'ഉയരെ' സിനിമയുടെ വിജയകരമായ നൂറ് ദിവസം അണിയറ പ്രവര്‍ത്തകരും താരങ്ങളും ചേര്‍ന്ന് ആഘോഷിച്ചു. ശനിയാഴ്ച രാവില്‍ കൊച്ചി ഐ.എം.എ. ഹാളില്‍ നടന്നത് കണ്ടവരെല്ലാം ഹൃദയത്തോട് ചേര്‍ത്തുവെച്ച സിനിമയുടെ നൂറുദിവസത്തിന്റെ ആഘോഷക്കാഴ്ചകളായിരുന്നു
മലയാള സിനിമയിലെ മികച്ച സൃഷ്ടികളിലൊന്നായി ഉയരെ മാറിയതിന്റെ ആഹ്ലാദം പങ്കുവെച്ച് ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഒത്തുകൂടിയതോടെ ചടങ്ങ് കാണികള്‍ക്ക് അവിസ്മരണീയ അനുഭവമായി.അഭിനന്ദനങ്ങളുടെയും ആശംസകളുടെയും മഴയില്‍ നനഞ്ഞ് പല്ലവി രവീന്ദ്രനായ പാര്‍വതി തിരുവോത്തും ഗോവിന്ദ് ബാലകൃഷ്ണനായ ആസിഫ് അലിയും കൈകൂപ്പിനിന്നു.
എല്ലാവരുടെയും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു കഥയും കഥാപാത്രങ്ങളുമായി 'ഉയരെ' എന്ന സിനിമ 'എസ് ക്യൂബ്' എന്ന ബാനറില്‍ തന്റെ മക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ക്ക് നിര്‍മ്മിക്കാനായതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഉടമ പി.വി. ഗംഗാധരന്‍ പറഞ്ഞു.
പല്ലവി കൃത്യസമയത്ത് വന്നുചേര്‍ന്ന കഥാപാത്രമാണെന്ന് പാര്‍വതി പറഞ്ഞു. നഷ്ടപ്പെട്ടെന്നു കരുതിയ തന്റെ കരുത്ത് പല്ലവിയിലൂടെ വീണ്ടുകിട്ടിയെന്നും പാര്‍വതി പറഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരുപാട് ധൈര്യം സമ്മാനിച്ച ചിത്രമായിരുന്നു 'ഉയരെ' എന്ന് ആസിഫ് അലി പറഞ്ഞു. പെണ്‍മക്കളുടെ ആഗ്രഹങ്ങള്‍ക്കും വീഴ്ചകള്‍ക്കുമൊപ്പം നില്‍ക്കുന്നവരാകണം അച്ഛനെന്ന സന്ദേശം ജീവിതത്തിലേക്ക് ആഴത്തില്‍ തന്നതാണ് ഈ ചിത്രമെന്ന് നടന്‍ സിദ്ദിഖ് പറഞ്ഞു.
ചിത്രത്തിന്റെ സംവിധായകന്‍ മനു അശോകന്‍, തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ്, ചിത്രത്തിലെ അഭിനേതാക്കളായ പ്രതാപ് പോത്തന്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി, നാസര്‍ ലത്തീഫ്, സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദുബായിയിലായിരുന്ന നടന്‍ ടോവിനോ തോമസിന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. ചിത്രത്തിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമുള്ള ഉപഹാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.