18-ാം വയസില്‍ ഐജി ഓഫീസിലെ പൊലീസ് ഉദ്യോഗം;വക്കീല്‍ പഠനം ഉപേക്ഷിച്ച് ദുബായ്ക്കാരനായി; സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിച്ച് മിഥുന്‍ രമേഷ് സ്റ്റേജിലെ സൂപ്പര്‍ സ്റ്റാറായ കഥ

Malayalilife
 18-ാം വയസില്‍ ഐജി ഓഫീസിലെ പൊലീസ് ഉദ്യോഗം;വക്കീല്‍ പഠനം ഉപേക്ഷിച്ച് ദുബായ്ക്കാരനായി; സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിച്ച് മിഥുന്‍ രമേഷ് സ്റ്റേജിലെ സൂപ്പര്‍ സ്റ്റാറായ കഥ

നടനും ആര്‍ജെയുമായെല്ലാം തിളങ്ങിയിട്ടുണ്ടെങ്കിലും അവതാരകനായപ്പോഴാണ് മിഥുന്‍ രമേഷിന്റെ ജീവിതം മാറിമറിഞ്ഞത്. കോമഡി ഉത്സവം എന്ന റിയാലിറ്റി ഷോ സൂപ്പര്‍ഹിറ്റ് ആയി മാറിയതില്‍ മിഥുന്റെ പങ്ക് ചെറുതല്ല. മിനിസ്‌ക്രീനിലേക്കുള്ള മിഥുന്റെ ചുവടുവയ്പ്പ് ക്ലച്ച് പിടിച്ചത് അതിനു ശേഷമാണെന്നു പറയാം. പിന്നീടങ്ങോട്ട് വളര്‍ച്ചയുടെ പടവുകളായിരുന്നു. അതിനിടെ ബെല്‍സി പാള്‍സി എന്ന രോഗത്തിനു മുന്നില്‍ ചെറുതായി ചുവടിടറിയെങ്കിലും ആരാധകരും പ്രിയപ്പെട്ടവരും നല്‍കിയ കരുത്തില്‍ ജീവിതം തിരിച്ചു പിടിച്ച അദ്ദേഹം ഇന്ന് ദുബായില്‍ ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം സന്തോഷകരമായ ദാമ്പത്യം നയിക്കുകയാണ്. അതോടൊപ്പം പരിപാടികളുടെ തിരക്കുകള്‍ ഉണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലും സജീവസാന്നിധ്യമാകുവാന്‍ മറക്കാറില്ല.

തിരുവനന്തപുരം സ്വദേശിയാണ് 42കാരനായ മിഥുന്‍. ലെയോളോ സ്‌കൂളിലും മാര്‍ ഇവാനിയോസിലുമെല്ലാമായിരുന്നു മിഥുന്റെ പഠനം. അങ്ങനെയിരിക്കെയാണ് പ്രീഡിഗ്രിയ്ക്ക് പഠിക്കവേ 17-ാം വയസില്‍ അച്ഛന്‍ രമേശ് ചന്ദ്രശേഖരന്‍ നായര്‍ മരണപ്പെടുന്നത്. പൊലീസുകാരനായിരുന്നു പിതാവ്. സര്‍വ്വീസിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ശേഷം പ്രീഡിഗ്രി പൂര്‍ത്തിയാക്കി എല്‍എല്‍ബിയ്ക്കും ചേര്‍ന്നു. വീട്ടുകാര്‍ക്ക് ഡോക്ടറോ എഞ്ചിനീയറോ ഒക്കെ ആക്കാനായിരുന്നു താല്‍പര്യം. എങ്കിലും അതിനിടെയാണ് 18 വയസായപ്പോള്‍ മിഥുനെ തേടി അച്ഛന്റെ ജോലി എത്തിയത്. ഐജി ഓഫീസിലായിരുന്നു നിയമനം. എന്നാല്‍ മനസു മുഴുവന്‍ സിനിമയും കലയും കൊണ്ടു നടന്നിരുന്ന മിഥുന് ആ ജോലി സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയുമായിരുന്നില്ല.

അങ്ങനെയിരിക്കെയാണ് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം മിഥുനെ തേടി ആദ്യ സിനിമാ ഓഫര്‍ ലഭിച്ചത്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ രാജന്‍ പണിക്കര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ജോലിയ്ക്ക് ലീവ് എഴുതി നല്‍കി സിനിമാ - സീരിയല്‍ അഭിനയത്തിലേക്ക് ഇറങ്ങി. പിന്നീട് ശേഷം, നമ്മള്‍, സ്വപ്നംകൊണ്ട് തുലാഭാരം, റണ്‍വേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചുവെങ്കിലും വലിയ മാറ്റം നല്‍കിയത് വെട്ടം സിനിമയിലെ ഫെലിക്സ് എന്ന കഥാപാത്രമായിരുന്നു. അപ്പോഴേക്കും സാമ്പത്തിക ഭദ്രത ഉറപ്പില്ലാത്ത മേഖല ആയതിനാല്‍ തന്നെ വീട്ടുകാരുടെ സമ്മര്‍ദ്ദവും തുടങ്ങിയിരുന്നു.

