മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞ് നിൽക്കുന്ന താരമാണ് കുഞ്ചന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലും താരം തിളങ്ങിയിട്ടുണ്ട്. തനിക്ക് കോമഡി മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളും വഴങ്ങുമെന്ന് താരം ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു. പ്രേക്ഷകര്‍ക്ക് താരത്തിന്റെ സീരിയസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കോമഡിയായുള്ള വരവിനോടാണ് കൂടുതല്‍ താല്പര്യം. എന്നാൽ ഇപ്പോൾ നടി മഞ്ജു വാര്യരെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കൊമേഡിയന്മാർ സീരിയസ് വേഷം ചെയ്യുക എന്നത് ഏറെ ശ്രമകരമായ കാര്യമാണെന്ന് കുഞ്ചന്‍ പറയുന്നു. എല്ലാ ഫ്രെയിമിലും ചിരിയുമായി എത്തുന്ന തമാശ നടന്മാർ സീരിയസ് വേഷം ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കണം കാരണം അവരുടെ മൂവ്മെൻറിൽ എന്തെങ്കിലും ഒരു താളപ്പിഴ വന്നാൽ പ്രേക്ഷകർ ചിരിക്കും. കാരണം ആ നടനെ കണ്ട് പ്രേക്ഷകർക്ക് എപ്പോഴും ചിരിച്ചാണ് ശീലം.
ലേലം', ‘പത്രം' പോലെയുള്ള സിനിമകളിൽ ഞാനും സീരിയസ് വേഷം ചെയ്തിട്ടുണ്ട്. പക്ഷേ എന്നെ എല്ലായ്പ്പോഴും ആളുകൾ ഓർത്തിരിക്കുന്നത് ‘ഏയ് ഓട്ടോ' എന്ന സിനിമയിലെ രമണൻ്റെ വേഷമാണ്. ഇപ്പോഴത്തെ ജനറേഷനിലെ കുട്ടികൾ പോലും എന്നെ കാണുമ്പോൾ ‘ഏയ് മുണ്ടാ' എന്ന് വിളിച്ചിട്ട് പോകുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറയുന്നു.
മറ്റു ചിലരുണ്ട് നമ്മളെ അറിയാമെങ്കിലും അറിയാത്ത ഭാവം കാണിക്കും. ആറാം തമ്പുരാൻ്റെ സെറ്റിൽ ഞാനും മഞ്ജു വാര്യരും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ രണ്ടു പിള്ളേർ വന്നു ചോദിച്ചു. "മഞ്ജു വാര്യരെ മനസ്സിലായി ചേട്ടനാരാ ?" ഞാൻ പറഞ്ഞു മഞ്ജു വാര്യരുടെ ബ്രദർ കുഞ്ചു വാര്യർ. അപ്പോൾ അവർ പറഞ്ഞു ചേട്ടൻ കുഞ്ചനല്ലേ? അങ്ങനെയും ചില ആളുകളുണ്ടെന്നും കുഞ്ചന്‍ പറയുന്നു.