നടന് ജോജു ജോര്‍ജിനെയും 'പണി' എന്ന സിനിമയെയും പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍. മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങള്‍ക്കായി കണ്ണുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് ജോജു എന്ന് ഭദ്രന്‍ പറഞ്ഞു. കരയിലേക്ക് അടിച്ചുകയറിയ തിരമാലയുടെ കുതിപ്പുപോലെ ഒരു ഉദ്വേഗം മുഴുനീളത്തില്‍ സൃഷ്ടിക്കാന്‍ ജോജുവിന് കഴിഞ്ഞു. വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഏത് ഉയരവും കീഴടക്കാനാകുമെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഭദ്രന്‍ പറഞ്ഞു.
'തികച്ചും യാദൃശ്ചികമായി, ഞാന്‍ ഇന്നലെ ജോജു ജോര്‍ജിന്റെ 'പണി' കണ്ടു. ഒരുപക്ഷേ, ഈ സിനിമയെക്കുറിച്ചുള്ള വിവിധ കമന്റുകളാണ് എന്നെ കാണാന്‍ പ്രേരിപ്പിച്ചത്. എന്തായാലും, അതെല്ലാം അതിന്റെ വഴിക്കു പോട്ടെ. ജോസഫും, നായാട്ടും കണ്ടിട്ട് ഞാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു, മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങള്‍ക്കായി കണ്ണുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് നിങ്ങള്‍ എന്ന്. മധുരം സിനിമയില്‍ താങ്കളുടെ പ്രണയാതുര ഭാവങ്ങള്‍ കണ്ടപ്പോള്‍, എനിക്ക് ഒരിക്കല്‍ കൂടി മറ്റൊരു സ്ത്രീയെ പ്രണയിക്കാന്‍ തോന്നാതിരുന്നില്ല. കരിവീട്ടിയുടെ ഉശിരും, സര്‍പ്പത്തിന്റെ കണ്ണിലെ കൂര്‍മതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂര്‍വം നടമാരില്‍ നിങ്ങളും ഉണ്ട്', ഭദ്രന്‍ പറഞ്ഞു.
മികച്ച പ്രതികരണങ്ങള്‍ നേടിയ പണി എന്ന സിനിമ ഇതുവരെ 35 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഇതോടെ ജോജുവിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന സിനിമയായി 'പണി' മാറി.