Latest News

നാല്പത്തിനായിരത്തിലേറെ ഗാനങ്ങൾ പാടി ലോക റെക്കോർഡ് ; ശങ്കരാഭരണം മാസ്റ്റർ പീസ്; നാദബ്രഹ്മത്തിൽ ലയിച്ച് എസ് പി ബാലസുബ്രഹ്മണ്യം; ഗായകന്ററെ അമ്പരപ്പിക്കുന്ന ജീവിതത്തിലൂടെ

Malayalilife
നാല്പത്തിനായിരത്തിലേറെ ഗാനങ്ങൾ പാടി ലോക റെക്കോർഡ് ; ശങ്കരാഭരണം  മാസ്റ്റർ പീസ്; നാദബ്രഹ്മത്തിൽ ലയിച്ച് എസ് പി ബാലസുബ്രഹ്മണ്യം; ഗായകന്ററെ അമ്പരപ്പിക്കുന്ന ജീവിതത്തിലൂടെ

ന്ത്യൻ സിനിമാലോകത്തെ മഹാഗായകനാണ്  എസ് പി ബാലസുബ്രഹ‌്മണ്യം. നിരവധി ഗാനങ്ങൾ ആസ്വാദകർക്ക് സമ്മാനിച്ച അദ്ദേഹം ഒരു ഗായകൻ എന്നതിലുപരി നടൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, ഡബിംഗ് ആർട്ടിസ്‌റ്റ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. കോവിഡ് ബാധയെ തുടർന്നായിരുന്നു അദ്ദേഹം വിടവാങ്ങിയത്. എസ് പി ബിയുടെ ജീവിതത്തിലൂടെ....

1946 ജൂണ്‍ 4ന് ആന്ധ്രാപ്രദേശിലെ  നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത്   എസ്. പി. സംബമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായാണ് താരത്തിന്റെ ജനനം. ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത്. കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താല്പര്യം പ്രകടിപ്പിച്ച അദ്ദേഹം   നിരവധി സംഗീതമത്സരങ്ങളിൽ മികച്ച ഗായകനായി തിരഞ്ഞെടുക്കുകയും ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം നേരെ പിതാവിന്റെ ആഗ്രഹത്തെ തുടർന്ന് അനന്തപൂരിലെ JNTU എൻ‌ജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാഭ്യാസം തുടരാൻ  കഴിയാതെ വന്നു. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടിയിരുന്നെങ്കിലും അപ്പോഴൊക്കെയും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. പല ആലാപന മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1964 ൽ മദ്രാസ് ആസ്ഥാനമായുള്ള തെലുങ്ക് കൾച്ചറൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച അമേച്വർ ഗായകർക്കുള്ള സംഗീത മത്സരത്തിൽ അദ്ദേഹം ഒന്നാം സമ്മാനം കരസ്ഥമാക്കി കൊണ്ടായിരുന്നു ഏവരെയും അത്ഭുതപെടുത്തിയിരുന്നത്. അനിരുത്ത (ഹാർമോണിയം), ഇളയയരാജ (ഗിറ്റാറിലും പിന്നീട് ഹാർമോണിയത്തിലും), ഭാസ്കർ (കൊട്ടുവാദ്യത്തിൽ), ഗംഗൈ അമരൻ (ഗിറ്റാർ‌) എന്നിവരടങ്ങിയ ഒരു ലൈറ്റ് മ്യൂസിക് ട്രൂപ്പിന്റെ നായകൻ കൂടിയായിരുന്നു എസ് പി ബി. എസ്. പി. കോദണ്ഡപാണി, ഗണ്ടശാല എന്നിവർ വിധികർത്താക്കളായിരുന്ന ഒരു ആലാപന മത്സരത്തിൽ മികച്ച ഗായകനായി അദ്ദേഹം പേരെടുക്കുകയും ചെയ്തിരുന്നു. അവസരങ്ങൾ തേടി സംഗീതസംവിധായകരെ എസ്. പി. ബി  പലപ്പോഴും സന്ദർശിക്കാറുണ്ടായിരുന്നു. എന്നാൽ അക്കാലത്ത് അദ്ദേഹത്തിന്റെ ആദ്യത്തെ ഓഡിഷൻ ഗാനം "നിലവെ എന്നിടം നെരുങ്കാതെ" ആയിരുന്നു.   തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ മുതിർന്ന പിന്നണി ഗായകനായിരുന്ന പി.ബി. ശ്രീനിവാസ് അദ്ദേഹത്തിന് ഗാനങ്ങൾ എഴുതി നൽകാറുണ്ടായിരുന്നു.ചലച്ചിത്രപിന്നണിഗായകനാകും മുമ്പ് തന്നെ  അദ്ദേഹം ഒരു ഗാനമേള ട്രൂപ്പിൽ അംഗമായിരുന്നു. ലളിത സംഗീതത്തിന്റെ ആലാപനത്തിലും എസ് പി ബി ഏറെ  ശ്രദ്ധേയനാകുകയും ചെയ്തിരുന്നു.


1966ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. എം.ജി.ആർ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റ് ഗാനം. അദ്ദേഹം ആദ്യമായി മലയാളത്തിൽ പാടിയത് ജി. ദേവരാജന് വേണ്ടിയാണ്. ചിത്രം കടൽപ്പാലം. ഹിന്ദിയിലെ അരങ്ങേറ്റം ആർ.ഡി.ബർമൻ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 1979ൽ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.നാല് ഭാഷകളിലായി അമ്പതോളം സിനിമകൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. കെ.ബാലചന്ദറിന്റെ മനതിൽ ഉറുതി വേണ്ടും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തെലുങ്ക്, തമിഴ്,കന്നഡ ഭാഷകളിലായി എഴുപതിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചു. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകൻ എന്ന ബഹുമതിയും എസ്.പി.ബിക്ക് മാത്രമാണ് സ്വന്തം. കൈവെച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.

തെലുങ്കു സംവിധായകൻ ദാസരി നാരായണ റാവുവിന്റെ 'കന്യാകുമാരി' എന്ന ചിത്രത്തിലൂടെയാണ് എസ്‌പി.ആദ്യമായി സംഗീത സംവിധായകനാകുന്നത്. ആ പാട്ടുകൾ ഹിറ്റായതോടെ തൊട്ടതെല്ലാം പൊന്നാക്കുന്ന കലാകാരനായി ബാലസുബ്രമണ്യം മാറി. സുധാചന്ദ്രൻ അഭിനയിച്ച് വൻ ഹിറ്റായ 'മയൂരി' യുടെ ഗാനങ്ങൾ സംഗീതസംവിധാനം ചെയ്തതും ഇദ്ദേഹമാണ്. തമിഴിൽ ശ്രീധർ സംവിധാനംചെയ്ത രജനീകാന്തിന്റെ 'തുടിക്കും കരങ്ങൾ' ഉൾപ്പെടെ തമിഴ്, തെലുങ്ക്, കന്നഡ എന്നിവയിലായി 45 പടങ്ങളുടെ സംഗീത സംവിധായകനായി.

തമിഴിൽ 'കേളടി കൺമണി' എന്ന ചിത്രത്തിൽ കഥാനായകനായിട്ടാണ് എസ്‌പി.അഭിനയ രംഗത്തും തുടക്കമിട്ടത്. രാധികയായിരുന്നു ഇതിൽ നായിക. ശങ്കർ നിർമ്മിച്ച 'കാതലൻ' എന്ന ചിത്രത്തിൽ പ്രഭുദേവയുടെ അച്ഛനായി അഭിനയിച്ചു. ശിഖരം, ഗുണ, തലൈവാസൽ, പാട്ടുപാടവ, മാജിക് മാജിക് എന്നിവ കൂടാതെ തെലുങ്ക് സിനിമകളിലും അഭിനയിച്ചു.പാട്ടുകാരൻ, സംഗീത സംവിധായകൻ, അഭിനേതാവ് എന്നതിനൊപ്പം മികച്ചൊരു ഡബ്ബിങ് ആർട്ടിസ്റ്റുകൂടിയാണ് എസ്‌പി. രജനീകാന്ത്, കമൽഹാസൻ എന്നിവരുടെ ചിത്രങ്ങൾ തെലുങ്കിൽ മൊഴിമാറ്റം നടത്തുമ്പോൾ ഈ താരങ്ങൾക്കു ശബ്ദം നൽകുന്നത് ഇദ്ദേഹമാണ്. ഇതോടൊപ്പം നിരവധി തെലുങ്കുചിത്രങ്ങളിലും ഡബ്ബുചെയ്തിട്ടുള്ള എസ്‌പി. ഏറ്റവും മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള ആന്ധ്രസർക്കാറിന്റെ അവാർഡും നേടി.

റോയൽറ്റി നൽകാതെ തന്റെ പാട്ടുകൾ വേദികളിൽ പാടരുതെന്ന ഇടയരാജയുടെ നിർദ്ദേശം എസ്‌പി ബാലസുബ്രഹ്മണ്യം തള്ളിയതും വൻ വിവാദമായിരുന്നു. ഇളയരാജയുടെ പാട്ടുകൾ ഇനിയും വേദികളിൽ പാടുമെന്നാണ് എസ്‌പി പറയുന്നത്. അദ്ദേഹത്തിന്റെ പാട്ടുകളിൽ താനും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ഗാനങ്ങൾ പൊതുവേദിയിൽ പാടുന്നതിൽ തെറ്റില്ലെന്നുമാണ് ബാലസുബ്രഹ്മണ്യത്തിന്റെ നിലപാട്. ഇത് സംബന്ധിച്ച് ഇളയരാജയും എസ്‌പിയും തമ്മിൽ കേസ് നിലനിൽന്നിരുന്നു. റോയൽറ്റി നൽകാതെ തന്റെ പാട്ടുകൾ പാടരുതെന്ന് കാണിച്ചാണ് ഇളയരാജ ബാലസുബ്രഹ്മണ്യത്തിന് കത്തയച്ചത്. എന്നാൽ ഇത് ഇളയരാജയും തന്റെ ഇളയമകന്റെ കമ്പനിയും തമ്മിലുള്ള കേസാണെന്നാണ് ബാലസുബ്രഹ്മണ്യം പറയന്നത്.. ആ കേസ് അവർ തമ്മിലാണെന്നും തനിക്ക് അതിൽ ബന്ധമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1980 മുതൽ ആയിരത്തിൽ അധികം ഹിറ്റ് ഗാനങ്ങളാണ് ഇളയരാജ- എസ്. പി ബാലസുബ്രഹ്മണ്യം കൂട്ടുകെട്ടിൽ പിറന്നത്. എന്നാൽ താൻ സംഗീതം നൽകിയ പാട്ടുകൾ വേദിയിൽ പാടരുതെന്ന് പറഞ്ഞ്ാണ് അദ്ദേഹം ബാലസുബ്രഹ്മണ്യത്തിന് നോട്ടീസ് അയച്ചത്. റോയൽറ്റി ഇല്ലാതെ പാട്ട് കേൾപ്പിക്കരുതെന്ന ഇളയരാജയുടെ നിലപാട് വ്യാപക വിമർശനങ്ങൾക്ക് കാരണമായിരുന്നു. എസ്‌പിബിയാവട്ടെ അത് തള്ളിക്കളയുകയും ചെയ്തിരുന്നു.

2016ലെ ദേശീയഗാന വിവാദത്തിൽ എസ്‌പിബി അമിതാബച്ചനെ പിന്തുണച്ചതും സോഷ്യൽ മീഡിയിൽ ചർച്ചയായിരുന്നു. ഇന്ത്യ പാക് ട്വന്റിട്വന്റി മത്സരത്തിന് മുന്നോടിയായി ബച്ചൻ ദേശീയ ഗാനം ആലപിച്ചതിനെ ചൊല്ലിയാണ് കേസ് ആയത്. അധിക സമയമെടുത്താണ് ദേശീയ ഗാനം പാടിയത്, വരികളിലുള്ള സിന്ധ് എന്ന വാക്കിനു പകരം സിന്ധു എന്നാണ് ബച്ചൻ ഉച്ഛരിച്ചത് എന്നാണ് ബച്ചനെതിരെ ഷോർട്ട് ഫിലിം സംവിധായകനായ പി ആർ ഉല്ലാസ് ഡൽഹി അശോക് നഗർ പൊലീസിനു നൽകിയ പരാതിയിലുള്ളത്. ഈ സമയത്താണ് അമിതാബിനെ പിന്തുണച്ച് എസ്‌പിബി എത്തിയത്.

'ദേശീയ ഗാനം പാടിത്തീർക്കാൻ ഇത്ര സമയമേ പാടുള്ളുവെന്ന് നിയമത്തിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അതിശയകരം തന്നെ. പക്ഷേ ബച്ചൻ ദേശീയ ഗാനം ആലപിച്ചപ്പോൾ മാത്രമെന്താണ് ഇങ്ങനെയൊരാരോപണം എന്ന് മനസിലാകുന്നില്ല.'- ഇങ്ങനെയാണ് എസ്‌പിബി കുറിച്ചത്. ലതാജീ, ഭീംസൻ ജോഷി, ബാലമുരളി എന്നിവരടങ്ങുന്ന സംഘത്തിനൊപ്പം ഞാനും മുൻപ് ദേശീയ ഗാനം ആലപിച്ചിട്ടുണ്ട്. ആ സമയത്തൊന്നും ഇത്തരമൊരു ആരോപണമൊന്നും ഉയർന്നു കേട്ടില്ലല്ലോ.ബച്ചൻ നല്ല സ്ഫുടതയോടെയും കൃത്യമായ പിച്ചിലുമാണ് ദേശീയ ഗാനം പാടിയതെന്നും എസ്‌പിബി വിലയിരുത്തി.

ഗായകരുടെ സോ കോൾഡ് ചിട്ടകൾ ഒന്നുമില്ലാതെ ജീവിതം ആസ്വദിച്ച മനുഷ്യനായിരുന്നു അദ്ദേഹം. ആറടിയോളം പൊക്കം, തടിച്ച ശരീരം, കുടവയറ് എസ്‌പി ബാലസുബ്രമണ്യത്തിന്റെ രൂപം അങ്ങനെയാണ്. ശാസ്ത്രീയസംഗീതം പഠിക്കാതെ ഗായകനാവുക. നാലുപതിറ്റാണ്ടുകൾ തുടർച്ചയായി ഗാനരംഗത്തു നില്ക്കുക. പാട്ടുപാടുന്നതിൽ റെക്കോഡു സൃഷ്ടിക്കുക. പാട്ടിനൊപ്പം മറ്റു മേഖലകളിലും കഴിവുതെളിയിക്കുക ഇതൊക്കെ ചെയ്തിട്ടുള്ള എസ്‌പി. ഒരു പാട്ടുകാരൻ ജീവിതത്തിൽ സൂക്ഷിക്കേണ്ട നിഷുകളൊന്നുമില്ലാതെയാണ് ജീവിച്ചത്. ശബ്ദം കാത്തുസൂക്ഷിക്കുന്നതിനുള്ള നിഷ്ടുകൾ, ആഹാരത്തിലുള്ള പഥ്യം, തണുത്ത ആഹാരം ഒഴിവാക്കാൻ ഇതൊന്നും നോക്കാതെയുള്ള പ്രകൃതം മറ്റുള്ളവരെ അതിശയപ്പെടുത്തുന്നതാണ്. അതിനെപ്പറ്റി എസ്‌പി.ബാലസുബ്രമണ്യം തന്നെ പറയുന്നത് ഇങ്ങനെയാണ്.

