മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും ശ്രദ്ധിക്കപ്പെട്ട നടനാണ്. അദ്ദേഹത്തിന്റെ പല സിനിമകളിലെ പാട്ടുകളും സൂപ്പര്‍ഹിറ്റായിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം മൗനം സമ്മതത്തിലെ 'കല്യാണത്തേന്‍ നിലാ' എന്ന പാട്ടു മലയാളികള്‍ക്കും പ്രിയപ്പെട്ടതാണ്. ഇളയരാജയുടെ സംഗീതവും നടി അമലക്കൊപ്പം മമ്മൂട്ടിയുടെ റൊമാന്‍സ് രംഗങ്ങളും കൊണ്ട് ഈ ഗാനം ഇപ്പോഴും പലരുടെയും പ്രിയപ്പെട്ടതാണ്. എന്നാലിപ്പോള്‍ ഈ പാട്ടിലെ അധികമാര്‍ക്കും അറിയാത്ത പ്രത്യേകതയാണ് ശ്രദ്ധനേടുന്നത്. ഇത് പറഞ്ഞതാകട്ടെ മമ്മൂട്ടി തന്നെയും.
കഴിഞ്ഞ വര്‍ഷം സിഗപ്പൂരില്‍ നടന്ന ഒരു സ്റ്റേജ് ഷോയില്‍, ഗായകരായ കാര്‍ത്തിക്, സിത്താര കൃഷ്ണകുമാര്‍,ഹരി ശങ്കര്‍ എന്നിവര്‍ മെഗാസ്റ്റാറിനു വേണ്ടി ഈ ഗാനം സ്റ്റേജില്‍ പാടുകയുണ്ടായി, അപ്പോഴാണ് തനിക്കു വളരെ പ്രിയപ്പെട്ട ഈ ഗാനത്തിന്റെ ഒരു പ്രത്യേകത മമ്മൂട്ടി വെളിപ്പെടുത്തിയത്.
'തമിഴിലെ പ്രഗത്ഭനായ കവി പുലമയ്പിത്തന്‍ എഴുതിയ പാട്ടാണിത്, ഇതിനു ഒരു പ്രത്യേകതയുണ്ട് അറിയാമോ?' അദ്ദേഹം ആദ്യം സിത്താരയോട് തന്നെ ചോദിച്ചു. പിന്നീട് ചോദ്യം, കാര്‍ത്തിക്കിനോടും ഹരിയോടും സ്റ്റേജില്‍ ഉണ്ടായിരുന്ന രമേശ് പിഷാരടിയോടും സുരാജ് വെഞ്ഞാറമൂടിനോടും അദ്ദേഹം ചോദിച്ചു, പക്ഷേ അവര്‍ക്കാര്‍ക്കും ഉത്തരം അറിയില്ലായിരുന്നു. പിന്നീട് മമ്മൂട്ടി ആ ചോദ്യം കാണികളോട് ചോദിക്കുകയും 'ല ല' എന്ന് അവരില്‍ ഒരാള്‍ വിളിച്ചു പറയുകയും ചെയ്തു. ഉത്തരം നല്‍കിയ ആള്‍ക്ക് ഒരു തംബ്സ് അപ്പും നല്‍കി മമ്മൂട്ടി ആ സസ്പെന്‍സ് പൊളിച്ചു, ' ഈ പാട്ടിന്റെ കവിതയിലാണ് പ്രത്യേകത, ഇതിലെ ഓരോ വരിയും തീരുന്നത് ല എന്ന അക്ഷരത്തിലാണ്'
1990ല്‍ കെ മധു സംവിധാനം ചെയ്ത മൗനം സമ്മതം ആയിരുന്നു മമ്മൂട്ടിയുടെ ആദ്യത്തെ തമിഴ് ചിത്രം. പിന്നീട് മണിരത്‌നത്തിന്റെ ദളപതിയിലും ഐശ്വര്യ റായ്‌ക്കൊപ്പം കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഏറ്റവും ഒടുവില്‍ പേരന്‍പിലാണ് തമിഴില്‍ മമ്മൂട്ടി അഭിനയിച്ചത്. എങ്കിലും റിലീസ് ചെയ്തു 30 വര്‍ഷത്തിനിപ്പുറവും യേശുദാസും ചിത്രയും ചേര്‍ന്ന് ആലപിച്ച 'കല്യാണ തേന്‍ നിലാ', ഇന്നും സംഗീത പ്രേമികള്‍ക്ക് പ്രിയപ്പെട്ട പാട്ടാണ്.