മണ്ണാര്‍ത്തൊടിയും ജയകൃഷ്ണനും രാധയുമൊക്കെ ഇന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. എങ്കിലും മഴയെന്നും പത്മരാജയെന്നും മണ്ണാറത്തൊടിയെന്നും കേള്‍ക്കുമ്പോള്‍ ക്ലാരയാണ് മനസ്സില്‍ ആദ്യം എത്തുക. തനിക്കാ ഭ്രാന്തന്റെ കാലിലെ ചങ്ങലയിലെ ഒറ്റക്കണ്ണിയാകണം എന്ന് പറഞ്ഞ ക്ലാരയെ. അത്രത്തോളം മനോഹരമായിട്ടാണ് സുമലത ക്ലാരയെ അവതരിപ്പിച്ചത്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച സുമലത ഇന്നും മലയാളികള്‍ക്ക് ക്ലാരയാണ്. മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെയും ക്ലാരയെയും ഇന്നും ആരും മറക്കില്ല. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളില്‍ എണ്‍പതുകളില്‍ സജീവമായി അഭിനയിച്ചിരുന്ന സുമലത ജനിച്ചത് ചെന്നൈയിലാണ്. മലയാളത്തില്‍ സുമലത ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ജോഷി സംവിധാനം ചെയ്ത ചിത്രങ്ങളിലാണ്. തൂവാനത്തുമ്പികള്‍, ന്യൂ ഡല്‍ഹി, താഴ്വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയ മലയാളചിത്രങ്ങള്‍ സുമലതയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ചിലതാണ്.സുമലത തന്റെ പതിനഞ്ചാം വയസില്‍ ആന്ധ്രാപ്രദേശിലെ സൗന്ദര്യ മത്സരത്തില്‍ വിജയിച്ചതിനു ശേഷമാണ് ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. 1963 ഓഗസ്റ്റ് 27 ന് ജനിച്ച സുമലത തന്റെ 57-ാം ജന്മദിനം ആഘോഷിച്ചത് ഇന്നലെയാണ്.
സുമലതയെ കന്നഡ നടന്‍ അംബരീഷാണ് ജീവിതസഖിയാക്കിയത്. നടന്‍ അംബരീഷിന്റെ വിയോഗത്തോടെയാണ് ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പുറത്ത് വരുന്നത്. അംബരീഷിന്റെ വേര്‍പാടിലുണ്ടായ വലിയ വിടവ് എന്നും ഒരു വേദനയായി നില്‍ക്കുമെന്നാണ് നടി പലപ്പോഴും പറഞ്ഞിട്ടുള്ളത്. തെന്നിന്ത്യയിലെ മുതിര്‍ന്ന നടന്‍ എന്നതിലുപരി കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു സുമലതയുടെ ഭര്‍ത്താവായ അംബരീഷ്. 2018 നവംബറിലായിരുന്നു അംബരീഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.
1984 പുറത്തിറങ്ങിയ അഹൂതി എന്ന കന്നഡ സിനിമയിലൂടെയായിരുന്നു അംബരീഷും സുമലതയും ആദ്യം ഒന്നിച്ചഭിനയിക്കുന്നത്. അംബരീഷ് സിനിമയില്‍ നായകനായിട്ടെത്തിയപ്പോള്‍ അന്ന് കന്നഡ സിനിമയ്ക്ക് പുതുമുഖമായിരുന്നു സുമലത നായിഡുവാണ് നായികയായത്. ആന്ധ്രാപ്രദേശില്‍ ജനിച്ച സുമലത ആദ്യമായി തെലുങ്കിലായിരുന്നു അഭിനയിച്ചത്. അഹൂതി എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ സുമലതയെ കുറിച്ച് അവിടെ സംസാര വിഷമായിരുന്നു. ഇരുവരുടെയും സ്വഭാവം ഒരുപോലെയായിരുന്നതിനാല്‍ ഒന്നിക്കാന്‍ വേഗം സാധിച്ചിരുന്നു. നേരത്തെ ഒരു അഭിമുഖത്തിനിടെ സുമലത തന്നെയായിരുന്നു ഇക്കാര്യം പറഞ്ഞത്. സിനിമയുടെ സെറ്റില്‍ ഏറ്റവു ശബ്ദമുള്ള ആളായിരുന്നു അംബരീഷ്. സിനിമയുടെ സെറ്റുകളില്‍ ഊര്‍ജ്ജമില്ലാതെ ആരും ഉണ്ടാവരുതെന്ന് അദ്ദേഹം ഉറപ്പ് വരുത്തുമായിരുന്നു.
അതേ സമയം വളരെ കുറച്ച് മാത്രം സംസാരിക്കുകയും അതും പതിയെ സംസാരിക്കുന്ന ആളുമായിരുന്നു സുമലത. പലപ്പോഴും സെറ്റിലെ ഇടവേളകളില്‍ പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നതിനാല്‍ അംബരീഷിന്റെ ഊര്‍ജ്ജസ്വലമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ താന്‍ ശ്രദ്ധിക്കാറില്ലായിരുന്നു. തുടക്കത്തില്‍ വിപ്ലവകാരനായ ഒരു നടനൊപ്പം അഭിനയിക്കുന്നതിന് ചില ആശങ്കകള്‍ സുമലതയ്ക്കുണ്ടായിരുന്നു. കാരണം അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെയും സ്വഭാവത്തെയും കുറിച്ച് ചില കഥകള്‍ അന്ന് പ്രചരിച്ചിരുന്നു. അതു കാരണം അംബരീഷുമായി ഒരു സൗഹൃദം വെച്ച് അകലം പാലിക്കുകയായിരുന്നു നടി. അതിന് ശേഷം 1987 ല്‍ ന്യൂഡല്‍ഹി എന്ന സിനിമയുടെ ചിത്രീകരണത്തോടെയാണ് ഇരുവരും തമ്മില്‍ നല്ലൊരു സൗഹൃദം ഉടലെടുക്കുന്നത്. അങ്ങനെ 1989 ല്‍ തന്റെ ഉദ്ദേശ്യം അംബരീഷ് സുമലതയോട് തുറന്ന് പറഞ്ഞു. പിന്നാലെ നടിയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. 1991 ല്‍ ഇരുവരും വിവാഹിതരായി. 39-ാമത്തെ വയസിലായിരുന്നു അംബരീഷ് സുമലതയെ വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മില്‍ പതിനൊന്ന് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. എങ്കിലും 27 വര്‍ഷത്തോളം മനോഹരമായ ദാമ്പത്യ ജീവിതം മുന്നോട്ട് നയിക്കാന്‍ താരദമ്പതിമാര്‍ക്ക് സാധിച്ചിരുന്നു. 2018 ല്‍ രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കവേയായിരുന്നു അംബരീഷിന്റെ വേര്‍പാട്. അഭിഷേക് അംബരീഷ് എന്ന മകനാണ് ഇരുവര്‍ക്കും ഉളളത്. സുമലതയും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയാണ്.