'തൊഴിൽ എനിക്കു ദൈവം പോലെ എന്നുവെച്ച് ജീവിതം എനിക്കു പ്രധാനമാണ്. ജീവിതത്തിൽ സാധാരണ മനുഷ്യരെപ്പോലെയാണ്. ഞാൻ ശബ്ദം സൂക്ഷിക്കാൻ പ്രത്യേകമായി ഒന്നും ചെയ്യാറില്ല. ഐസ്‌ക്രിം, ഐസ്വാട്ടർ, മധുരപലഹാരങ്ങൾ ഇതെല്ലാം കഴിക്കും. തണുപ്പത്ത് മഫ്ലർ ചുറ്റാനോ ഒന്നും പോകാറില്ല. ഇതൊക്കെ വേണമെന്ന് എന്റെ സുഹൃത്തുക്കൾ പറയാറുണ്ട്. സഹപ്രവർത്തകർ ഉപദേശിക്കാറുണ്ട്. എങ്കിലും തൊഴിലിനുവേണ്ടി സ്വകാര്യ ജീവിത സന്തോഷങ്ങളെ മാറ്റി നിറുത്താൻ ഞാൻ ഒരുക്കമല്ലായിരുന്നു. ഇങ്ങനെയെല്ലാം ചിട്ടകൾ പാലിച്ചാൽ കൂടുതൽ കാലം ശബ്ദം സൂക്ഷിക്കാൻ പറ്റുമായിരിക്കാം. എന്നാൽ എന്റെ രീതി മറ്റൊന്നാണ്. ഈ തൊഴിലും ജീവിതവും കൊണ്ട് ഞാൻ പൂർണസംതൃപ്തനാണ്. ഞാനിങ്ങനെ ചെയ്യുന്നതുകൊണ്ട് മറ്റു ഗായകരും ഇങ്ങനെ വേണമെന്ന അഭിപ്രായം എനിക്കില്ല. അവർ ശബ്ദം സൂക്ഷിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതുതന്നെ. അതിൽ എന്നെ ഒരിക്കലും മാതൃകയാക്കണ്ട. എൻേറത് ഒരു പ്രത്യേകസൃഷ്ടിയാണെന്നു മാത്രം വിചാരിച്ചാമതി എന്നും അദ്ദേഹം ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

 കഴിഞ്ഞ സെപ്റ്റംബർ ഏഴിനായിരുന്നു ഭാര്യ സാവിത്രിയുമൊത്തുള്ള 51 മത്തെ വിവാഹവാർഷികം രോഗകിടക്കയിലും അദ്ദേഹം ആഘോഷിക്കുന്നത്. ഈ ദമ്പതികൾക്ക്  എസ്.പി.ബി. ചരൺ എന്നൊരു മകനും, പല്ലവി എന്നൊരു മകളുമുണ്ട്. എസ്.പി.ബി. ചരൺ അച്ഛന്റെ വഴി പിന്തുടർന്ന് ഗായകനും നടനുമായി ശ്രദ്ധ നേടി കഴിഞ്ഞു. താരാപഥം എന്ന് തുടങ്ങുന്ന  ഗാനമാലപിച്ച്  കൊണ്ട് മലയാള സിനിമയിൽ ഹിറ്റ്  സമ്മാനിക്കാനും അദ്ദേഹത്തിന് സാധിച്ചു. സംഗീത പ്രേമികൾക്ക് അനവധി ഗാനങ്ങൾ സംഭാവന ചെയ്യാനിരിക്കെയാണ്  വിടവാങ്ങൽ.

 

Read more topics: # SP Balasubramanyam realistic life
SP Balasubramanyam realistic life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES