നടന്‍ ഷെയ്ന്‍ നിഗത്തെ മലയാള സിനിമയില്‍ സഹകരിപ്പിക്കില്ലെന്ന നിര്‍മ്മാതാക്കളുടെ തീരുമാനം മലയാളസിനിമയെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ കേരളം വിട്ട നടന്‍ അജ്മീര്‍ ഡല്‍ഹി യാത്രകളിലായിരുന്നു. അതിനാല്‍ തന്നെ ഷെയന്റെ ഭാവി എന്ത് എന്ന ചോദ്യമാണ് ഉയര്‍ന്നുകേട്ടത്. വിഷയത്തില്‍ അമ്മ ഇടപെടുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയെങ്കിലും നടന്‍ നാട്ടില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ചകളും നടന്നില്ല. എന്നാലിപ്പോള്‍ യാത്രകള്‍ അവസാനിപ്പിച്ച് ഷെയ്ന്‍ നാട്ടിലെത്തിയിരിക്കയാണ്. ഇപ്പോള്‍ നിര്‍മ്മാതാക്കളും നടനുമായുള്ള മഞ്ഞുരുകുന്നു എന്ന സൂചനകള്‍ കൂടി എത്തുകയാണ്.
യാത്രകള്‍ക്കൊടുവില്‍ തിരിച്ചെത്തിയ ഷെയ്‌നും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും അമ്മ ഭാരവാഹിയും നടനുമായ സിദ്ദീഖിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണു തര്‍ക്ക പരിഹാരത്തിന്റെ സൂചന നല്‍കി ഇരുവരും രംഗത്തു വന്നത്.
പാതിവഴിയില്‍ മുടങ്ങിപ്പോയ 'വെയില്‍', 'കുര്‍ബാനി' എന്നീ സിനിമകള്‍ പൂര്‍ത്തീകരിക്കാമെന്ന് ഷെയ്ന്‍ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരിച്ചു. പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു. ഷൂട്ടിങ് പൂര്‍ത്തിയായ 'ഉല്ലാസം' എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കാമെന്നു ഷെയ്ന്‍ സമ്മതിച്ചിട്ടുണ്ടെന്നും കൂടുതല്‍ സമയം അഭിനയിക്കണമെന്നു സംവിധായകന്‍ നിര്‍ബന്ധിച്ചതാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു ഷെയ്ന്‍ പറഞ്ഞതായും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു. 15 ദിവസം എന്നു ചര്‍ച്ചയില്‍ സമ്മതിച്ച ശേഷം 24 ദിവസം വേണമെന്നു സംവിധായകന്‍ ആവശ്യപ്പെട്ടെന്നാണു ഷെയ്‌നിന്റെ വാദം.
ഇടവേള ബാബുവുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു എന്ന് ഷെയ്ന്‍ നിഗം പറഞ്ഞു. മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തീകരിക്കണമെന്നാണ് ആഗ്രഹം. ഒരു പാടു പേരുടെ ഒരുപാടു നാളത്തെ അധ്വാനമാണ് ഓരോ സിനിമയും. നിലവിലെ പ്രശ്‌നത്തിലെത്തിയതു വൃത്തിയായി ചെയ്യാനുള്ള സാഹചര്യം ഇല്ലാത്തതിനാലാണ്. കല നന്നായി ചെയ്യേണ്ടതാണ്. ചര്‍ച്ചയിലും ജീവിതത്തിലും ശുഭപ്രതീക്ഷയാണുള്ളതെന്നും ഷെയ്ന്‍ പറയുന്നു.
ഷെയ്ന്‍ പറഞ്ഞതില്‍ കുറച്ചു കാര്യങ്ങള്‍ പരിഗണനാര്‍ഹമാണെന്നു കരുതുന്നതായും ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും ഇടവേള ബാബു പറഞ്ഞു. സംവിധായകരുടെ ഭാഗത്തു നിന്നാണു വ്യക്തത ഉണ്ടാകേണ്ടത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനുമായി ഇക്കാര്യം സംസാരിച്ചു. അദ്ദേഹം ഇപ്പോള്‍ സ്ഥലത്തില്ല. അടുത്ത ദിവസം എത്തും. അതിനു ശേഷം നേരിട്ടു കാണും. തുടര്‍ന്നു നിര്‍മാതാക്കളുടെ സംഘടനയുമായും ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ അമ്മയുടെ പ്രത്യേക യോഗവും ചേരും. അമ്മ പ്രസിഡന്റ് മോഹന്‍ലാലുമായി ഇക്കാര്യം സംസാരിച്ചുവെന്നും ഇടവേള ബാബു പറഞ്ഞു.
വെയില്‍ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ പ്രശ്‌നങ്ങളില്‍ പ്രതിഷേധിച്ച് മുടിവെട്ടി ഷെയ്ന്‍ മേക്കോവര്‍ നടത്തിയിരുന്നു. ഇതോടെയാണ് സിനിമകളുടെ ചിത്രീകരണം പാതിവഴിയില്‍ നിലച്ചതിനെ തുടര്‍ന്നു ഷെയ്‌നിനെ മലയാള സിനിമയില്‍ സഹകരിപ്പിക്കേണ്ടതില്ലെന്ന് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ ചിത്രങ്ങള്‍ക്കു ചെലവായ 7 കോടിയോളം രൂപ നടനില്‍ നിന്ന് ഈടാക്കാനും നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നു.