Latest News

രാവും പകലുമില്ലാതെ ഓടിയ കാശ്; അഡ്വാന്‍സ് കൊടുത്തപ്പോള്‍ 'കൊലചതി';ഒടുക്കം 3500 രൂപയുടെ വാടക വീട്ടിലേക്ക്;സുധിയുടെ വീടെന്ന സ്വപ്നം തകര്‍ന്ന കഥ

Malayalilife
 രാവും പകലുമില്ലാതെ ഓടിയ കാശ്; അഡ്വാന്‍സ് കൊടുത്തപ്പോള്‍ 'കൊലചതി';ഒടുക്കം 3500 രൂപയുടെ വാടക വീട്ടിലേക്ക്;സുധിയുടെ വീടെന്ന സ്വപ്നം തകര്‍ന്ന കഥ

നസില്‍ ഒരുപാട് സങ്കടങ്ങള്‍ അടക്കിവച്ച് ആരാധകരെ ചിരിപ്പിച്ച മനുഷ്യനാണ് കൊല്ലം സുധി എന്ന കലാകാരന്‍. സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി കഴിഞ്ഞ 20 വര്‍ഷത്തോളം സജീവമായി നിന്ന സുധിയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു വീട് ആയിരുന്നു. ആദ്യ വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ വാടക വീട്ടിലായിരുന്നു സുധിയുടെ താമസം. കുറച്ചു കാലം മാതാപിതാക്കള്‍ക്കൊപ്പം ആയിരുന്നുവെങ്കിലും വാടക വീട്ടിലായിരുന്നു സുധിയുടെ ഭൂരിഭാഗം ജീവിതകാലവും. അന്നു മുതല്‍ക്കു തന്നെ സുധിയുടെ ആഗ്രഹമായിരുന്നു തലചായ്ക്കാന്‍ സ്വന്തമായി ഒരിടം വേണമെന്നത്.

അതിനായിട്ടായിരുന്നു സുധിയുടെ അധ്വാനം മുഴുവന്‍. ബികോം ബിരുദധാരിയായിട്ടും കലയോടുള്ള സ്നേഹം കൊണ്ട് അതൊരു പ്രൊഫഷനായി തെരഞ്ഞെടുക്കുവാന്‍ സുധി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആദ്യ വിവാഹബന്ധത്തിലെ പാളിച്ചകള്‍ സുധിയെ മാനസികമായി തളര്‍ത്തി. മകന്‍ രാഹുലിന് ഒന്നര വയസ് മാത്രം പ്രായമായിരിക്കെ ആദ്യ ഭാര്യ ഡാന്‍സ് ട്രൂപ്പിലെ മറ്റൊരാള്‍ക്കൊപ്പം പോയപ്പോള്‍ കൈക്കുഞ്ഞായ മകനെ വളര്‍ത്തുക എന്നതു മാത്രമായിരുന്നു സുധിയുടെ മനസില്‍ ഉണ്ടായത്. കുഞ്ഞിനെ നോക്കാന്‍ ആരും ഇല്ലാതിരുന്നതിനാല്‍ പോവുന്ന ഇടങ്ങളിലെല്ലാം മകനെയും ഒപ്പം കൂട്ടിയിരുന്നു. അതുകൊണ്ടു തന്ന ആ അച്ഛന്റെ ഓരോ ചങ്കിടിപ്പും മനസിലാക്കിയാണ് മകന്‍ രാഹുല്‍ വളര്‍ന്നത്.

രാഹുലിന് 11 വയസുള്ളപ്പോഴാണ് രണ്ടാം വിവാഹത്തെ കുറിച്ച് സുധി ചിന്തിച്ചത്. ഒരു പരിപാടിയ്ക്കിടെ സുധിയെ കണ്ട് ഇഷ്ടപ്പെട്ട കോട്ടയംകാരി രേണു നേരെ വന്ന് പരിചയപ്പെടുകയും ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ആയിരുന്നു. രണ്ടാം വിവാഹം, വ്യത്യസ്ത മതം തുടങ്ങിയ വെല്ലുവിളികളെല്ലാം അതിജീവിച്ചാണ് രേണു എന്ന ക്രിസ്ത്യാനി പെണ്‍കുട്ടി സുധിയ്ക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. രേണുവിന്റെ വരവോടെയാണ് ഒരു വീട് വേണമെന്ന സ്വപ്നം വീണ്ടും പൂത്തു തളിര്‍ത്തത്. ഇളയ മകന്‍ കൂടി ജനിച്ചതോടെ വീട് വേണമെന്ന ആഗ്രഹം കലശലായി. അങ്ങനെയാണ് അതുവരെയുള്ള സകല സമ്പാദ്യങ്ങളും ചേര്‍ത്തു വച്ച് 2019ല്‍ വീടിന് അഡ്വാന്‍സ് കൊടുത്തത്.

