Latest News

പത്താം ക്ലാസ്സില്‍ വെച്ചാണ് പുകവലിയുടെ നല്ലോര്‍മ്മകള്‍ തുടങ്ങുന്നത്; മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും എല്ലാം സിഗററ്റ് വലിക്കുന്ന രീതി അനുകരിക്കാൻ ആരംഭിച്ചു; വെളിപ്പെടുത്തലുമായി സംവിധായകൻ എം നിഷാദ്

Malayalilife
 പത്താം ക്ലാസ്സില്‍ വെച്ചാണ് പുകവലിയുടെ നല്ലോര്‍മ്മകള്‍ തുടങ്ങുന്നത്;  മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും എല്ലാം   സിഗററ്റ് വലിക്കുന്ന രീതി അനുകരിക്കാൻ ആരംഭിച്ചു;  വെളിപ്പെടുത്തലുമായി സംവിധായകൻ എം നിഷാദ്

നിരവധി ശ്രദ്ധേയമായ സിനിമകൾ സംവിധാനം നിർവഹിച്ച ആളാണ് സംവിധായകന്‍ എംഎ നിഷാദ്.രസകരമായ പോസ്റ്റുകളാണ് അദ്ദേഹം സിനിമകളെ കുറിച്ചും സഹതാരങ്ങളെ കുറിച്ചുമൊക്കെ പങ്കുവയ്ക്കുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹം  ലോക പുകവലി ദിനമായ ഇന്ന് തന്റെ പുകവലി ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, തുടങ്ങി സുകുമാരന്റെ വരെ സിഗററ്റ് വലിക്കുന്ന ശൈലി താന്‍ അനുകരിച്ചതിനെ കുറിച്ച്  ഫേസ്ബുക്കിലൂടെ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് വ്യക്തമാകുന്നത്. 

സിഗററ്റ്... ഒരു കാലത്ത് എന്റ്‌റെ ഉറ്റ തോഴനായിരുന്നു. ചുണ്ടില്‍ എരിയുന്ന സിഗററ്റിന്റെ പുക വലിച്ച് പുറത്ത് വിടുമ്പോള്‍ കിട്ടുന്ന ആത്മ സംതൃപ്തിയിലെ, എത്രയോ ദിനരാത്രങ്ങള്‍. കൈയ്യിലെരിയുന്ന സിഗററ്റില്ലാതെ കോളജ് കാലത്ത്, എന്നെ വളരെ വിരളമായിട്ടെ കണ്ടിട്ടുളളൂ എന്ന് ഈയടുത്ത കാലത്ത് എന്നെ പഠിപ്പിച്ച അധ്യാപിക പഞ്ഞതോര്‍ക്കുന്നു. സിഗററ്റ് /ബീഡി എന്റെ ഒരു ട്രേഡ് മാര്‍ക്കായിരുന്നു. എന്നാണ് ആദ്യമായി പുകവലിച്ചതെന്നോര്‍മ്മയില്ല. പക്ഷെ ഒന്നോര്‍മ്മയുണ്ട് പുനലൂരിലെ തറവാട് വീട്ടില്‍ വെച്ച് എന്റ്‌റെ ഉപ്പാപ്പ വലിക്കുന്നത് കണ്ട് ഞാനദ്ദേഹത്തോട് ചോദിച്ചത്.

പുനലൂരിലെ ആദ്യത്തെ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന മുഹമ്മദ് കുഞ്ഞ് മാസ്റ്റര്‍ എന്ന എന്റെ ഉപ്പാപ്പ നല്ലത് പോലെ പുക വലിക്കുമായിരുന്നു. എന്നോട് ഒരുപാട് വാത്സല്ല്യമുണ്ടായത് കൊണ്ട് എന്റെ ഒരാഗ്രഹത്തിനും മൂപ്പരെതിരു നിന്നിട്ടില്ല. അത് കൊണ്ട് തന്നെ പുകവലിക്കണമെന്ന എന്റെ ആവശ്യത്തിനെതിര് നില്‍ക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹം വലിച്ച് കൊണ്ടിരുന്ന സിഗററ്റ് എന്റെ ചുണ്ടിലും വെച്ചു തന്നു. അതാണ് ആദ്യാനുഭവം. പിന്നീട് സിഗററ്റിന്റെ മണം ഒരു ഹരമായി. അമ്മാവന്മാരില്‍ രണ്ട് പേര്‍ നല്ല പുകവലിക്കാരായിരുന്നു. അവര്‍ വലിക്കുന്നത് കൗതുകത്തോടെ നോക്കി നിന്നതും മധുരമുളള ഓര്‍മ്മ തന്നെ.

പത്താം ക്ലാസ്സില്‍ വെച്ചാണ് പുകവലിയുടെ നല്ലോര്‍മ്മകള്‍ തുടങ്ങുന്നത്. ഒരാണ്‍കുട്ടി പ്രായപൂര്‍ത്തിയായി എന്നവന് സ്വയം തോന്നുന്ന മിഥ്യാധാരണകളില്‍ സിഗററ്റിന്റെ സ്വാധീനം ചെറുതല്ല. അത് സിനിമാ താരങ്ങള്‍ വഴിയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. സിനിമ കാണാന്‍ തീയറ്ററില്‍ പോകുമ്പോള്‍ ചില പരസ്യങ്ങള്‍ വരും. സിനിമ തുടങ്ങുന്നതിന് മുമ്പ് അക്കാലത്ത് എന്നെ ആകര്‍ഷിച്ച സിഗററ്റുകളുടെ പരസ്യങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് ജാക്കി ഷറോഫ് അഭിനയിച്ച പനാമ സിഗററ്റിന്റേതാണ്. 'പനാമ നല്‍കും രുചിയും മണവും പറ്റില്ലതു പോല്‍ ഫില്‍റ്റര്‍ പോലും' അന്ന് വിപണിയില്‍ പുതിയ ട്രെന്‍ഡില്‍ എത്തിയ ഫില്‍റ്റര്‍ സിഗററ്റുകളാണ് വില്‍സും ഗോള്‍ഡ് ഫ്‌ളേക്കും. വിലയും കൂടുതലാണ്. പനാമയും സിസ്സേഴ്‌സും ചാര്‍മിനാറും ഫില്‍റ്റര്‍ ഇല്ലാത്ത സാധാരണക്കാരന്റെ സിഗററ്റും.

അത് കൊണ്ടാണ് പനാമ കമ്പനിക്കാര്‍ സിനിമാ താരത്തെ വെച്ച് അങ്ങനെയൊരു പരസ്യം ചെയ്തത്. ജാക്കിഷറോഫിന്റെ സിഗററ്റ് വലിക്കുന്ന ശൈലി എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഹീറോ എന്ന സിനിമ ഹിറ്റായ കാലം. പക്ഷെ ചില സിനിമകളില്‍ നായക കഥാപാത്രങ്ങള്‍ സിഗററ്റ് വലിക്കുന്നത് കാണാന്‍ ഒരു വലിയ ചന്തം തന്നെ. പഞ്ചാഗ്‌നി ഇറങ്ങിയ സമയം. സാഗരങ്ങളെ എന്ന പാട്ടിന്റെയിടക്ക് മോഹന്‍ലാല്‍ സിഗററ്റ് വലിച്ച് ഊതി വിടുന്ന ഒരുരംഗമുണ്ട്. വളരെ ശാന്തമായി താളാത്മകമായി പുകയിങ്ങനെ പോകുന്നത് കണ്ടപ്പോളും സുഖമോ ദേവിയിലെ ലാലേട്ടന്റെ സിഗററ്റ് വലിക്കുന്ന ശൈലിയും അനുകരിച്ച് വലിക്കാന്‍ തുടങ്ങി.

പിന്നെ അടിയൊഴുക്കുകളിലെ കരുത്തനായ കഥാപാത്രം കരുണന്റെ പരുക്കന്‍ വേഷത്തില്‍ മമ്മൂട്ടി അരങ്ങ് തകര്‍ക്കുമ്പോള്‍ ചുണ്ടിലെ എരിയുന്ന ബീഡിയായി ട്രെന്‍ഡ്. മമ്മൂക്കയുടെ പുകവലി ഒരു രസം തന്നെയായിരുന്നു. അങ്ങനെ മമ്മൂട്ടി സ്‌റ്റൈല്‍ സായത്തമാക്കി. പക്ഷെ അതിനേക്കാളൊക്കെ എന്നെ ആകര്‍ഷിച്ചത് യഥാര്‍ത്ഥ സ്‌റ്റൈല്‍ മന്നന്റെ വരവിലാണ്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സിഗററ്റ് വലി.

അന്നും ഇന്നും ഏക്കാലത്തേയും ട്രെന്‍ഡാണ്. അങ്ങനെ ലിയോതെര്‍ട്ടീന്‍ സകൂളില്‍ നിന്നുളള എസ്‌ക്കര്‍ഷന്‍ പോക്കിലാണ് സിഗററ്റ് വലിയുടെ പല തലങ്ങള്‍ പരീക്ഷിച്ചത്. കുടെ പുകവലിക്കാന്‍ കൂടിയവരില്‍ എബി മാമ്മനും ജോണിയും മനോജുമൊക്കെയുണ്ട്. അവന്മാരൊക്കെ സിഗററ്റ് കൈകൊണ്ട് തൊട്ടിട്ടില്ല എന്ന് അവരവരുടെ ഭാര്യമാരുടെ മുന്നിലിരുന്ന് നല്ല പുളള ചമയാറുണ്ട് ഇപ്പോള്‍.

