മലയാള സിനിമയിലെ സംഘട്ടന രംഗങ്ങള്‍ കാണുമ്പോള്‍ തന്നെ നമ്മള്‍ ഓര്‍ക്കുന്ന പേരാണ് മാഫിയ ശശി. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ ഇന്ന് ന്യൂജന്‍ താരങ്ങള്‍ വരെ ആക്ഷന്‍ രംഗങ്ങള്‍ അഭിനയിച്ച് തകര്‍ക്കുന്നതിന് പിന്നില്‍ ഭമാഫിയഭയുടെ കൈകടത്തലുകളാണ്. ആക്ഷന്‍ സീനുകളില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ചത് എന്ന ചോദ്യത്തിനും മാഫിയ ശശിക്ക് ഉത്തരമുണ്ട്.
റോപ്പ് ഉപയോഗിക്കുന്നതില്‍ ഏറെ തല്‍പരനാണ് മമ്മൂട്ടിയെന്നും ഫൈറ്റ് സീനുകളില്‍ ഒപ്പമുള്ളവരുടെ മുകളിലും ശ്രദ്ധ വെക്കുന്ന ആളാണ് മോഹന്‍ലാലെന്നും മാഫിയ ശശി പറയുന്നു.'മമ്മൂക്കയുടെ ഒരു സ്റ്റൈല്‍ ഉണ്ട്. ഫൈറ്റ് സീനുകള്‍ റോപ്പില്‍ ചെയ്യാന്‍ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. റോപ്പ് കൈയില്‍ കിട്ടിയാല്‍ എല്ലാ ഷോട്ടും എടുത്തിട്ടേ റോപ്പ് വിടുകയുള്ളൂ. മമ്മൂക്കയുടെ ഫൈറ്റും നല്ല പവര്‍ ഉള്ള ഫൈറ്റ് തന്നെയാണ്,' മാഫിയ ശശി പറയുന്നു
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് മോഹന്‍ലാലിന്റെ രീതിയെന്നും പറയുന്നു അദ്ദേഹം. 'ലാലേട്ടന്റെ സ്റ്റൈല്‍ വേറെയാണ്. ഫൈറ്റ് സീനുകള്‍ മുന്‍പ് ചെയ്തിട്ടില്ലാത്ത ഒരാള്‍ ഒപ്പമുണ്ടെങ്കില്‍ അയാളെക്കൊണ്ട് ലാലേട്ടന്‍ തന്നെ എല്ലാം ചെയ്യിച്ചോളും. വില്ലന്‍ റോളില്‍ ഒരു പുതുമുഖമാണ് വരുന്നതെങ്കില്‍ മറ്റുള്ളവര്‍ക്ക് ഒരു ഭയമുണ്ടാവും. നമുക്ക് അടി കൊള്ളുമോ എന്നൊക്കെ. ലാലേട്ടനാണെങ്കില്‍ രീതി വ്യത്യസ്തമായിരിക്കും. ഒപ്പം നിന്ന് അവരെക്കൊണ്ട് ചെയ്യിപ്പിക്കും.' ഡ്യൂപ്പിനെ ഉപയോഗിക്കുന്നതില്‍ താല്‍പര്യം കാട്ടാത്തയാളാണ് മോഹന്‍ലാല്‍ എന്നും മാഫിയ ശശി പറയുന്നു.