അമേരിക്കയിലെ യുദ്ധം കറുപ്പും വെളുപ്പും തമ്മിലല്ല; മനുഷ്യത്വവും മനുഷ്യത്വരാഹിത്യവും തമ്മിലുള്ളതാണ്; തമ്പി ആന്റണിയുടെ വാക്കുകളിലൂടെ

Malayalilife
അമേരിക്കയിലെ യുദ്ധം കറുപ്പും വെളുപ്പും തമ്മിലല്ല; മനുഷ്യത്വവും മനുഷ്യത്വരാഹിത്യവും തമ്മിലുള്ളതാണ്; തമ്പി ആന്റണിയുടെ വാക്കുകളിലൂടെ

ലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് തമ്പി ആന്റണി. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം ഇപ്പോൾ അമേരിക്കയിലെ യുദ്ധം കറുപ്പും വെളുപ്പും തമ്മിലല്ല, മനുഷ്യത്വവും മനുഷ്യത്വരാഹിത്യവും തമ്മിലുള്ളതാണ് എന്ന് തുറന്ന് പറയുകയാണ്.

തമ്പി ആന്റണിയുടെ വാക്കുകളിലൂടെ 

അമേരിക്കയിലെ യുദ്ധം കറുപ്പും വെളുപ്പും തമ്മിലല്ല, മനുഷ്യത്വവും മനുഷ്യത്വരാഹിത്യവും തമ്മിലുള്ളതാണ്.  വെളുത്ത വർഗക്കാരൻ കറുത്തവനെ കൊന്നിട്ടും കറുത്തവർ ഒരു വെള്ളക്കാരനെയുംപോലും കൊന്നിട്ടില്ല എന്നോർക്കണം. ഇനി ഇതിലൊന്നിലും പെടാത്ത മറ്റൊരു വർഗം എല്ലാനാട്ടിലുമുണ്ടാകും. അവർ അവസരത്തിനൊത്തു അന്യന്റെ  മുതലുകൾ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയുന്ന കൊള്ളക്കാരാണ്. അതിൽ  കറുപ്പും വെളുപ്പും മഞ്ഞയും തവിട്ടുംമെല്ലാമുണ്ട്. 

അതുകൊണ്ടുതന്നെ അതൊന്നും ജാതീയമോ  വർഗീയമോ ആയിരിക്കാനിടയില്ല  എന്നാണനുമാനിക്കേണ്ടത്. ഇന്ത്യയിലാണെങ്കിൽ എല്ലാം വർഗീയമായ കാഴ്ചപ്പാടിലാണ് നമ്മൾ കാണുന്നത്. ഒരു ജാതിയോ ഒരു വർഗമോ മറ്റൊരു ജാതിയെയോ വർഗത്തെയോ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യ്താൽ,   തെറ്റും ശരിയും നോക്കാതെ അന്ധമായ മതഭ്രാന്തിൽപെട്ട് ഒരുകൂട്ടം ആളുകൾ ഒന്നിച്ചുനിന്നാണ് അവർക്കെതിരായി ആക്രമണങ്ങൾ അഴിച്ചുവുടുന്നത്. അത് മുതലാക്കാൻ രാഷ്ട്രീയക്കാരുടെ ഒരു പടതന്നെയുണ്ടാകും. അവരുടെ ലക്ഷ്യം വോട്ടുബാങ്ക് മാത്രമാണ്. 

നമുക്കറിയാം സിക്കുകാരൻ ഇന്ദിരാഗാന്ധിയെ വധിച്ചപ്പോൾ സംഭവിച്ചതതാണ്. ആ വധത്തെ വർഗീയവൽക്കരിച്ചു, സിക്കുകാരെ തിരഞ്ഞുപിടിച്ചു കൂട്ടക്കൊല ചെയ്യ്തു . എല്ലാ വർഗത്തിലും ജാതിയിലും വിഷം ചീറ്റുന്നവരുണ്ടാകും; കൊള്ളക്കാരും കൊലപാതകികളും പീഡകരും ഉണ്ടാകും. അത്തരക്കാരേ  ഒറ്റതിരിഞ്ഞു കാണാതെ ഒരു വർഗത്തെയോ ജാതിയെയോ അടച്ചാക്ഷേപിക്കുന്നതിൽ ഒരു രീതിയാണ് നമ്മൾ കണ്ടു ശീലിച്ചിട്ടുള്ളത് .