തുടര്‍ന്നാണ് ദുബായിലേക്ക് വിമാനം കയറിയത്. അന്നൊന്നും റേഡിയോ ജോക്കിയായി മാറുന്നത് ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല. എങ്കിലും ദുബായിലെ കിട്ടുന്ന ഷോകല്‍ലൊക്കെ അവതാരകനായി എത്തി. സിനിമാ താരമെന്ന പരിഗണന കൂടി അവതാരകനായി മാറിയപ്പോള്‍ കിട്ടിയിരുന്നു. എഫ്എമ്മിലെ ജോലിയും കൂടിയായപ്പോള്‍ സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുവാനായി. ഇന്ന് ദുബായിലെ മാത്രമല്ല, മലയാള സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള അവതാരകരില്‍ ഒരാളാണ് മിഥുന്‍. ഇതിനിടയിലും നിരവധി സിനിമകളില്‍ അഭിനയിക്കുകയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുകയുമെല്ലാം ചെയ്തിരുന്നു.

അങ്ങനെയിരിക്കെയാണ് കോമഡി ഉത്സവത്തിലേക്ക് എത്തിയത്. കരിയറില്‍ വലിയൊരു മാറ്റം നല്‍കിയത് കോമഡി ഉത്സവമായിരുന്നു. മൂന്നു വര്‍ഷം തുടര്‍ച്ചയായി ഈ പ്രോഗ്രാം അവതരിപ്പിച്ചതിനു ശേഷം ബഡായ് ബംഗ്ലാവിലേക്കും എത്തി. രമേഷ് പിഷാരടിയാണ് മിഥുനെ ബഡായി ബംഗ്ലാവിലേക്ക് വിട്ടത്. എന്നാല്‍ ദുബായിലെ ജോലിയും ലീവ് പ്രശ്നങ്ങളും കാരണം ബഡായ് ബംഗ്ലാവില്‍ തുടരാന്‍ സാധിക്കാതെ വരികയായിരുന്നു. തിരിച്ച് കോമഡി ഉത്സവത്തിലേക്ക് തന്നെ എത്തിയ മിഥുന്റെ സംസാരവും അദ്ദേഹത്തിന്റെ സാന്നിധ്യവുമാണ് ആരാധകരെ സൃഷ്ടിക്കുന്നത്.

2008ലാണ് മിഥുന്‍ വിവാഹം കഴിച്ചത്. സോഷ്യല്‍ മീഡിയാ താരമായ ലക്ഷ്മി മേനോനെയാണ് മിഥുന്‍ വിവാഹം കഴിച്ചത്. തന്‍വി ഏകമകളാണ്. ഇപ്പോള്‍ കുടുംബസമേതം ദുബായില്‍ സെറ്റില്‍ഡാണ് മിഥുന്‍ രമേഷ്. ദുബായിലെ പരിപാടികളും നാട്ടിലെ ടെലിവിഷന്‍ ഷോകളുമെല്ലാമായി വിശ്രമമില്ലാത്ത യാത്രകളാണ് മിഥുന്‍ കുറച്ചു കാലമായി നടത്തിവന്നിരുന്നത്. തുടര്‍ന്ന് ബെല്‍സ് പാള്‍സി എന്ന രോഗവും നടനെ ബാധിച്ചിരുന്നു. തന്നെ സ്നേഹിക്കുന്ന ഒരുപാടു പേരുണ്ടെന്നും താനത് തിരിച്ചറിഞ്ഞ കാലമാണ് അസുഖം ബാധിച്ച ദിനങ്ങളെന്നും മിഥുന്‍ തുറന്നു പറഞ്ഞിരുന്നു. പ്രിയപ്പെട്ടവരുടെയും ആരാധകരുടെയും പ്രാര്‍ത്ഥനയ്ക്കൊടുവില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്ന മിഥുന്‍ ഇപ്പോള്‍ വീണ്ടും ടെലിവിഷന്‍ രംഗത്ത് സജീവമാണ്. പ്രവാസജീവിതത്തിന്റെ 20 വര്‍ഷങ്ങള്‍ നടന്‍ പിന്നിടുകയാണെന്ന പ്രത്യേകതയും കൂടി ഇപ്പോഴുണ്ട്.

miithun ramesh life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES