സോഷ്യല്‍ മീഡിയയില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ചര്‍ച്ചകള്‍ സജീവമായി മുന്നേറുകയാണ്. നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും ഗംഭീര പ്രകടനം കാഴ്ച വെച്ച ചിത്രത്തിന് കയ്യടികളും വിമര്‍ശനങ്ങളുമൊക്കെ ദിനംപ്രതി ഏറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഉയരുന്ന വ്യാപക പ്രതിഷേധ സ്വരങ്ങളെല്ലാം ആക്ഷേപഹാസ്യ രൂപത്തില്‍ ഒരു ആര്‍ജെ കുറിച്ച ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആര്‍ജെ സലിം എഴുതിയിരിക്കുന്ന കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്.
'വളരെ വൈകിയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കാണാന്‍ സാധിച്ചത്. വീട്ടുകാര്യങ്ങളിലും പിള്ളേരുടെ കാര്യങ്ങളും ചേട്ടന്റെ കാര്യങ്ങളും പിന്നെ ഷൂട്ടുമൊക്കെയായി നല്ല തിരക്കിലായിരുന്നു. പക്ഷെ കണ്ട ശേഷം ചിലത് പറയാതെ പോകാനാവുന്നില്ല. അത്രയ്ക്ക് ഉള്ളു നീറുന്നുണ്ട്.ഓരോ പെണ്ണും ആഗ്രഹിക്കുന്നത് തന്നെ ഭരിക്കുന്ന, തന്റെ ഇഹ-പര ലോകങ്ങളുടെയും ഈശ്വരനായ ഒരു പുരുഷന്‍ ഭര്‍ത്താവായി വരണമെന്നാണ്. അദ്ദേഹത്തിന് ദാസ്യപ്പെടാന്‍, അദ്ദേഹത്തിന്റെ പാദങ്ങള്‍ ചുംബിക്കാന്‍, അദ്ദേഹത്തിന്റെ വംശ പരമ്പരകള്‍ മുന്നോട്ടു നയിക്കാന്‍ അവള്‍ കൊതിക്കുന്നു.'
'പക്ഷെ പുതിയ തലമുറ എത്രത്തോളം വഴിതെറ്റിപ്പോയി എന്ന് നിമിഷയുടെ കഥാപാത്രം കാണിച്ചു തരുന്നു. അവള്‍ക്ക് ചമ്മന്തി, കല്ലില്‍ അരയ്ക്കാന്‍ മടിയാണത്രെ. തുണി, കൈകൊണ്ട് അലക്കാന്‍ ബുദ്ധിമുട്ടാണ് പോലും. ഇവളെയൊക്കെ വളര്‍ത്തിയ വീട്ടുകാരെ പറഞ്ഞാല്‍ മതിയല്ലോ. ഇവളുമാരെയൊക്കെ എന്റടുത്തോട്ടേയ്ക്ക് വിടണം. ഞാന്‍ പഠിപ്പിച്ചു കൊടുക്കാം ഒരു ഭാര്യയുടെ കടമ എന്താണെന്ന്. ഭര്‍ത്താവിന്റെ എച്ചിലെടുക്കുന്നതിനേക്കാള്‍ പുണ്യം ഈ ലോകത്തിലെന്താണ് കുട്ടി ? അദ്ദേഹത്തിന്റെ ഷഡ്ഢി കഴുകുന്നതില്‍പ്പരം ആനന്ദം വേറെയുണ്ടോ മോളെ ഈ ലോകത്തു?'
'അദ്ദേഹത്തിന്റെ അച്ഛന്റെ മുഷിഞ്ഞ തുണികള്‍ മെല്ലെ മെല്ലെ കഴുകുന്നതിലും വലിയ സദ് പ്രവര്‍ത്തി എന്താണ് വേറെ? അതിന്റെയൊന്നും മാഹാത്മ്യം കാണാതെ അവളിരുന്നു പരാതി പറയുന്നു ! നാണമില്ലേ നിനക്ക് ? പൊട്ടിയ സിങ്കിന്റെ പേരും പറഞ്ഞു നീയെത്ര തവണയാണ് സുരാജിന്റെ കഥാപാത്രത്തെ ബുദ്ധിമുട്ടിച്ചത്. അത് ഓരോ തവണ കാണുമ്പോഴും എനിക്ക് പെരുവിരലില്‍ നിന്ന് ദേഷ്യം ഇരച്ചു കേറുന്നുണ്ടായിരുന്നു.'
'നീയാരാണെന്നാണ് നിന്റെ വിചാരം? മഹാറാണിയോ ? ഒരുമ്പെട്ടോള്! ജോലി കഴിഞ്ഞു ക്ഷീണിച്ചെത്തിയ സ്വന്തം ഭര്‍ത്താവിന്റെ കാലുകള്‍ മസാജ് ചെയ്തു കൊടുക്കാതെ, അദ്ദേഹത്തിനൊരു സര്‍ബത്തു പോലും ഉണ്ടാക്കി കൊടുക്കാതെ അവളുടെ ഒരു പരാതി പറച്ചില്‍ നിന്റെ വീട്ടുകാരെ പറഞ്ഞാല്‍ മതിയല്ലോ ! സിങ്ക് പൊട്ടുന്നതിലെന്താണ് ഇത്ര ആനക്കാര്യം? ദിവസം നാല് ചാക്ക് മാറ്റിയിടുന്നതിലെന്താണ് നിനക്കിത്ര ബുദ്ധിമുട്ട് ? അടുക്കളയില്‍ എച്ചില്‍ വെള്ളം വീഴുന്നുണ്ടേല്‍ അത് വൃത്തിയാക്കിയാല്‍ പോരെ...'
'അവളൊരു പരിഷ്‌കാരി വന്നേക്കുന്നു. ഞാനൊക്കെ അടുക്കള ഇടിഞ്ഞു വീണാല്‍പ്പോലും വീട്ടിലെ പുരുഷന്മാരെ അറിയിക്കാറില്ല. അങ്ങനെ വേണം പെണ്ണുങ്ങളായാല്‍.അല്ല നീയാരെന്നാണ് നിന്റെ വിചാരം ? നിന്നെയും കൊണ്ട് വലിയ റെസ്റ്റോറന്റില്‍ കഴിക്കാന്‍ പോയ നേരത്തു പോലും നീ നിന്റെ സ്വന്തം ഭര്‍ത്താവിനെ അപമാനിച്ചു. മാനേഴ്സ് പോലും. ഞാന്‍ അപ്പോളവിടെ ഉണ്ടായിരുന്നെങ്കില്‍ അടിച്ചു നിന്റെ പല്ലു കൊഴിച്ചേനെ. സുരാജ് ആയതുകൊണ്ട് ക്ഷമിച്ചു. നിനക്കാ വലിയ മനസ്സ് കാണാന്‍ പറ്റിയില്ലല്ലോ.'
'നിന്നെ ഒരുത്തിയെ കാരണമാണ് ഭര്‍ത്താവിന്റെ അച്ഛന് സ്വന്തം ചെരിപ്പ് കൈകൊണ്ടു തൊടേണ്ടി വന്നത്. അദ്ദേഹത്തിനോട് നീ മാപ്പ് പോലും പറഞ്ഞില്ല. നീ ആര്‍ത്തവ സമയത്തു ആരുടേയും കണ്മുന്നില്‍ പെടാതെ ഇരുട്ടുമുറിയില്‍ കേറി അടച്ചിരിക്കാതെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി, അടി വസ്ത്രങ്ങള്‍ മറ്റുള്ളവര്‍ കാണുന്ന വിധത്തില്‍ അലക്കിയിട്ടു, ആ മുറ്റത്തെ തുളസിയെ വരെ നീ അശുദ്ധപ്പെടുത്തി. പെണ്ണ് അശുദ്ധയാണെന്നു നിന്നെയാരും പഠിപ്പിച്ചിട്ടില്ലെടി എരണം കെട്ടവളേ?'
'നിന്നെ കെട്ടിയ സുരാജിനെ പറഞ്ഞാല്‍ മതിയല്ലോ. നിന്റെയൊക്കെ തലയില്‍ എത്ര നെയ്ത്തേങ്ങ എറിഞ്ഞാലാണ് നിനക്കൊക്കെ മോക്ഷം ലഭിക്കുക. പിന്നെന്തായിരുന്നു നിനക്കു വേണ്ടത്... ആ ഫോര്‍പ്ളേ അഹങ്കാരി ഭര്‍ത്താവിനോട് ചോദിയ്ക്കാന്‍ പറ്റിയ കാര്യമാണോടി അത് ? അദ്ദേഹത്തിന്റെ മനസ്സെത്ര വേദനിച്ചു കാണും. നിന്നെയൊക്കെ കണ്ടാല്‍ അദ്ദേഹത്തിന് വല്ലതും തോന്നണ്ടേ... അതില്‍ അദ്ദേഹം പറഞ്ഞതിലെന്താണ് തെറ്റ്. ഓ അവളുടെ ഒരു മുതലക്കണ്ണീര്. ഇച്ചിരി തൊലി വെളുപ്പെങ്കിലുമുണ്ടോ നിനക്ക് ഇതൊക്കെ പറയാന്‍?'
