നായകനായും വില്ലനായും കോമഡി റോളുകളിലുമെല്ലാം തന്നെ ആരാധകർക്ക് ഏറെ സുപരിചിതനായ താരമാണ് ബാബുരാജ്. താരത്തെ ആരാധകർ ഏറെ അടുത്തറിഞ്ഞത് ഹാസ്യ റോളുകളിലൂടെയാണ്. പ്രേക്ഷകർക്ക് ഇടയിൽ താരത്തിന്റെ സോള്‍ഡ് ആന്‍ഡ് പെപ്പര്‍, ഡാഡി കൂള്‍, ഹണീബീ പോലുളള സിനിമകളിലെ പ്രകടനം ശ്രദ്ധ നേടിയവയായിരുന്നു. എന്നാൽ ഇപ്പോൾ അമ്മ താരസംഘടനയിലെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം കൂടിയായ താരം ഒരുകാലത്ത് അമ്മ സംഘടനയെ ആരും അംഗീകരിച്ചിരുന്നില്ലെന്ന് പറയുകയാണ് ബാബുരാജ്. ഒരു എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ വെളിപ്പെടുത്തിയത്.
ഒരിക്കല്‍ മുകേഷ് ഏട്ടന്‍ പ്രസംഗിച്ചപ്പോള്‍ തനിക്ക് വിഷമം തോന്നിയ കാര്യവും ബാബുരാജ് പറഞ്ഞു. 'അമ്മയ്ക്ക് ഇപ്പോള്‍ സ്വന്തമായി ഒരു കെട്ടിട്ടം ഉണ്ടായിരിക്കുന്നു, നമ്മളൊക്കെ എന്ത് അഭിമാനത്തോടെ നോക്കി കാണുന്ന കാര്യമാണത്. ഒരു വീട് പോലെ കയറി ചെയ്യാന്‍ കഴിയുന്ന ഒരിടം ഉണ്ടായതില്‍ അത്ര സന്തോഷമാണ്. ഒരിക്കല്‍ മുകേഷ് ഏട്ടന്‍ പ്രസംഗിച്ചപ്പോള്‍ എനിക്ക് വിഷമം തോന്നിയ ഒരു കാര്യമുണ്ട്'.
'അമ്മയില്‍ നിന്ന് ഒരു ലെറ്റര്‍ പാഡ് കൊടുത്തുവിട്ടാല്‍ ചില അസോസിയേഷന്‍ അത് കീറി കളയുന്ന ഒരു പരിപാടിയുണ്ട്. ലെറ്റര്‍ പാഡില്‍ നിന്ന് അമ്മ എന്ന് എഴുതിരിക്കുന്നത് മാത്രം കീറി കളയുന്ന അവസ്ഥയെ കുറിച്ചാണ് അന്ന് മുകേഷേട്ടന്‍ പറഞ്ഞത്. ഒരു സമയത്തും ആരും അംഗീകരിക്കാതിരുന്ന സംഘടനയായിരുന്നു അമ്മ'.
ഇപ്പോള്‍ അതില്‍ നിന്നൊക്കെ കാര്യങ്ങള്‍ ഏറെ മാറിയെന്നും നടന്‍ പറഞ്ഞു. 'ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന അമ്മയില്‍ നിന്ന് സഹായം കിട്ടുന്നവര്‍ പോലും അതിനെ കുറിച്ച് പറയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം', അഭിമുഖത്തില്‍ ബാബുരാജ് വ്യക്തമാക്കി. ഫെബ്രുവരിയിലാണ് അമ്മ സംഘടനയുടെ കൊച്ചി ഓഫീസിന്‌റെ ഉദ്ഘാടനം നടന്നത്. താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളും ഉള്‍പ്പെടെയുളളവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.