അതുകൊണ്ടു ഒരിക്കലും അത് ശരിയായ പ്രവണതയല്ല . ചില ബാലിക പീഡനങ്ങൾപോലും ജാതിതിരിച്ചുള്ള ആക്രമണങ്ങളിലവസാനിക്കുന്നത്, നമ്മുടെ ഈ കാഴ്ചപ്പാടു  കാരണമാണ്. ആര് അനീതി കാണിച്ചാലും ഒന്നിച്ചുനിന്ന് അതിനെതിരായി ശബ്ദമുയർത്തുന്നതാണ് യഥാർഥ ജനാധിപത്യരീതി .നീതി നടപ്പാക്കാനുള്ള ബാധ്യത നിയമപാലകർക്കും കോടതിക്കുമാണ്. ജനക്കൂട്ടത്തിനല്ല. അതാണ് നാം ആദ്യം  മനസ്സിലാക്കേണ്ടത്.


അമേരിക്കയിൽ ഒരൊറ്റ വെള്ളക്കാരൻ പോലും ഇതുവരെ ഇപ്പോഴത്തെ പ്രശ്നത്തിന്റെ  പേരിൽ ആക്രമിക്കപ്പെട്ടില്ല, മാത്രമല്ല അവർ കറുത്തവർഗക്കാർക്കൊപ്പംനിന്നു പ്രതിഷേധിക്കുകയും ചെയ്യുന്നു . പ്രതിയായ  വെള്ളക്കാരനെതിരെ സോഷ്യൽ മീഡിയയിൽ തെറിയഭിഷേകങ്ങളുമില്ലെന്നത് ശ്രദ്ധേയമാണ്. ഞാൻ താമസിക്കുന്ന കൗണ്ടിയിലെ പ്രതിഷേധങ്ങൾ നേരിട്ടേനിക്കറിയാം. 

തൊണ്ണൂറു ശതമാനവും വെള്ളക്കാരായിരുന്നിട്ടും  നീചകൃത്യത്തിനെതിരായി ഏറ്റവും ശക്തമായി പ്രതിഷേധിച്ചത് അവരാണ്. തെറ്റുചെയ്യുന്നത് ആരാണെങ്കിലും അതിനെയാണ് ചോദ്യം ചെയ്യേണ്ടത് . എല്ലാവരും ശരിക്കൊപ്പം നിൽക്കുക എന്നതാണ്  മാനവികത. അതാണ് അമേരിക്കയെ പ്രമുഖ നഗരങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളിൽനിന്നും നാം മസസ്സിലാക്കുകയും പഠിക്കുകയും ചെയ്യേണ്ടതായ പാഠം. 

ഒരുപക്ഷേ മനഃപൂർവം കൊല്ലണമെന്നുള്ള ഉദ്ദേശമൊന്നും ആ വെള്ളക്കാരൻ പൊലീസ് ഓഫിസർക്ക് ഉണ്ടായിരിന്നുരിക്കണമെന്നില്ല അഥവാ ഉണ്ടെങ്കിൽത്തന്നെ അതൊരു ഒറ്റതിരിഞ്ഞ സംഭവമാണ്. അതിനു സാക്ഷിയായ  നിയമപാലകരിൽ ഏഷ്യൻ വംശജരുമുണ്ട് . അവർക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിയതും വിഡിയോയിൽ ചിത്രീകരിച്ചതും ഒരു വെള്ളക്കാരിയാണെന്നോർക്കണം.

പ്രധാന പ്രതിയെയും കൂട്ടരെയും ജോലിയിൽനിന്നും  പിരിച്ചുവിട്ടു, അയാൾക്കെതിരെ ശക്തമായ നിയമ നടപടികളുമുണ്ടാകും. പക്ഷേ അതിനെതിരായ ആൾക്കൂട്ടനീതി നടപ്പാക്കുക എന്നതുമാത്രം ഒരിക്കലും ഏതു രാജ്യത്തിനായാലും  നീതീകരിക്കാനാവില്ല . ഇതൊന്നും ഞാൻ ആരെയും നീതീകരിക്കാൻവേണ്ടി എഴുതിയതല്ല. നമ്മുടെ കേരളത്തിൽ പൊലീസ് പീഡനംകൊണ്ടു മരിച്ച ആർക്കെങ്കിലും നീതി ലഭിച്ചിട്ടുണ്ടോ?. 

