Latest News

കണ്ണീരും നാടകീയതയുമില്ലാതെ ഒരു എലിമിനേഷന്‍; ചരിത്രത്തിലാദ്യമായി ഒരു ടിവി ഷോ

Malayalilife
 കണ്ണീരും നാടകീയതയുമില്ലാതെ ഒരു എലിമിനേഷന്‍; ചരിത്രത്തിലാദ്യമായി ഒരു ടിവി ഷോ

ടെലിവിഷന്‍ ഷോകളിലെ ഏറ്റവും നാടകീയവും വൈകാരികവുമായ ഘട്ടം ഏതാണെന്ന ചോദ്യത്തിന് ഉത്തരം എലിമിനേഷന്‍ റൗണ്ട് എന്നായിരിക്കും. നാടകീയതകള്‍ക്കൊപ്പം ദുഃഖവും കണ്ണീരും കൂടിച്ചേരുന്ന എലിമിനേഷന്‍ ഏവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി, മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി നാടകീയതയും കണ്ണീരുമില്ലാതെ ഒരു എലിമിനേഷന്‍ പ്രോസസ് അവതരിപ്പിച്ചിരിക്കുകയാണ് സീ കേരളം. ഇക്കഴിഞ്ഞ ശനിയാഴ്ച പ്രേക്ഷകരുടെ മുന്നിലെത്തിയ സരിഗമപയുടെ എപിസോഡാണ് പതിവു കാഴ്ചകളില്‍ നിന്ന് വേറിട്ടു നിന്ന് പുതിയൊരു ചരിത്രം സൃഷ്ടിച്ചത്. ഈ എപിസോഡില്‍ രണ്ടു മത്സരാര്‍ത്ഥികള്‍- ശ്രുതിയും ഉഷയും- ഷോയില്‍ നിന്ന് പുറത്തായി. വെറുതെ ഒരു തുള്ളി കണ്ണീര്‍ പോലും ഫ്‌ളോറില്‍ വീണില്ല. നാടകീയ രംഗങ്ങളൊന്നും കാണാനുമായില്ല. പുറത്തായ മത്സരാര്‍ത്ഥികള്‍ വളരെ പോസിറ്റീവായാണ് തങ്ങള്‍ക്കു ലഭിച്ച അവസരത്തെ വിലയിരുത്തിയത്.

സരിഗമപയിലെ എല്ലാ മത്സരാര്‍ത്ഥികളും ഒരു കുടുംബമാണെന്നും എന്നും നിലനില്‍ക്കുന്ന ബന്ധമാണിതെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി. എന്നാല്‍ ഒരു ഷോയുടെ ഔപചാരിക നടപടിയുടെ ഭാഗമായി മാത്രം ഈ എലിമിനേഷനെ കണ്ടാല്‍ മതിയെന്നും അവര്‍ മത്സരാര്‍ത്ഥികളെ ഉണര്‍ത്തി. ഈ എലിമിനേഷന്‍ പ്രോസസ് ഒരിക്കലും സരിഗമപ കുടുംബത്തിനകത്തെ സൗഹൃദ ബന്ധങ്ങളെ ഒരിക്കലും തകര്‍ക്കില്ലെന്ന് തനിക്കുറപ്പായിരുന്നെന്ന് ജഡ്ജിമാരില്‍ ഒരാളായ ഷാന്‍ റഹ്മാന്‍ പറഞ്ഞു. ലഭിച്ച മാര്‍ക്കിനെ അടിസ്ഥാനമാക്കി സ്വാഭാവികമായും രണ്ടു മത്സരാര്‍ത്ഥികള്‍ പുറത്തു പോകേണ്ടതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലപ്രഖ്യാപനത്തിനു പിന്നാലെ എലിമിനേഷന്‍ കടമ്പ കടക്കാന്‍ കഴിയാതെ പോയ രണ്ടു ഗായകരും സ്റ്റേജ് പോസ്റ്റില്‍ എത്തി. അവരുടെ സരിഗമപ യാത്ര സ്‌ക്രീനില്‍ അനാവരണം ചെയ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സംസാരിച്ച ശ്രുതിയുടെ വാക്കുകളില്‍ ശുഭാപ്തി വെട്ടിത്തിളങ്ങി നിന്നു. ലോകത്തെ സംഗീതമായി കാണുന്ന ഒരു പറ്റം സമാന ചിന്താഗതിക്കാരെ കണ്ടുമുട്ടാന്‍ സരിഗമപയിലൂടെ സാധിച്ചുവെന്ന് ശ്രുതി പറഞ്ഞു. തുടക്കത്തില്‍ കൂടെ മത്സരിക്കുന്നവരുമായി അകലം പാലിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് എല്ലാവരുമായും നല്ല സൗഹൃദത്തിലാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും ശ്രുതി മറച്ചുവച്ചില്ല. 

ഇരുവരും വലിയൊരു വേദിയുടെ, യതാര്‍ത്ഥ സംഗീത ലോകത്തിന്റെ ഭാഗമായി മാറിയതിലുള്ള സന്തോഷം ജഡ്ജ് ഗോപി സുന്ദര്‍ പ്രകടിപ്പിച്ചു. ഗായകരെ സംബന്ധിച്ചിടത്തോളം പ്രധാനം അവരുടെ ശബ്ദമാണ്, അത് ഉള്ളിടത്തോളം കാലം അവര്‍ വിജയിക്കുമെന്ന് ജഡ്ജി സുജാത അഭിപ്രായപ്പെട്ടു.

വളരെ പോസിറ്റീവായി എലിമിനേഷന്‍ എപിസോഡുകള്‍ പൂര്‍ത്തിയാക്കിയ സരിഗമപയ്ക്ക് ഫേസ്ബുക്കിലും വലിയ കയ്യടി നേടാനായി. നിരവധി പോസിറ്റീവ് അഭിപ്രായങ്ങളാണ് എലിമിനേഷന്‍ റൗണ്ടിനെ കുറിച്ച് ലഭിച്ചത് .വികാരങ്ങളെ ചൂഷണം ചെയ്യാതെ മനോഹരമായി എലിമിനേഷന്‍ കൈകാര്യം ചെയ്തതായി ഏറെ പേരും അഭിപ്രായപ്പെട്ടു. 

സരിഗമപയില്‍ ഇപ്പോള്‍ തുടക്കം മുതലുണ്ടായിരുന്ന 13 മത്സരാര്‍ത്ഥികളും ഇവരില്‍ ഒരാളുടെ സ്‌കോറിനു തുല്യമായ സ്‌കോര്‍ നേടി ഷോയിലേക്ക് പ്രവേശനം ലഭിച്ച ഒരു വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥിയുമാണ് ഉള്ളത്.

Read more topics: # SaReGaMaPa elimination,# zee keralam
SaReGaMaPa elimination,zee keralam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക