സോഷ്യല്‍ മീഡിയയില്‍ അതിരുകടക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമായ ട്രോളുകളെ വിമര്‍ശിച്ച് നടി നമിത പ്രമോദ്. വാതുറക്കുന്ന എന്തും ട്രോളാക്കുന്ന കാലമാണിത്, എന്നാല്‍ അത് അത്ര നല്ല പ്രവണതയല്ലെന്നാണ് നടി പറയുന്നത്. ട്രോളന്മാരുടെ ലക്ഷ്യം സാമ്പത്തിക ലാഭം മാത്രമാണ്. അവര്‍ ചിന്തിക്കേണ്ട കാര്യം അവരെപ്പോലെ തന്നെ നമ്മളും മനുഷ്യരാണെന്നതാണ്. ഒരാളുടെ വികാരങ്ങളെ ഒരിക്കലും വില്‍ക്കുന്നത് നല്ലതല്ല. നായികമാരോ അല്ലെങ്കില്‍ വനിത ആര്‍ട്ടിസ്റ്റുകളോ വാ തുറക്കുമ്പോഴാണ് ഇവിടെ ഏറ്റവും കൂടുതല്‍ ട്രോള്‍ വരുന്നത്. സിനിമയിലും അഭിമുഖങ്ങളിലും കാണുമ്പോള്‍ നമ്മള്‍ ചിരിച്ചിരിക്കും. അതിനര്‍ത്ഥം നമ്മള്‍ എപ്പോഴും സന്തോഷത്തോടെയാണെന്നല്ലെന്നും നമിത.
ഇതൊന്നും വിദ്യാഭ്യാസമില്ലായ്മയുടെ പ്രശ്നമല്ല. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികള്‍ക്കായി അവബോധ ക്ലാസുകള്‍ നടക്കുന്നുണ്ട്. നല്ലതും മോശവുമായ സ്പര്‍ശനത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നുണ്ട്. നോ എന്ന് പറഞ്ഞാല്‍ അത് അങ്ങനെ തന്നെ ആയിരിക്കണം.സിനിമക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന ഗുണമെന്തെന്നാല്‍ പൊതുവായ സ്ഥലങ്ങളില്‍ വച്ച് ഞങ്ങള്‍ക്ക് ഇതേക്കുറിച്ചൊക്കെ സംസാരിക്കാന്‍ അവസരം ലഭിക്കുന്നു എന്നതാണ്. അങ്ങനെ സംസാരിക്കുമ്പോള്‍ അതിനെ ജാഡയെന്നും മറ്റും വ്യാഖ്യാനിക്കാതെ അതില്‍ കാര്യമുണ്ടോ എന്നാണ് നോക്കേണ്ടത്. നമിത പറഞ്ഞു.
പുതിയ ചിത്രമായ മാര്‍ഗംകളിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ച് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യങ്ങള്‍ പറഞ്ഞത്.സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ അംഗമല്ല. എന്നെ ആരും അതിലേക്ക് ക്ഷണിച്ചിട്ടുമില്ല. പക്ഷേ അമ്മയില്‍ അംഗമാണ്. യോഗങ്ങളില്‍ പങ്കെടുക്കാറുണ്ട്. തനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അമ്മ അതിന് പരിഹാരം കണ്ടെത്തി തന്നിട്ടുമുണ്ടെന്നും നമിത പറഞ്ഞു