അനാര്‍ക്കലിയിലെ നേവി ഓഫീസറായി ശ്രദ്ധിക്കപ്പെട്ട താരമാണ് സുദേവ് നായര്‍. പിന്നീട് മിഖായേല്‍ എസ്ര തുടങ്ങിയ ചിത്രത്തിലെ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം മികച്ച ഒരു ഡാന്‍സര്‍ കൂടിയാണ്. വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുദേവ് നായർക്ക് അപകടത്തിൽ പരിക്കേറ്റുവെന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. എന്നാൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ.
താൻ ചെറുപ്പം മുതൽ ബാസ്കറ്റ് ബോൾ ജിംനാസ്റ്റിക്സ് എന്നിവയിലൊക്കെ പങ്കെടുക്കുമായിരുന്നു. നന്നായി വർക്ഔട്ടും ചെയ്യും. അങ്ങനെ വർഷങ്ങൾ കൊണ്ട് ഉണ്ടായിവന്ന ഒരു പ്രശ്നമാണ്. വലത് കാലിലെ കണങ്കാലിനാണ് പ്രശ്നം. അതിന് ലിഗ്മെന്റ് റീകൺസ്ട്രക്ഷൻ സർജറി ചെയ്തിരിക്കുകയാണ്. കണങ്കാൽ ബലപ്പെടുത്താൻ വേണ്ടി ശസ്ത്രക്രിയ ചെയ്തതാണ് . മൂന്നുമാസമാണ് സുഖപ്പെടാനുള്ള കാലാവധി അതിനുശേഷം പഴയത് പോലെയുള്ള പ്രവർത്തനങ്ങളിലേക്ക് മടങ്ങാമെന്നും അദ്ദേഹം പറഞ്ഞു.
ഇടയ്ക്കിടെ കാലിന് ഒരു ചെറിയ പ്രശ്നം തോന്നുന്നുണ്ടായിരുന്നു. ഷൂട്ടിങ്ങിന് ഒരു നീണ്ട ഇടവേള കിട്ടിയതുകൊണ്ടാണ് ഇപ്പോൾ ചികിത്സ ചെയ്തത്. അത് കഴിഞ്ഞാൽ കൂടുതൽ തിരക്കുകളിലേക്ക് പോകും. അപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. ജൂലൈ 30ആം തീയതിയാണ് മുംബൈ ലീലാവതി ആശുപത്രിയിൽ ഓപ്പറേഷൻ ചെയ്തത്. ഫിസിയോതെറാപ്പി ചെയ്ത് കാല് പഴയ മൂവ്മെന്റിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളിൽ പതിയെ നടന്ന് തുടങ്ങാം. ഈ മാസം അവസാനത്തോടെ ഷൂട്ടിങ്ങിലേക്ക് മടങ്ങാൻ കഴിയുമെന്ന് കരുതുന്നു. സുഹൃത്തും നടനുമായ സിജു വിത്സൺ മുംബൈയിൽ എന്നെ കാണാൻ വന്നപ്പോൾ എടുത്ത ചിത്രമാണ് സിജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആ ചിത്രം വെച്ച് തനിക്ക് ആക്സിഡന്റ് പറ്റിയെന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നതായി കണ്ടു. അതാണ് താനിപ്പോൾ തുറന്ന് പറയാൻ കാരണമെന്നും സുദേവ് കൂട്ടിച്ചേർത്തു.