പൊലീസ് കസ്റ്റഡിയിലെ രാജന്റെയും ഈ അടുത്തകാലത്ത് കൊല്ലപ്പെട്ട ഉദയകുമാറിന്റെയുമൊക്കെ കുടുബത്തിനു നീതി കിട്ടിയോ. പ്രതിഷേധക്കാർ അക്രമാസക്തരാകുമ്പോൾ ഇരയാകുന്നത് ചെറുപ്പക്കാരായ നിയമപാലകരാണ്. അതൊന്നും ഈ ആൾക്കൂട്ടനീതി നടത്തുന്നവർക്ക് എന്തുകൊണ്ട് മനസ്സിലാകുന്നില്ല. ഒരു ജീവനുവേണ്ടി ഒരുപാട് ജീവനും സ്വത്തും അപഹരിക്കപ്പെടുന്നത് ഒരുതരത്തിലും ന്യായീകരിക്കപ്പെടാൻ കഴിയില്ല.

ബീഫ് തിന്നതിന്റെ പേരിൽ അതെ നീതി നടപ്പാക്കി, ഒരു നിരപരാധിയായ മുസ്‌ലിമിനെ നിഷ്ക്കരുണം കൊല്ലുമ്പോൾ, മനുഷ്യജീവനേക്കാൾ വിലകല്പിക്കുന്നത് മതത്തിനും ആചാരങ്ങൾക്കുമാണെന്നുവേണം മനസ്സിലാക്കാൻ. അത്തരമൊരു  രാജ്യത്തു ജീവിച്ചുകൊണ്ട് നമുക്കെങ്ങനെ  അമേരിക്കയെ കുറ്റപ്പെടുത്താൻ കഴിയും? 

മധു എന്ന പാവപെട്ട ആദിവാസി ബാലനെതിരെ  ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് , ആൾക്കൂട്ട നീതി നടപ്പാക്കി മൃഗീയമായി കൊലപ്പെടുത്തിയതും വിദ്യാസമ്പന്നർ എന്നഭിമാനിക്കുന്ന നമ്മൾ ജീവിക്കുന്ന കേരളത്തിലാണെന്ന് മറക്കരുത്. ജോസഫ് സാറിന്റെ കൈവെട്ടിയ കേസിൽ മാത്രമാണ് നമ്മൾ കുറച്ചെങ്കിലും ആത്മസംയമനം പാലിച്ചത്. അതും കേരളത്തിലായതുകൊണ്ടു മാത്രം ജനങ്ങൾ ആക്രമാസക്തരായില്ല എന്നതല്ലേ വസ്തുത. നമ്മൾ മതത്തിന്റെ പേരിൽമാത്രം വോട്ടുചോദിക്കുന്ന ഒരു മതേതര രാഷ്ട്രത്തിലാണെന്നുകൂടി ഓർക്കുബോൾ ഞാൻ പറഞ്ഞതിന്റെയൊക്കെ പൊരുൾ നിങ്ങൾക്കു മനസിലാകും.

എന്തായാലും ഇപ്പോൾ മതവും ജാതിയുമിന്നുമില്ലാത്ത ഒരു സ്വതന്ത്ര ജനാധിപത്യരാജ്യം കത്തിയെരിയുന്നത്  വർഗ നീതിക്കുവേണ്ടി മാത്രമാണെന്ന് കരുതാൻ വഴിയില്ല, എന്നാൽ അക്രമസക്തരായ ജനങ്ങൾ ജനക്കൂട്ടനീതി നടപ്പാക്കുന്നതുകൊണ്ടുമാത്രമാണെന്ന് നിസ്സംശയം പറയാം.

പെട്ടെന്നോർമ്മവന്നത് പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് സംവിധാനം ചെയ്യ്ത യവനിക എന്ന ചിത്രത്തിലെ കേട്ട ഒരവതരണഗാനമാണ്.

'കറുപ്പും വെളുപ്പും കരുക്കൾനീക്കും 

കളിക്കാർ നമ്മളല്ലോ 

കാണികൾ  നമ്മളല്ലോ 

കാലം കളിക്കുന്നു 

ആരോ കൈകൊട്ടി ചിരിക്കുന്നു'

അതെ അങ്ങനെ ഒരു വികാരവുമില്ലാതെ ഇതെല്ലാം കണ്ടുകൊണ്ട് വോട്ടിനുവേണ്ടി ജനങ്ങളെ നോക്കി ചിരിക്കുന്നവരല്ലേ  രാഷ്ട്രീയക്കാർ.

Thampi antony words about america protest

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES