വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് സിനിമയില്‍ സ്വന്തമായി ഇടം നേടിയ ആളാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്നാണ് താരത്തിന്റെ 34ാം പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് എത്തിയത്. ഇപ്പോള്‍ സിനിമയെക്കുറിച്ചും തന്റെ ഏറ്റവും വലിയ ആഗ്രഹത്തെക്കുറിച്ചുമൊക്കെ താരം പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. തിരക്ക് പിടിച്ച ഷൂട്ടിംഗിന് ഇടയില്‍ സിനിമ കാണലൊന്നും അങ്ങനെ നടക്കാറില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ച് വീട്ടിലോ ഹോട്ടലിലോ എത്തിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ സിനിമ കാണാനുള്ള മൂഡോ സമയമോ ഉണ്ടാകില്ല. ചിലപ്പോള്‍ കിടന്നുറങ്ങിപ്പോകും. എന്നാലും നല്ല സിനിമകള്‍ ട്രാക്ക് ചെയ്യാറുണ്ട്.തമിഴില്‍ വിക്രം വേദയും തെലുങ്കില്‍ അര്‍ജുന്‍ റെഡ്ഡിയുമൊക്കെ ഗംഭീര സിനിമകളാണെന്ന് പലരും പറഞ്ഞു. സമയം കിട്ടുമ്പബോള്‍ കാണണം. അങ്ങനെയുള്ള സിനിമകള്‍ കണ്ടേ പറ്റൂ. പുതിയ കാലത്ത് എന്തെല്ലാം സിനിമകളാണുണ്ടാകുന്നതെന്നും ഏത് സിനിമകളാണ് ചര്‍ച്ചചെയ്യപ്പെടുന്നതെന്നും എന്താണ് ട്രെന്റ് എന്നും നമ്മള്‍ അറിഞ്ഞിരിക്കണം. അന്യഭാഷയിലെന്നല്ല നമ്മുടെ ഭാഷയിലും. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
സ്വന്തം സിനിമ കാണുന്നതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. ഏതൊരു ആക്ടര്‍ക്കുമുള്ള അതേ ഫീല്‍ തന്നെയാണ് എനിക്കുമുള്ളത്. ആ സീന്‍ കുറേക്കൂടി നന്നാക്കാമായിരുന്നു, അന്നത്തെ ദിവസം അങ്ങനെ ചിന്തിക്കണമായിരുന്നു എന്നൊക്കെ. അത് നല്ലതാണ്. അല്ലാതെ 'ഞാന്‍ പൊളിച്ചു'വെന്ന് എനിക്ക് തന്നെ തോന്നിയാല്‍ എനിക്ക് ഒരു രീതിയിലും മെച്ചപ്പെടാന്‍ കഴിയില്ല. ഒരുവിധം എല്ലാ സംവിധായകര്‍ക്കുമൊപ്പം വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം ഇപ്പോള്‍ തന്നെ എനിക്ക് കിട്ടിയിട്ടുണ്ട്.അവരൊക്കെ വീണ്ടും എന്നെ വിളിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വിളിവരുന്നത് എനിക്കൊരു കോണ്‍ഫിഡന്‍സാണ്. നമ്മള്‍ അവരെ ഒരു രീതിയിലും നിരാശപ്പെടുത്തിയിട്ടില്ലെന്നും നമ്മളില്‍ അവര്‍ക്ക് വിശ്വാസമുണ്ടെന്നുമല്ലേ വീണ്ടും അവര്‍ വിളിച്ചാല്‍ അതിനര്‍ത്ഥമെന്നും ദുല്‍ഖര്‍ ചോദിക്കുന്നു.
തന്റെ ഏറ്റവും വലിയ ആഗ്രഹത്തെക്കുറിച്ചും താരം മനസ്സ് തുറക്കുന്നുണ്ട്. പറ്റുന്നത്രയും കാലം സിനിമയില്‍ നില്‍ക്കുകയെന്നത് തന്നെയാണ് എക്കാലത്തെയും ഏറ്റവും വലിയ മോഹം. നല്ല സിനിമകള്‍ ചെയ്യുക. ഇതുവരെ ഞാന്‍ ചെയ്ത സിനിമകളെല്ലാം നല്ലത് തന്നെയാണെന്നാണ് എന്റെ വിശ്വാസം. അതുപോലെ തന്നെ ഇനിയും നല്ല സിനിമകളുണ്ടാകട്ടെയെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.എന്നെ ആരാധിക്കുന്നവരെ എനിക്കും ഇഷ്ടമാണ്. പക്ഷേ എന്നോടുള്ള ആരാധന അവരുടെ മൂന്നാമത്തെയോ നാലാമത്തെയോ പ്രയോറിറ്റി ആയാല്‍ മതി. ആദ്യം വീട്ടുകാര്‍. പിന്നെ ജോലിയോ പഠിത്തമോ. അത് കഴിഞ്ഞ് മതി ആരാധനയെന്നാണ് എന്റെ പക്ഷമെന്നും ദുല്‍ഖര്‍ പറയുന്നു.