങ്ങം 1 എന്ന പടത്തിലാണ് താരത്തിന്റെ ഭാര്യയായി കല്‍പന അഭിനയിച്ചത്.