ബാക്കി തുക ഉടന്‍ നല്‍കുമെന്ന വ്യവസ്ഥയില്‍ കരാറും എഴുതി. എന്നാല്‍ പിന്നീട് നടന്നതെല്ലാം തികച്ചും അപ്രതീക്ഷിതമായിരുന്നു. വരും മാസങ്ങളില്‍ ഗള്‍ഫിലും വിദേശ രാജ്യങ്ങളിലും മറ്റും ചെയ്യാന്‍ പോകുന്ന ഷോകളും നാട്ടിലെ പരിപാടികളും റിയാലിറ്റി ഷോകളും എല്ലാമായിരുന്നു സുധിയ്ക്ക് വീടെന്ന സ്വപ്നത്തിന് അടിത്തറയിട്ടത്. എന്നാല്‍ കോവിഡ് എന്ന മഹാമാരി ആഞ്ഞടിച്ചതോടെ സുധിയുടെ സ്വപ്നങ്ങളെല്ലാം നടുക്കടലില്‍ മുങ്ങിയ അവസ്ഥയായി. കോവിഡിനെ തുടര്‍ന്ന് വിദേശ ഷോകളും നാട്ടിലെ പരിപാടികളും ചാനല്‍ പരിപാടികളും എല്ലാം പിന്‍വലിച്ചതോടെ സുധി പ്രതിസന്ധിയിലായി.

വീട് വാങ്ങാന്‍ പോയി ദൈനംദിന കാര്യങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പോലും കാശില്ലാതായതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. നിരവധി പേരോട് സഹായം ചോദിച്ചു. കടം വാങ്ങി, പണം പലിശയ്ക്ക് വാങ്ങി, അതുകൂടാതെ, നടി സാധികയെ പോലെയുള്ള നിരവധി പേര്‍ സുധിയുടെയും കുടുംബത്തിന്റെയും അവസ്ഥ കണ്ട് സഹായിച്ചു. എന്നിട്ടും സുധിയുടെ പ്രശ്നങ്ങള്‍ അവസാനിച്ചില്ല. പണം നല്‍കിയവര്‍ തിരിച്ചു ചോദിച്ചു തുടങ്ങി. പല അവധികള്‍ പറഞ്ഞിട്ടും തിരിച്ചു കൊടുക്കാന്‍ സാധിക്കാതെ വന്നതോടെ പലരും കേസ് കൊടുത്തു. ഒടുക്കം അതിന്റെ പുറകെ പോയി മനസ്സമാധാനം പോലും നഷ്ടപ്പെട്ടു.

ഒടുക്കം എല്ലാ കടങ്ങളും വീട്ടി ഒന്നു സ്വസ്ഥമാകാനുള്ള തയ്യാറെടുപ്പുകള്‍ക്കും വീണ്ടും വീടെന്ന സ്വപ്നത്തിലേക്ക് യാത്ര തുടരാനും ഇരിക്കവേയാണ് സുധിയെ തേടി മരണമെത്തിയത്. രാവും പകലും ഇല്ലാതെയായിരുന്നു ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി സുധി ഓടിയിരുന്നത്. വടകരയിലേക്കുള്ള യാത്രയും അങ്ങനെ തന്നെയായിരുന്നു. പല്ലുവേദന കാരണം ഭാര്യ പോകേണ്ട എന്നു പറഞ്ഞിട്ടും തന്നെ വളര്‍ത്തിയ ചാനലിനോടുള്ള കടപ്പാടും സ്നേഹവുമാണ് സുധിയെ വടകരയിലെത്തിച്ചത്. ഉച്ചയ്ക്ക് വീട്ടിലേക്ക് വിളിച്ചപ്പോഴും ഈ വേദനയെ കുറിച്ച് സുധി ഭാര്യയോട് പറഞ്ഞിരുന്നു. ഇളയ മകനും പല്ലുവേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ നിറ കണ്ണുകളോടെയായിരുന്നു സുധി ഫോണ്‍ വച്ചത്. വൈകുന്നേരം ആയപ്പോഴേക്കും സുധിയുടെ  കവിള്‍ നീരുവച്ചു വീര്‍ത്തിരുന്നു. എങ്കിലും അതൊന്നും ഗൗനിക്കാതെ പെയിന്‍ കില്ലര്‍ കഴിച്ചാണ് സുധി സ്റ്റേജില്‍ കയറിയതും.

SUDHI KOLLAM HOUSE

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES