ജോണിവാക്കര്‍ പോലെ തനി കച്ചവട സിനിമകളും ഒറ്റാലും ഭയാനകവും പോലുള്ള സമാന്തര സിനിമകളും ഒരുക്കിയ സംവിധായകനാണ് ജയരാജ്. മഴയുടെ പശ്ചാത്തലത്തിലാണ് ജയരാജിന്റെ നവരസ പരമ്പരയിലെ ഓരോ ചിത്രവും ഒരുക്കിയത്. വിവിധ വിഭാഗങ്ങളില്‍ പെട്ട സിനിമകള്‍ ചെയ്തു പോരുന്നതിനിടെയാണ് താനിനി കച്ചവട സിനിമകളുടെ വഴിയലേക്കില്ലെന്ന് ജയരാജ് പ്രഖ്യാപിച്ചത്. പ്രതീക്ഷയോടെ ചെയ്ത ചില കച്ചവട സിനികള്‍ പരാജയപ്പെട്ടതോടെയായിരുന്നു ഈ പ്രഖ്യാപനം. ഒറ്റാല്‍ എന്ന സിനിമ പൂര്‍ത്തിയായ ശേഷം ഇത്തരമൊരു പ്രഖ്യാപനം നടത്തിയ ജയരാജ് താന്‍ വീണ്ടും നല്ലൊരു കച്ചവട സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് വ്യക്തമാക്കുന്നു. ജനയുഗം വാരാന്തത്തിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ജയരാജ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എല്ലാതരം സിനിമകളും എടുക്കാന്‍ ഭാഗ്യം ലഭിച്ച സംവിധായകനാണ് ഞാന്‍. പ്രത്യേകമായ ഒരു കളത്തില്‍ ഒരിക്കലും തളച്ചിടപ്പെട്ടില്ല. വിദ്യാരംഭത്തില്‍ നിന്ന് ജോണിവാക്കറിലേക്കും അവിടെ നിന്ന് ദേശാടനത്തിലേക്കും കളിയാട്ടത്തിലേക്കുമെല്ലാം സഞ്ചരിച്ചു. ഫോര്‍ ദി പീപ്പിളും തിളക്കവും ഒരുക്കുമ്പോള്‍ തന്നെ ദൈവനാമത്തിലും ഒറ്റാലും സംവിധാനം ചെയ്തു. ഞാന്‍ ചെയ്ത കച്ചവട സിനിമകളെല്ലാം ഞാന്‍ ആഗ്രഹിച്ച് ചെയ്തവ തന്നെയാണ്. ഒരു പ്രത്യേക കാലഘട്ടത്തിലാണ് ഞാന്‍ വലിയ കച്ചവട ചിത്രങ്ങളില്‍ നിന്ന് മാറി നിന്നത്. എന്നാല്‍ ജോണിവാക്കര്‍ പോലെ ഒരു കളര്‍ഫുള്ളായ കച്ചവട സിനിമ ചെയ്യാന്‍ ഞാന്‍ തയ്യാറെടുക്കുകയാണ്. എത്ര മാറി നിന്നാലും അത്തരം സിനിമകള്‍ എന്നെ പ്രലോഭിപ്പിക്കുന്നുണ്ട്. ഞാനതിനെ ആസ്വദിക്കുന്നുണ്ട്. അത്തരം സിനിമകള്‍ ഞാന്‍ ധാരാളം കാണാറുമുണ്ട്. അതുകൊണ്ട് തന്നെ അതില്‍ നിന്നൊഴിഞ്ഞുമാറിയൊരു യാത്ര എനിക്ക് സാധിക്കില്ല. അത്തരമൊരു സിനിമ ഇനി ഒരുക്കുമ്പോള്‍ അത് ഏറ്റവും മികച്ചതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. വേറിട്ട അവതരണ ശൈലിയിലായിരിക്കണം അത് ഒരുക്കേണ്ടത്. അതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണെന്നും ജയരാജ് വ്യക്തമാക്കുന്നു.
പ്രളയകാലത്ത് കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ പരമ്പരയിലെ പുതിയ ചിത്രം 'രൗദ്രം 2018' ജയരാജ് ഒരുക്കിയിരിക്കുന്നത്. രഞ്ജി പണിക്കരും കെപിഎസി ലീലയുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രകൃതിയുടെ രൗദ്ര രസത്തെക്കുറിച്ചാണ് രൗദ്രം പറയുന്നത്. കേരളത്തിലുണ്ടായ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് ചെങ്ങന്നൂര്‍ പാണ്ടനാട് ഭാഗത്തെയാണ്. അവിടെ ഉണ്ടായ ഒരു യഥാര്‍ത്ഥ സംഭവമാണ് സിനിമയ്ക്ക് ആധാരം. വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ കുടുങ്ങിപ്പോയ ഒരു വൃദ്ധ ദമ്പതികളുടെ കഥയാണ് സിനിമ. ക്രിസ്ത്യാനിയായ ഭര്‍ത്താവും ഹിന്ദുവായ ഭാര്യയും. അവരുടെ കാഴ്ചപ്പാടിലൂടെ ആ പ്രകൃതി ദുരന്തത്തെ നോക്കിക്കാണുകയാണ്. വീടിന്റെ താഴത്തെ നിലയില്‍ വെള്ളം കയറി. കറണ്ട് പോയി. അവര്‍ തട്ടിന്‍പുറത്തേക്ക് കയറുന്നു. തട്ടിന്‍പുറം ഒരു ലോകമാണ്. ഒരുപാട് പഴമയുടെ അവശിഷ്ടങ്ങള്‍ അവിടെ ഉണ്ടാകും. അവിടെ ആ ദമ്പതികള്‍ കഴിഞ്ഞു കൂടുന്ന നിമിഷങ്ങള്‍.. അവിടെ നിന്ന് അവര്‍ കാണുന്ന പ്രളയത്തിന്റെ കാഴ്ചകള്‍... ഒരു യഥാര്‍ത്ഥ സംഭവത്തെ ഡോക്യുമെന്ററി ആകാത്ത രീതിയില്‍ പറയുന്നത് വലിയൊരു വെല്ലുവിളിയാണ്. പുറത്തു നിന്നുള്ള പ്രളയത്തിലെ കാഴ്ചകള്‍ നമ്മള്‍ ടി വിയില്‍ കണ്ടും പത്രങ്ങളില്‍ വായിച്ചും അറിഞ്ഞതാണ്. എന്നാല്‍ അതൊന്നുമല്ലാത്തൊരു കാഴ്ചയാണ് സിനിമയിലൂടെ പറയുന്നതെന്നും അദ്ദേഹം പറയുന്നു.
യഥാര്‍ത്ഥത്തില്‍ രൗദ്രരസത്തിനായി പ്രളയമായിരുന്നില്ല നിശ്ചയിച്ചിരുന്നത്. രൗദ്രത്തില്‍ രുദ്രതാണ്ഡവം തന്നെയായിരുന്നു മനസ്സില്‍ രൂപപ്പെട്ടിരുന്നത്. അന്വേഷണം അഘോരികളിലും ദിഗംബരന്മാരിലും എത്തിച്ചേര്‍ന്നു. സിനിമയ്ക്കായി കുംഭമേളയുടെ വിഷ്വല്‍സ് ഒക്കെ എടുത്തിരുന്നു. കേരളത്തെ പ്രത്യേകിച്ച്, കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയെക്കുറിച്ച് സിനിമയെടുക്കാനും ഞാന്‍ ആഗ്രഹിച്ചിരുന്നു. രൗദ്ര ഭാവം നിപയിലേക്ക് പകര്‍ത്താന്‍ നിശ്ചയിച്ചു. പുതിയൊരു സിനിമയുടെ ബീജവുമായാണ് കോഴിക്കോട് നിന്ന് മടങ്ങിയത്. നിപയെക്കുറിച്ച് പഠിക്കാന്‍ വീണ്ടും കോഴിക്കോട്ടെത്തുമെന്നും നിശ്ചയിച്ചു. എന്നാല്‍ ഇതേ പ്രമേയം ആഷിഖ് അബു സിനിമയാക്കാന്‍ ഒരുങ്ങുന്ന എന്നറിഞ്ഞതോടെ ആ പ്രമേയത്തില്‍ നിന്നും പിന്മാറി. പിന്നീടാണ് എന്റെ ജീവിതകാലത്തെ ഏറ്റവും വലിയ ദുരന്തം വന്നുചേര്‍ന്നത്. കണ്ടറിഞ്ഞ ആ യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം രൗദ്രത്തിനായി മറ്റൊന്നും പറയാനില്ലെന്ന് മനസ്സിലായപ്പോള്‍.. അത് പറയാതിരിക്കാനാവില്ലെന്ന് വ്യക്തമായപ്പോള്‍ രൗദ്രം പ്രളയമായി മാറുകയായിരുന്നെന്നും ജയരാജ് പറയുന്നു.
മോഹന്‍ലാലിനൊപ്പം സിനിമയൊരുക്കാന്‍ കഴിയാതെ പോയതിന്റെ നിരാശയും ജയരാജ് അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. ഒരു സിനിമയ്ക്കായി മോഹന്‍ലാലിനെ സമീപിച്ചപ്പോഴൊന്നും സിനിമ നടന്നില്ല. അദ്ദേഹം സിനിമയെടുക്കാനായി ഇങ്ങോട്ടു ബന്ധപ്പെട്ടപ്പോഴും നടന്നില്ല. എന്തോ ഒരു തടസ്സം ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. മഴയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കേണ്ടതായിരുന്നു. അതിനായി എല്ലാ കാര്യങ്ങളും ഒരുക്കി. പക്ഷെ ആ സിനിമ യാഥാര്‍ത്ഥ്യമായില്ല. അതില്‍ ലാലിന് വലിയ വിഷമമുണ്ടായിരിക്കാം. പിന്നീട് ടി പി രാജീവനും ഞാനും കൂടി കുഞ്ഞാലി മരക്കാരെക്കുറിച്ച് ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കി. ഭ്രമരത്തിന്റെ സെറ്റില്‍ വച്ചാണ് അത് ലാലിന് വായിക്കാന്‍ നല്‍കിയത്. നാലു വര്‍ഷത്തോളം കാത്തിരുന്നു. യാതൊരു മറുപടിയും ലഭിച്ചില്ല. പിന്നീട് ആ പ്രോജക്ട് ഞാന്‍ ഉപേക്ഷിച്ചു. ടി പി രാജീവന്‍ ആ സ്‌ക്രിപ്റ്റ് മറ്റാര്‍ക്കോ കൊടുക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും നടന്നില്ല. ഇപ്പോള്‍ ലാലും പ്രിയദര്‍ശനം ചേര്‍ന്ന് കുഞ്ഞാലിമരയ്ക്കാര്‍ സിനിമയെടുക്കുന്നുണ്ട്. പ്രിയനൊപ്പം കുഞ്ഞാലിമരയ്ക്കാര്‍ ഒരുക്കാനായിരിക്കും ലാലിന് കൂടുതല്‍ സൗകര്യപ്രദമെന്നും അദ്ദേഹം പറയുന്നു.