ഇതാണ് വൈറലായ റോസചേട്ടത്തി..! 86 വയസിലും ഈ അമ്മൂമ്മ പാടുന്ന കേട്ടാല്‍ അമ്പരന്നു പോകും

Malayalilife
ഇതാണ് വൈറലായ റോസചേട്ടത്തി..! 86 വയസിലും ഈ അമ്മൂമ്മ പാടുന്ന കേട്ടാല്‍ അമ്പരന്നു പോകും

ദിവസങ്ങളായി സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്നത് റോസ ചേട്ടത്തിയുടെ പാട്ടാണ്. പല്ലില്ലാത്ത മോണകാട്ടിയുള്ള നിഷ്‌കളങ്കമായ ചിരിയും മികച്ച ഒഴുക്കോടെയുള്ള പാട്ടും വേദികളിലും തിളങ്ങിയപ്പോള്‍ ചേടത്തിയെ തേടി എങ്ങുനിന്നും അഭിനന്ദനപ്രവാഹം. ഇനിയും ഒരുപാട് വേദികളില്‍ പാടണമെന്ന് ആഗ്രഹിക്കുന്ന റോസചേട്ടത്തിയുടെ വിശേഷങ്ങള്‍ അറിയാം..

86ന്റെ നിറവിലും പൊതുവേദികളില്‍ തനിമ ഒട്ടും ചോരാതെ സിനിമനാടക ഗാനങ്ങളും ക്രിസ്തീയ ഭതക്തി ഗാനങ്ങളും പാടുകയാണ് റോസചേട്ടത്തി. മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ റോസക്കുട്ടി ചേടത്തി പാട്ടിന്റെ വഴിയില്‍ നാട്ടിലെ മിന്നും താരമായി മാറിക്കഴിഞ്ഞു. പറഞ്ഞറിയിക്കാനാവാത്തതിനപ്പുറമാണ് പാട്ടുപാടുമ്പോഴുണ്ടാവുന്ന സന്തോഷവും ആശ്വാസവുമെന്നും ചേട്ടത്തി പറയുന്നു.

കദളിവാഴ കയ്യിലിരുന്ന് ...കാക്കയിന്ന് വിരുന്നുവിളിച്ചാല്‍ എന്നു തുടങ്ങുന്ന സിനിമ ഗാനവും എല്ലാവരും ചെല്ലണ്..എന്ന നാടക ഗാനവുമാണ് ചേച്ചിക്ക് ഏറെ ഇഷ്ടം. ഇതില്‍ തന്നെ കദളിവാഴക്കയ്യിലിരുന്ന് എന്ന പാട്ടാണ് ചേടത്തിയുടെ മാസ്റ്റര്‍ പീസ്. വാഴക്കുളത്തെ വ്യാപാരി വ്യവസായി അസ്സോസീയേഷന്റെ വാര്‍ഷിക യോഗങ്ങളിലെ സ്ഥിരം താരമാണ് റോസമ്മ ചേടത്തി. പുഞ്ചിരിക്കും പാട്ടിനും സമ്മാനവും വാങ്ങിയ ശേഷമേ ചേടത്തി വേദി വിടാറുള്ളു. 

വാച്ച് റിപ്പയര്‍ ആയിരുന്ന ചേടത്തിയുടെ ഭര്‍ത്താവ് ചാക്കോച്ചന്‍ 21 വര്‍ഷം മുമ്പ് മരണടഞ്ഞിരുന്നു. 6 മക്കളുള്ളതില്‍ മൂത്തമകള്‍ മാത്രമാണ് വീടിനടുത്ത് താമസിക്കുന്നത്. രാത്രി മിക്കവാറും മകളോടൊപ്പമാണ് ചേടത്തിയുടെ താമസം. നേരം പുലരുമ്പോള്‍ വാഴക്കുളത്തെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങും. പിന്നെ പ്രാര്‍ത്ഥനയും പാട്ടും മറ്റുമായി സമയം ചെലവിടും.രാവിലെ തൊട്ടടുത്ത പള്ളിയിലെ മാതാവിന്റെ തിരുസ്വരുപം കണ്ട്, പ്രാര്‍ത്ഥനഗാനം ആലപിച്ചാണ് ദിവസം ആരംഭിക്കുക. വെറുതെ ഇരിക്കുന്ന അവസരങ്ങളില്‍ സിഡി പ്ലയറില്‍ പാട്ടുവയ്ക്കുകയും ഒപ്പം പാടുകയുമാണ് ചേടത്തിയുടെ വിനോദം.

പാട്ടുപാടി വേദി വിടാനൊരുങ്ങുമ്പോള്‍ സദസ്സില്‍ പ്രായഭേതമന്യേ ആളുകളെത്തി അഭിനന്ദിക്കാറുണ്ടെന്നും ഇത് മനസ്സിന് വലിയ സന്തോഷമാണ് നല്‍കുന്നതെന്നും പറ്റാവുന്നിടത്തോളം കാലം പരമാവധി വേദികളില്‍ പാടണമെന്നുമാണ് ആഗ്രഹമെന്നും ചേടത്തി അറിയിച്ചു. വാഴക്കുളത്തെ ഈണം ഓര്‍ക്കസ്ട്രയുടെ നടത്തിപ്പുകാരനായ ജോസ് ഈണം ആണ് പാട്ടുകള്‍ തിരഞ്ഞെടുക്കുന്നതിനും ആലാപന രീതി ചിട്ടപ്പെടുത്തുന്നതിനും ചേടത്തിക്ക് ആവശ്യമായ പരിശീലനം നല്‍കുന്നത്.

ചെറുപ്പത്തില്‍ പാട്ടു പഠിക്കാനാവാത്തതിന്റെ വിഷമം മനസ്സിലുണ്ടായിരുന്നു. ഇപ്പോള്‍ പാട്ടുപാടാന്‍ വേദികള്‍ ലഭിക്കുകയും ആസ്വാദകര്‍ അഭിനന്ദിക്കുകയുംമൊക്ക ചെയ്യുമ്പോള്‍ ആ വിഷമം ഇല്ലാണ്ടായി. ഇനിയുള്ള കാലം കൂടി ഇങ്ങിനെ പാട്ടുപാടി കഴിയണം, അതിന് ഈശ്വാരാനുഗ്രഹം ഉണ്ടാവണം. പറഞ്ഞു നിര്‍ത്തുമ്പോള്‍ ചുളിവ് വീണ ആ മുഖത്ത് മുറ്റി നിന്നത് പ്രത്യാശയുടെ തിളക്കം. 

 പാട്ട് ഒരുപാട് ഇഷ്ടമാണ്. ഇനിയും ഒരുപാട് വേദികളില്‍ പാടണമെന്നാണ് ചേട്ടത്തിയുടെ മോഹം. പഴയകാല സിനമ നാടക ഗാനങ്ങളോടാണ് ഇഷ്ടം. ഓരോ പാട്ടു കേള്‍ക്കുമ്പോഴും പാടിയ ഗായകരെ കാണണമെന്ന് തോന്നാറുണ്ട്. യേശുദാസിനെയും ജയചന്ദ്രനെയും പി.സുശീലയെയും എസ്. ജാനകിയെയുമെല്ലാം നേരില്‍ കാണണമെന്ന് ഒരുപാട് തവണ ആഗ്രഹിച്ചിട്ടുണ്ട്. അവസരം ലഭിച്ചാല്‍ അവരുടെ മുമ്പിലും പാടുമെന്നും ചേട്ടത്തി പറയുന്നു.

 

Read more topics: # songs by,# Rosa Chettathi goes viral
songs by Rosa Chettathi goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES