പരസ്പരത്തിലെ ദീപ്തി ഐപിഎസ്സായി മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. മിനിസ്‌ക്രീനില്‍ നിന്നും സിനിമയിലേക്ക് എത്തിയെങ്കിലും ഇന്നും പരസ്പരത്തിലെ ദീപിതിയായിട്ടാണ് ആരാധകര്‍ താരത്തെ സ്നേഹിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം പലപ്പോഴും ചിത്രങ്ങളും കുറിപ്പുകളുമായി എത്താറുണ്ട്. ഇപ്പോള്‍ നോവുണര്‍ത്തുന്ന ഒരു കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.
അച്ഛനെ പറഞ്ഞു കേള്‍പ്പിക്കാന്‍ കാത്തിരുന്ന 'അച്ചപ്പം കഥകള്‍' എഴുതി പൂര്‍ത്തിയാക്കി വന്നപ്പോഴേക്കും അച്ഛനെ നഷ്ടപ്പെട്ട അവസ്ഥയാണ് ഗായത്രിയുടെ വാക്കുകളില്‍. 'അച്ഛന്‍ പോയിട്ട് ഒരു മാസം. അച്ചപ്പം കഥകള്‍ എഴുതി തുടങ്ങിയത് അച്ഛനെ ഒന്ന് കളിയാക്കണം എന്ന ഉദ്ദേശത്തോടെ തന്നെ ആയിരുന്നു, ആ കളിയാക്കല്‍ ഏറ്റവും രസിക്കുന്നത് അച്ഛന്‍ തന്നെ ആവും എന്ന ഉറപ്പോടെ. ആദ്യത്തെ കഥ വായിച്ച് ഒരു സുഹൃത്ത് പറഞ്ഞു ഒരു പത്തു കഥകള്‍ എഴുതൂ നമുക്ക് അത് ഒരു പുസ്തകമാക്കാം എന്ന്. ആദ്യം അത് തമാശയായി തോന്നിയെങ്കിലും അച്ഛനോട് പറഞ്ഞപ്പോ കിട്ടിയ മറുപടി, പത്തോ! ഒരു നൂറു കഥകള്‍ പറഞ്ഞുതരാം എന്നായിരുന്നു. അപ്പോള്‍ത്തന്നെ വന്നു പഴയ ഒരു പ്രേമലേഖനം കഥ!
ആദ്യത്തെ രണ്ടു കഥകളിലും അച്ഛനെ കുറിച്ചുള്ള തമാശകള്‍ ആയിരുന്നു. അതൊക്കെ വായിച്ചു കേട്ടപ്പോ വല്യ പൊട്ടിച്ചിരികള്‍ ആയിരുന്നു അച്ഛന്റെ പ്രതികരണം. 'ഇങ്ങനെ ആയാല്‍ പത്തെണ്ണം ആകുമ്ബോ എനിക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റൂല്ലല്ലോ ലേഖേ' എന്നൊരു ഗദ്ഗദവും. പക്ഷെ മൂന്നാമത്തെ കഥയായ് ഞാന്‍ എഴുതിയത് അച്ഛന്റെ ഒപ്പമുള്ള ഒരു ബാല്യകാല ഓര്‍മയാണ്. അതിലെ ഓരോ വരികള്‍ എഴുതിയതും അത് വായിച്ച് കേള്‍ക്കുമ്ബോഴുള്ള അച്ഛന്റെ മുഖം മനസ്സില്‍ കണ്ടുകൊണ്ടാണ്. അത് അച്ഛന് വായിച്ചു കൊടുക്കാന്‍ പോയത് അച്ഛന്‍ പോയതിന് മൂന്ന് ദിവസം മുന്നേയും. അന്ന് പക്ഷെ നിര്‍ഭാഗ്യവശാല്‍ അച്ഛനെ അത് വായിച്ച് കേള്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
ഇനി 'അച്ചപ്പം കഥകള്‍ക്ക്' ഒരു തുടര്‍ച്ച ഉണ്ടാകുമോ എന്നറിയില്ല. അച്ഛനെ വായിച്ച് കേള്‍പ്പിക്കാന്‍ കഴിയാതിരുന്ന ആ കഥ, അല്ല ആ ഓര്‍മ്മക്കുറിപ്പ് ഇവിടെ കുറിക്കുന്നു, വാക്കുകളോ അക്ഷരങ്ങളോ ആവശ്യമില്ലാത്ത ലോകത്തിരുന്നു അച്ചപ്പം വായിക്കും എന്ന ഉറപ്പോടെ.'