മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഗാനങ്ങള്‍ സമ്മാനിച്ച പാട്ടുകാരനാണ് ശ്രീനിവാസ്. സമ്മര്‍ ഇന്‍ ബെത്ലഹേമിലെ എത്രയോ ജന്മമായ് മുതല്‍ ഹൃദയത്തെ സര്‍വ സദാ വരെ നൂറോളം പാട്ടുകളാണ് അദ്ദേഹം പാടിയിട്ടുള്ളത്. മാത്രമല്ല, സ്റ്റാര്‍ സിംഗറിലും ടോപ്പ് സിംഗറിലും അടക്കമുള്ള റിയാലിറ്റി ഷോകളിലെ ജഡ്ജായും മിനിസ്‌ക്രീനില്‍ നിറഞ്ഞിട്ടുള്ള ശ്രീനിവാസിന്റെ രണ്ടാമത്തെ മകളുടെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഏഴു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് മകള്‍ സുനന്ദയുടെ വിവാഹം നടന്നിരിക്കുന്നത്. അതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.
ചെന്നൈയില്‍ വച്ചു നടന്ന വിവാഹത്തില്‍ മണിരത്‌നം അടക്കമുള്ള സിനിമാ ലോകത്തെ പ്രമുഖരാണ് സുനന്ദയ്ക്കും ആനന്ദിനും ആശംസകള്‍ നേരാന്‍ എത്തിയത്. ഏഴുവര്‍ഷത്തെ പ്രണയ സാക്ഷാത്കാരമായി സുനന്ദയുടെ കഴുത്തില്‍ ആകാശ് മിന്നു കെട്ടിയതിന്റെയും ഗംഭീരമായി നടന്ന വിവാഹ ആഘോഷത്തിന്റെയും ചിത്രങ്ങളും വീഡിയോകളും മറ്റും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ അതില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് അമ്മായിയച്ഛന്‍ ശ്രീനിവാസന്റെയും മരുമകന്‍ ആനന്ദിന്റെയും ഒരു വീഡിയോയാണ്. കല്യാണം നടന്ന ഓഡിറ്റോറിയത്തില്‍ ഒരു ട്രെയിന്‍ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ആ ട്രെയിനില്‍ കയറി കാശിക്ക് പോകാന്‍ ഒരുങ്ങുന്ന മരുമകന്‍ ആനന്ദിനെ വിളിച്ചിറക്കി കൊണ്ടുവരികയും മകളുടെ കഴുത്തില്‍ താലികെട്ടിക്കുകയും ചെയ്യുന്ന ശ്രീനിവാസിന്റെ രംഗം രസകരമാണ്.
ഐടിഐക്കാരിയും മോഡലുമാണ് സുനന്ദ. ഇപ്പോള്‍ പതിയെ സംഗീത രംഗത്ത് തുടക്കം കുറിച്ചുവരികയാണ്. ശ്രീനിവാസിന്റെ മൂത്തമകള്‍ ശരണ്യ അച്ഛനെ പോലെ സംഗീത ലോകത്ത് കഴിവ് തെളിയിച്ചു കഴിഞ്ഞു. 2017ലായിരുന്നു ശരണ്യയുടെ വിവാഹം കഴിഞ്ഞത്. മെര്‍സല്‍ എന്ന സിനിമയിലെ ഗായികയായി ശ്രദ്ധ നേടിയ ശരണ്യ നാരായണ്‍കുമാര്‍ എന്ന യുവാവിനെയാണ് വിവാഹം ചെയ്തത്. വിവാഹ ദിനത്തില്‍ തന്നെ വിജയ് ചിത്രം മെര്‍സലിലെ ശരണ്യ പാടിയ ഗാനം റിലീസ് ചെയ്യുകയും ചെയ്തിരുന്നു. ഒപ്പം കല്യാണത്തിന് അതിഥിയായി ആ പാട്ടിന്റെ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനുമെത്തിയിരുന്നു. വിവാഹ മണ്ഡപത്തിലെത്തിയ റഹ്മാന്‍ ഇരുവരെയും അനുഗ്രഹിച്ചപ്പോള്‍ ഇതിലും വലിയൊരു വിവാഹ സമ്മാനം മകള്‍ക്ക് കിട്ടാനില്ലെന്നാണ് ശ്രീനിവാസ് പറഞ്ഞത്.
ചേച്ചിയുടെ പ്രണയം ആദ്യം അച്ഛനോടു പറഞ്ഞതു സുനന്ദ ആയിരുന്നു. ഉടന്‍ തന്നെ ശ്രീനിവാസ് ഗ്രീന്‍ സിഗ്‌നല്‍ കാണിച്ചതോടെ ഒരു വര്‍ഷത്തിനകം അവരുടെ വിവാഹവും കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തന്റെ പ്രണയവും അച്ഛനോടു പറയുവാന്‍ സുനന്ദയ്ക്ക് മടിയുണ്ടായിരുന്നില്ല. ആദ്യം അമ്മയോടാണ് സുനന്ദ പറഞ്ഞത്, അതിന് ശേഷം അച്ഛനോടും പറയുകയായിരുന്നു. നീ ഓകെയാണോ, അപ്പോള്‍ എനിക്ക് സമ്മതം എന്നാണത്രെ ശ്രീനിവാസ് മകളോട് പറഞ്ഞത്. അച്ഛന്റെയും അമ്മയുടെയും സ്‌നേഹ ബന്ധം കണ്ട് വളര്‍ന്നവരാണ് ശരണ്യയും സുനന്ദയും. സുജു എന്നാണ് ശ്രീനിവാസന്റെ ഭാര്യയുടെ പേര്.
അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷമാണ് ഇരുവരും പ്രണയിച്ചു തുടങ്ങിയത്. ശ്രീനിവാസന്റെ കരിയറിന് സുജു നല്‍കിയ പിന്തുണ ഒട്ടും ചെറുതല്ല. ഭാര്യ ഇല്ലായിരുന്നുവെങ്കില്‍ കരിയറില്‍ ഇത്രയും മുന്നോട്ടു വരാന്‍ തനിക്ക് സാധിക്കില്ലായിരുന്നുവെന്ന് ശ്രീനിവാസ് പറഞ്ഞിട്ടുണ്ട്. എന്റെ കടമകളും ഉത്തരവാദിത്വങ്ങളും എല്ലാം സുജു ഏറ്റെടുത്തു നടത്തി, ഒരു ഗായകന്‍ എന്ന നിലയില്‍ എന്നെ പൂര്‍ണമായും സ്വതന്ത്ര്യനാക്കി എന്നാണ് ശ്രീനിവാസ് പറഞ്ഞത്.