സംവിധായകൻ സച്ചിയുടെ വേർപാട് സിനിമ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയതായിരുന്നു. എന്നാൽ സച്ചി തങ്ങളെ മരണത്തിന് ഒരാഴ്ച മുമ്പാണ് വിളിക്കുന്നതെന്നും അട്ടപ്പാടിയിലേക്ക് വരുന്നെന്ന് അദ്ദേഹം പറഞ്ഞെന്നും അയ്യപ്പനും കോശിയും സിനിമയിലെ അഭിനേതാവ് പഴനിസ്വാമി പറഞ്ഞു . സച്ചിയെക്കുറിച്ചും നഞ്ചമ്മയെക്കുറിച്ചുമുള്ള ഒാർമകൾ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് പഴനിസാമി പങ്കുവയ്ക്കുന്നത്.
അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.
സച്ചിസാറും അട്ടപ്പാടിയും പിന്നെ ഞങ്ങളും....
സച്ചിസാർ എനിക്ക് എന്റെ ജീവിതത്തിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല സന്തോഷം തന്നു, ഏറ്റവും വലിയ ദുഃഖവും തന്നു. ഇപ്പോഴും എനിക്കോ നഞ്ചമ്മചേച്ചിക്കോ ഉൾക്കൊള്ളാനായിട്ടില്ല അദ്ദേഹത്തിന്റെ വേർപ്പാട്. ജുൺമാസം ഏഴാം തിയ്യതിയാണ് അതായത് അദ്ദേഹത്തിന്റെ മരണത്തിന് ഒരാഴ്ചമുമ്പാണ് അദ്ദേഹം എന്നെ അവസാനമായി വിളിച്ചത്. ഞാനപ്പോൾ ദിരാർസാറിനോടൊപ്പം അക്കയുടെ( നഞ്ചമ്മ) വീട്ടിലുണ്ടായിരുന്നു. രണ്ട്മൂന്ന് ദിവസം അട്ടപ്പാടിയിൽ വന്ന് സ്വസ്ഥമായി ഇരിക്കാൻ ആഗ്രഹിക്കുന്നുവെന്നും നാളെ അങ്ങോട്ട് വരികയാണെന്നും പറഞ്ഞു. നഞ്ചമ്മയുടെ വീട്ടിലും വരണമെന്നും വിചാരിക്കുന്നുവെന്ന് പറഞ്ഞു. ഞാൻ അപ്പോൾ നഞ്ചമ്മയുടെ വീട്ടിലുെണ്ടന്നും ദിരാർസാർ കൂടെയുണ്ടെന്നും പറഞ്ഞു. അക്കയുടെ ജീവിതം സംബന്ധിച്ച ഒരു പുസ്തകം തയ്യാറാക്കാനാണ് അദ്ദേഹം വന്നത്. പിന്നെ അവരുമായി കുറെ നേരം അദ്ദേഹം സംസാരിച്ചു. ഒരിക്കൽകൂടി ഒരുമിച്ച് കാണാമല്ലോ എന്ന ഒരു വലിയ സന്തോഷം അപ്പോൾ ഞങ്ങൾക്കുണ്ടായി. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമപ്പോൾ അക്കയുടെ മുഖത്ത് ഉണ്ടായിരുന്നു. അട്ടപ്പാടിയേയും ആദിവാസി സംഗീതത്തേയും തന്റെ സിനിമയിലൂടെ ലോകത്തിന്റെ നെറുകയിലെത്തിച്ച ആ മനുഷൃൻ സിനിമയുടെ വിജയങ്ങളൊന്നും ആസ്വദിക്കാൻ പറ്റാത്തവിധം ആരോഗൃപ്രശ്നങ്ങളിൽ വിഷമിച്ചുക്കൊണ്ടിരിക്കുകയായിരുന്നു എന്ന കാരൃം ഞങ്ങൾക്ക് അറിയാമായിരുന്നു.
