റേസിങ്ങിനോട് വളരെ അധികം ഇഷ്ടമുള്ള താരമാണ് അജിത് കുമാര്‍. സിനിമയില്‍ ഷൂട്ട് ചെയ്യുന്ന റേസിങ് രംഗങ്ങള്‍ ഡ്യൂപ് ഇല്ലാതെയാണ് അജിത് ചെയ്യാര്‍. ഈ കഴിഞ്ഞ ഇടയ്ക്ക് കാര്‍ റേസിങ് ചാംപ്യന്‍ഷിപ്പുകളില്‍ മത്സരിക്കാന്‍ സ്വന്തമായി റേസിങ് ടീമിനെ നടന്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പുതിയ റേസിങ് കാറിന്റെ ചിത്രങ്ങള്‍ അജിത് സോഷ്യല്‍ മീഡയയില്‍ പങ്കുവച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അജിത് കാറിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും ട്രാക്കില്‍ ഓടിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.
സ്‌പെയിനിലെ സര്‍ക്യൂട്ട് ഡി ബാഴ്‌സലോണ-കാറ്റലൂനിയയില്‍ അജിത് തന്റെ റേസിങ് കാറായ ഫെരാരി 488 ഇവിഒയ്ക്കടുത്ത് നില്‍ക്കുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്. വെള്ളയും ചുവപ്പും മഞ്ഞയും നിറത്തില്‍ അജിത് കുമാര്‍ റേസിങ് എന്നെഴുതിയ കാറിനടുത്ത് റേസിങ് സ്യൂട്ടിലാണ് നടനെ കാണുന്നത്.
ബല്‍ജിയന്‍ റേസര്‍ ഫാബിയന്‍ ഡുഫിയ ആയിരിക്കും ടീമിന്റെ ഔദ്യോഗിക ഡ്രൈവറെന്നും അജിത് മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും നടന്റെ മാനേജര്‍ സുരേഷ് ചന്ദ്ര അറിയിച്ചിരുന്നു. പോര്‍ഷെ 992 ജിടി3 കപ്പിനുവേണ്ടിയുള്ള യൂറോപ്യന്‍ സീരിസായ 24 എച്ച് സീരീസിലായിരിക്കും ടീം ആദ്യം പങ്കെടുക്കുക. അജിത്, നേരത്തെ വിവിധ രാജ്യാന്തര ചാംപ്യന്‍ഷിപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. കാര്‍ റേസിങ്ങിനു പുറമേ ദേശീയ മോട്ടര്‍ സൈക്കിള്‍ റേസിങ് മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.