തന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി നടി തൃഷ. ഇന്‍സ്റ്റഗ്രാം വഴി തൃഷ തന്നെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്. അക്കൗണ്ട് വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും. അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കരുതെന്നും നടി തന്റെ ഇന്‍സ്റ്റ സ്റ്റോറിയില്‍ പറഞ്ഞു.
'സുഹൃത്തുക്കളെ, എന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടു. പോസ്റ്റ് ചെയ്തതെല്ലാം തിരുത്തുന്നതുവരെ അത് എന്റെ നിയന്ത്രണത്തിലല്ല. നന്ദി' എന്ന് തൃഷ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തു. ക്രിപ്റ്റോകറന്‍സി തട്ടിപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പോസ്റ്റ് ഇപ്പോള്‍ ഡിലീറ്റ് ചെയ്തതിന് ശേഷമാണ് തൃഷയുടെ പ്രസ്താവന വന്നത്. ഇത് അവരുടെ ഫോളോവേഴ്സില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. നിഗൂഢമായ പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പിന്നീട് അവരുടെ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്ത ഒരു പോസ്റ്റില്‍ തൃഷയുടെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്: 'ഇതാദ്യമായി ഇത്തരമൊരു കാര്യം ചെയ്യാന്‍ എനിക്ക് ആവേശമുണ്ട്. ഞാന്‍ സ്വന്തമായി ഒരു ക്രിപ്റ്റോകറന്‍സി സൃഷ്ടിച്ചു, ഇപ്പോള്‍ അത് ലൈവായി! ഞാന്‍ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു.' ഇതായിരുന്നു തൃഷയുടെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടില്‍ വന്ന പോസ്റ്റ്.
തൃഷയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. 2017 ല്‍, ജല്ലിക്കട്ട് വിവാദത്തില്‍ പെറ്റയെ പിന്തുണച്ചുവെന്ന് ആരോപിച്ച് അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പ്രവര്‍ത്തകര്‍ തൃഷയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇത് ഹാക്ക് ചെയ്തതാണെന്ന് വ്യക്തമാക്കി അമ്മ രംഗത്തെത്തിയിരുന്നു. 'ആരോ അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്തു. തൃഷ ഉടന്‍ തന്നെ അക്കൗണ്ട് നിര്‍ജ്ജീവമാക്കി.'