തമ്മിൽ കാണാമെന്ന മോഹത്തോടെ ഞങ്ങൾ കാത്തിരുന്നു. പക്ഷെ,അദ്ദേഹത്തിന്റെ ആ യാത്ര നടന്നില്ല. മൂന്നാല് ദിവസങ്ങൾ അങ്ങനെപോയി. ഒരു ദിവസം ഷിബു ഭാസ്ക്കർ എന്ന ഡയറക്ടർ വിളിച്ചാണ് എന്നോട് സച്ചിസാറിന് ഹാർട്ട് അറ്റാക്ക് വന്നുവെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നുമുള്ള വേദനിപ്പിക്കുന്ന വിവരം പറയുന്നത്. അപ്പോൾ തന്നെ അയ്യപ്പനും കോശിയും സിനിമയുടെ അസ്സോസ്സിയേറ്റ് ഡയറക്ടറായ ജയൻനമ്പൃരെ വിളിച്ച് കാര്യമന്വേഷിച്ചു. അത് സത്യമാകല്ലേ എന്ന് പ്രാർത്ഥിച്ചെങ്കിലും അത് സതൃമായിരുന്നു പിന്നെ ഞങ്ങൾ കാണുന്നത് ജീവനില്ലാത്ത സച്ചി സാറിനെയാണ്. അത് പറയാനുള്ള ശേഷി എനിക്ക് ഇപ്പോഴും വന്നിട്ടില്ല.
രണ്ട് വർഷത്തോളമായി സ്ക്രിപ്റ്റ് എഴുത്തുമായി ബന്ധപ്പെട്ട് സച്ചി സാർ അട്ടപ്പാടിയിലുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത് അല്പം വൈകിയാണ്. ദിരാർസാറും ജിജിയേട്ടനും നൽകിയ വിവരം അനുസരിച്ച് ഞാൻ അദ്ദേഹത്തെ കാണാൻ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ കൂടെ പാട്ടെഴുത്തുക്കാരൻ റഫീക്ക് അഹമ്മദു സാറുമുണ്ടായിരുന്നു. ഞാനപ്പോൾ ഞങ്ങളുടെ ആസാദ് കലാസമിതിയെക്കുറിച്ചും നഞ്ചമ്മയെക്കുറിച്ചും എന്റെ സിനിമാഭിനയമോഹത്തെക്കുറിച്ചും പറഞ്ഞു. അവർ വളരെ സ്നേഹത്തോടേയും ക്ഷമയോടേയും ഞാൻ പറയുന്നത് കേട്ടുക്കൊണ്ടിരിന്നു. 24 വർഷം മുമ്പ് അട്ടപ്പാടിയിലെ വട്ട്ലക്കി എന്ന സ്ഥലത്ത് പൂ കൃഷി ചെയ്യാൻ ഞാൻ വന്നിട്ടുണ്ടെന്ന കാരൃം അപ്പോഴാണ് സച്ചി സാർ എന്നോട് പറയുന്നത്.അന്ന് അദ്ദേഹം വക്കീൽപോലുമായിട്ടില്ല. അന്ന് മുതൽ അട്ടപ്പാടി എന്ന ഭൂപ്രദേശവും മനുഷൃരും അദ്ദേഹത്തിന്റെ മനസ്സിൽ കുടിയേറിയിട്ടുണ്ട് എന്ന കാരൃം എനിക്ക് മനസ്സിലായി. ആദിവാസികളുടെ പാട്ട് വേണം എന്നല്ലാതെ എനിക്ക് ഒരു നല്ല വേഷം നൽകണമെന്ന് അപ്പോഴും അദ്ദേഹം കരുതിയിരുന്നില്ല. അതിന് മാറ്റം വന്നത് ഒരു ദിവസം ഞാൻ എന്നെക്കുറിച്ച് ദിരാർസാർ എഴുതിയ എഴുത്ത് മാഗസിനിലെ ലേഖനം നൽകിയപ്പോഴാണ്. ആ ലേഖനം അദ്ദേഹം എല്ലാ അസോസിയേറ്റ്/അസിസ്റ്റന്റ് ഡയറക്ടറന്മാർക്കും മുമ്പിൽ വായിച്ച് കേൾപ്പിച്ചു. അത് വായിച്ചശേഷം അദ്ദേഹം എന്നോട് രണ്ട് മൂന്ന് കാരൃങ്ങൾ വികാരപരവശനായി പറഞ്ഞു. നിനക്ക് ഞാനീ സിനിമയിൽ നല്ല വേഷം തരും. നീ എന്റെ കൂടെ നിന്ന് സിനിമ പഠിക്കണം. അഭിനയം മാത്രമല്ല,സംവിധാനവും. ആദിവാസിജീവിതവുമായി ബന്ധപ്പെട്ട ഒരു സിനിമ നീ തന്നെ സംവിധാനം ചെയ്യണം. ഏത് പാതിരാത്രിയിലും നിനക്കെന്നെ വിളിക്കാം. ഞാനപ്പോൾ പ്രതികരിച്ചില്ലെങ്കിൽ വിഷമം തോന്നരുത്. പിറ്റേദിവസം തിരിച്ചു വിളിച്ചിരിക്കും. ആ വാക്കുകൾ എനിക്ക് കിട്ടിയ ഒരു നിധിയായിരുന്നു. സന്തോഷംകൊണ്ട് ഞാൻ മതിമറന്ന നിമിഷങ്ങളായിരുന്നു അത്.
