മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് വിനീത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഒരു നടൻ എന്നതിലുപരി ഒരു താരം മികച്ച ഒരു നർത്തകൻ കൂടിയാണ്. വിനീത് സിനിമയില്‍ തന്റേതായ സ്ഥാനം എംടിയുടെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് നേടിയത്. എന്നാൽ ഇപ്പോൾ ആണ്‍കുട്ടികള്‍ നൃത്തം അഭ്യസിച്ചാല്‍ സ്ത്രൈണത വരുമെന്നത് തെറ്റായ ധാരണയാണെന്നാണ് വിനീത് പറയുന്നത്.
ഭരതനാട്യം അതിന്റെ ചിട്ടയോടെ പഠിക്കുന്ന ഒരു ആണ്‍കുട്ടിക്കും ഒരിക്കലും സ്‌ത്രൈണത വരില്ല. ഒരു ലാസ്യവും ഗ്രേസും മാത്രമാണ് ആ കുട്ടിയില്‍ കാണാന്‍ കഴിയുന്നത്. അത് സ്ത്രൈണത എന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ല. നൃത്തം ആദ്യം ചെയ്ത് തുടങ്ങിയത് പോലും പുരുഷന്മാരാണെന്നും പിന്നീട് സ്ത്രീകള്‍ക്ക് വേണ്ടി ചെറിയ മാറ്റങ്ങള്‍ വരുത്തിയതാണെന്നും വിനീത് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരു പരിധിവരെ നൃത്തം പഠിച്ചാല്‍ സ്‌ത്രൈണത വരുമെന്ന ചിന്തയാണ് ചില ആണ്‍കുട്ടികളെ എങ്കിലും നൃത്തത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. അതൊരു തെറ്റിദ്ധാരണയാണ്. സ്‌ത്രൈണത വരാന്‍ മറ്റു പല കാരണങ്ങളുമുണ്ട് അങ്ങനെയുള്ള ഒരു കുട്ടി ഡാന്‍സ് പഠിച്ചില്ലേലും സ്‌ത്രൈണത വരും. ക്ലാസിക് ഭരതനാട്യം അതിന്റെ ചിട്ടയോടെ പഠിക്കുന്ന ഒരു കുട്ടിക്ക് ഒരിക്കലും സ്‌ത്രൈണതയുണ്ടാകില്ല. പണ്ട് നൃത്തം പുരുഷന്മാരായിരുന്നു ചെയ്തിരുന്നത്. പിന്നെ അത് സ്ത്രീ ഭാവങ്ങളിലേക്ക് മാറി. സിനിമകളിലൂടെയും നൃത്തം പഠിച്ചാല്‍ ആണ്‍കുട്ടികള്‍ക്ക് സ്ത്രൈണത വരാന്‍ ചാന്‍സുണ്ട് എന്ന ചിന്താഗതി പ്രചരിച്ചിട്ടുണ്ട്.