'നീ ഇറങ്ങിപ്പോയതോടെ ആ വീട്ടില്‍ ലക്ഷ്മിയാണ് തിരികെ വന്നത്. എന്ത് ഐശ്വര്യമാണ് അവസാനം ആ വീട് കാണിക്കുമ്പോള്‍. നിന്നെപ്പോലൊരു മൂദേവിയെ അത്ര നാളും സഹിച്ച അവരെപ്പറഞ്ഞാല്‍ മതിയല്ലോ. ആട്ടക്കാരിയായ നീ ഒടുവില്‍ അങ്ങനെ തന്നെയായി മാറിയെന്നും സംവിധായകന്‍ കാണിച്ചു തരുന്നുണ്ട്. ഭര്‍ത്താവിനെ അനുസരിക്കാത്ത, ഭര്‍ത്താവിന്റെ അച്ഛനെക്കൊണ്ടു ചെരുപ്പ് ചുമപ്പിച്ച, അവരുടെ മേല്‍ അഴുക്കുവെള്ളം ഒഴിച്ച നിന്നെപ്പോലൊരു ആട്ടക്കാരിക്ക് അങ്ങനെ തന്നെ പതനം സംഭവിക്കും എന്ന് കണ്ടപ്പോഴാണ് എന്റെ നീറ്റല്‍ ഒന്നടങ്ങിയത്.'
'പുരുഷനെ ബഹുമാനിക്കാത്ത സ്ത്രീകളുടെ വിധി എന്താണെന്നാണ് പുതിയ തലമുറ കാണട്ടെ ! നിന്നെപ്പോലുള്ള പുരോഗമനം തലയ്ക്ക് പിടിച്ച ശവങ്ങള്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ. സ്ത്രീ എത്ര വലുതായാലും ആണിന്റെയൊപ്പം വരില്ലടി മൂദേവി. പുരുഷന്റെ എച്ചില്‍ നക്കാനുള്ള യോഗ്യത പോലും നിനക്കില്ലാതെ പോയതില്‍ നിന്നോട് പുച്ഛം മാത്രം. ഇനിയെങ്കിലും നീ പുരുഷനെ ബഹുമാനിക്കാന്‍ പഠിക്ക്. ഇപ്പോഴും സമയമുണ്ട്. സ്വന്തം ചേച്ചി പറഞ്ഞു തരുകയാണെന്നു കരുതിയാല്‍ മതി. എന്ന് സസ്നേഹം ആനി ചേച്ചി'
ഇതിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'അവസാനം വായിക്കുന്നത് വരെ നിങ്ങളുടെ പിരി ലൂസ് ആയെന്നാണ് ഞാന്‍ കരുതിയെ' എന്നാണ് നിരവധി കമന്റുകളിലൊന്ന്. 'ഹാവൂ .., ആണുങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനും ആളുണ്ടായല്ലോ, സമാധാനമായി ... അതുകൊണ്ട് ഇപ്പൊ തന്നെ ലോകം അവസാനിക്കില്ല ആനി ചേച്ചി ഉയിര്‍ ...', 'ഈ എഴുത്തു കണ്ടാല്‍ ആനി ആകെ കണ്‍ഫ്യൂഷനിലാവും, ഇതിലെന്താ തെറ്റെന്നാവും ആദ്യം ചിന്തിക്കുക. കാരണം, ഒരു പരമ്പരാഗത അടുക്കള ചട്ടക്കൂടിനപ്പുറം ജീവിതത്തെ പറ്റി ചിന്തിക്കുകയോ, വായിക്കുകയോ, അറിയുകയോ ചെയ്തിട്ടില്ലാത്ത, ചില 'അമ്പലവാസി' ജന്മങ്ങളുടെ പരിച്ഛേദമാണ് ആനിയും മറ്റും. ഈ സിനിമ ചര്‍ച്ച ചെയ്യുന്ന ചിന്താ തലങ്ങള്‍ അവര്‍ക്കൊക്കെ തികച്ചും അപരിചിതമോ, അപ്രാപ്യമോ ആണെന്നതാ സത്യം. സഹതാപിക്കാനെ കഴിയൂ.. ' എന്നാണ് ശ്രദ്ധ നേടുന്ന ചില കമന്റുകള്‍.