അദ്ദേഹം തന്റെ വാക്ക് നൂറ് ശതമാനം പാലിച്ചു. ഒരു വലിയ നടന് വേണ്ടി കരുതി വെച്ച ഫൈസൽ എന്ന കഥാപാത്രത്തെ എനിക്ക് തന്നു. (സാധാരണഗതിയിൽ ആദിവാസിയാണെങ്കിൽ ഒരാദിവേഷം കിട്ടും.) സൂപ്പർസ്റ്റാറായ പൃഥിരാജ് സാറിനൊപ്പവും ബിജുമേനോൻ സാറിനൊപ്പം അഭിനയിപ്പിച്ചു. കണ്ണമ്മ എന്ന ശക്തയായ ആദിവാസി കഥാപാത്രത്തെ സൃഷ്ടിച്ച്, ഗൗരി എന്ന ആദിവാസിയല്ലാത്ത നടിയെക്കൊണ്ട് അഭിനയിപ്പിച്ചു. പതിവ് രീതിയിൽനിന്ന് വളരെ വൃത്യസ്തമായ ഒരു സമീപനം ഒരു കൊമേഴ്സൃൽ സിനിമയിൽപോലും വളരെ വിദഗ്ദമായി അദ്ദേഹം സ്വീകരിക്കുന്നത് ഞാൻ കണ്ടു. അട്ടപ്പാടിയുടെ പ്രകൃതിയും മനുഷൃരും അതുവരെ കാണാത്ത ജീവിതസാഹചരൃങ്ങളിൽ അയ്യപ്പനും കോശിയിലും പ്രതൃക്ഷപ്പെട്ടു. ആദിവാസി സംഗീതത്തിന് അത് വഴി ലോകത്തിൽ വലിയ സ്വീകാരൃത കിട്ടി. ഇപ്പോൾ ആദിവാസികൾക്കിടയിലും അതിന്റെ പേരിൽ ഒരു അത്മാഭിമാനം ഉണ്ടായതായി ഞാൻ കാണുന്നു. നഞ്ചമ്മയുടെ പാട്ടുകൾ ലോകം കേട്ടതോടെ പുതിയ തലമുറയും അവർ ഉപേക്ഷിക്കാൻ തുടങ്ങിയ പാട്ടും ആട്ടവും വീണ്ടെടുക്കാൻ തുടങ്ങിയിരിക്കുന്നു. എന്നും എപ്പോഴും അട്ടപ്പാടി എന്ന പ്രയോഗം വളരെ ചീത്തയായാണ് കേരളത്തിൽ നിലനിൽക്കുന്നത്. അത് മാറ്റാൻ കൂടി ഈ സിനിമ സഹായിച്ചിട്ടുണ്ടെന്ന് ഞാൻ വിചാരിക്കുന്നു. പ്രിയപ്പെട്ട സച്ചിസാർ നിങ്ങളുടെ വിയോഗം എന്റെയോ നഞ്ചമ്മ അക്കയുടേയോ സിനിമാലോകത്തിന്റെയോ മാത്രം ദു:ഖമല്ല,ആദിവാസി സമൂഹത്തിന്റെയും അട്ടപ്പാടിയുടേയും ദുഃഖമാണത്. വിട സച്ചിസർ.വളരെ വളരെ വേദനയോടെ...