അങ്ങനെ സിഗററ്റ് എന്റെ സന്തതസഹചാരിയായി. മാര്‍ ഇവാനിയോസിലും പിന്നീട് ടി കെ എമ്മിലും പഠിക്കുമ്പോഴും ഒക്കെ സിഗററ്റില്ലാത്ത ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാനാവുമായിരുന്നില്ല. സമാന ചിന്താഗതിക്കാര്‍ ഒരുപാട് പേരുണ്ട്. കസിന്‍ രഞ്ചു സലാം, നൈനാന്‍, ഇടിക്കുള അങ്ങനെയങ്ങനെ ഒത്തിരി സഹവലിയന്മാര്‍. ഉപദേശിക്കാന്‍ വരുന്നവരോട് ഞാന്‍ പറയുന്ന ഒരു സ്ഥിരം സിനിമാ ഡയലോഗുണ്ടായിരുന്നു. 'ഒരു പെണ്ണിന്റെ ആദ്യ ചുംബനത്തേക്കാളും ആസ്വാദകരവും ആശ്വാസകരവുമാണ് ഒരു സിഗററ്റിന്റെ അവസാനത്തെ പുകക്ക്'.

എന്റെ പുകവലി കൊണ്ട് ഏറ്റവും ദുഖം എന്റെ ഉമ്മക്കായിരുന്നു. പക്ഷെ എനിക്ക് പുകവലി ഉപേക്ഷിക്കാന്‍ കഴിയില്ലായിരുന്നു. ഒരുപാട് നടന്മാരുടെ ശൈലി പുകവലിക്കുന്നതില്‍ ഞാന്‍ അനുകരിച്ചിട്ടുണ്ടെങ്കിലും എന്നെ ഏറ്റവും സ്വാധീനിച്ചത് നടന്‍ സുകുമാരന്റെ സിഗററ്റ് വലിക്കുന്ന രീതിയായിരുന്നു.

അന്തിവെയിലിലെ പൊന്ന് എന്ന ചിത്രത്തില്‍ ശ്രീ സുകുമാരന്റെ കൂടെ ബാലതാരമായി അഭിനയിക്കാനുളള ഭാഗ്യം എനിക്കുണ്ടായി. അന്നാണ് അദ്ദേഹത്തെ ഞാനാദ്യമായി കാണുന്നതും. 555 സിഗററ്റ് ഒരു പ്രത്യേക രീതിയില്‍ വിരലുകള്‍ക്കിടയില്‍ വെച്ചാണ് അദ്ദേഹം വലിച്ചിരുന്നത്. ആ ശൈലിയാണ് ഞാന്‍ കടമെടുത്തത്. പുകവലി നിര്‍ത്തുന്നത് വരെ സുകുമാരന്‍ സ്‌റ്റൈലിലായിരുന്നു എന്റെ സിഗററ്റ് വലി.

സിഗററ്റ് എന്നെ തിന്നുന്ന ഘട്ടം വന്നപ്പോള്‍ ഞാന്‍ എന്നന്നേക്കുമായി സിഗററ്റിനെ മൊഴി ചൊല്ലി. എന്റെ ഉമ്മ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും അന്നായിരിക്കും. ജീവിതത്തില്‍ ഏറ്റവും വലിയ വിജയമെന്താണെന്ന എന്നോടുളള ചോദ്യത്തിന്,പുകവലി നിര്‍ത്തിയത് തന്നെയെന്നുളളതാണെന്റെ ഉത്തരം. അതെ... നമ്മുടെ ശരീരത്തേയും മനസ്സിനേയും രോഗങ്ങളുടെ പത്തായ പുരകളാക്കാന്‍ മാത്രമേ പുകവലിക്ക് കഴിയൂ എന്ന നഗ്‌ന സത്യം മനസ്സിലാക്കാന്‍ ഒരുപാട് ദൂരം സഞ്ചരിക്കണ്ട കാലത്തല്ല നാം ജീവിക്കുന്നത്.

ഓരോ പുകയിലും എരിയുന്നത് നമ്മുടെ ആയുസ്സാണ് എന്ന തിരിച്ചറിവാണ് ഈ ദിനത്തില്‍ ഈ പുകയില വിരുദ്ധ ദിനത്തില്‍ എനിക്ക് നിങ്ങളോട് പങ്ക് വെക്കാനുളളത്. ഒരിക്കലും ഉറ്റ തോഴനായ സിഗററ്റിനെ കൈവെടിയില്ല എന്ന് ദൃഡ പ്രതിജ്ഞയെടുത്തിരുന്ന നല്ല ലക്ഷണമൊത്ത പുകവലിക്കാരനായിരുന്ന ഈയുളളവന്‍ സാക്ഷ്യപ്പെടുത്തുന്നു. Stop Smoking...it kills you...

'മുകളില്‍ കൊടുത്തിരിക്കുന്ന പടം,കേണി എന്ന ഞാന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രത്തില്‍ ഒരു ലോറീ ഡ്രൈവരുടെ വേഷത്തില്‍ അഭിനയിച്ചപ്പോള്‍ എടുത്തത്'.

MA Nishad revelas about her smoking habbit in her old times

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക