നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും എല്ലാം മലയാളികള്‍ക്ക് പരിചിതനായ സുരേഷ് ഗോപി ദൈവത്തിന്റെ അനുഗ്രഹം വാനോളം ലഭിച്ച മനുഷ്യ സ്‌നേഹിയാണ്. അദ്ദേഹത്തിന്റെ നല്ല മനസു മൂലം സത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേര്‍ക്കാണ് അദ്ദേഹം സ്വന്തം സമ്പാദ്യത്തില്‍ നിന്നും സഹായം നല്‍കുന്നത്. അത്തരത്തിലുള്ള നിരവധി കഥകള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ അതില്‍ ഒന്നു കൂടി ചേര്‍ക്കാം. വയനാടുകാരി നന്ദന എന്ന പെണ്‍കുട്ടിയാണത്. കഴിഞ്ഞ ദിവസമാണ് വര്‍ഷങ്ങളായി നന്ദന അനുഭവിക്കുന്ന വേദനയ്ക്ക് പരിഹാരവുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തിയത്.
ഇവര്‍ക്കു മുന്നില്‍ കണ്ണുനിറഞ്ഞ് കൂപ്പുകൈകളോടെയാണ് നന്ദന ഇന്നലെ തന്റെ ജീവന്‍ രക്ഷാ ഉപകരണം ഏറ്റുവാങ്ങുവാന്‍ നിന്നത്. ജന്‍മനാ ടൈപ്പ് വണ്‍ പ്രമേഹബാധിതയായിരുന്നു നന്ദന. പത്താം വയസ്സിലാണ് ഈ കുഞ്ഞിന്റെ രോഗം തിരിച്ചറിഞ്ഞത്. കടുത്ത വയറു വേദനയും യൂറിനറി ഇന്‍ഫെക്ഷനുമായിരുന്നു ആദ്യം. എപ്പോഴും ദാഹം, നടക്കാന്‍ ബുദ്ധിമുട്ട് എന്നീ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അങ്ങനെ ആശുപത്രിയിലെത്തി യൂറിന്‍ പരിശോധിച്ചപ്പോഴാണ് പ്രമേഹം തിരിച്ചറിഞ്ഞത്. അന്നു തുടങ്ങിയതാണ് ഇന്‍സുലിന്‍. ആദ്യം രണ്ടു നേരമായിരുന്നു ഇന്‍സുലിന്‍ എടുത്തിരുന്നത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഷുഗര്‍ കണ്‍ട്രോള്‍ ആകാതെ 400 നു മുകളിലെത്തിയപ്പോള്‍ അഞ്ചു നേരമാക്കി. സ്‌കൂളില്‍ ടീച്ചര്‍മാരുടെയും കൂട്ടുകാരുടെയുമൊക്കെ സഹായത്തോടെയായിരുന്നു ഇന്‍സുലിന്‍ എടുത്തിരുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിക്കണമെന്നുള്ളതുകൊണ്ട് ഐസ്‌ക്യൂബ് പാക്കറ്റിലാക്കിയാണ് ഇന്‍സുലിന്‍ കൊണ്ടുപോയിരുന്നത്.
ഇന്‍സുലിന്‍ എടുക്കുമ്പോള്‍ കൂട്ടുകാരൊക്കെ ചോദിക്കുമായിരുന്നു 'നിനക്ക് വേദനയില്ലേ' എന്ന്. ദിവസവും അഞ്ചു നേരം കുത്തുന്നത് വേദന ആയിരുന്നെങ്കിലും അവര്‍ ചോദിക്കുമ്പോള്‍ ഞാന്‍ ചിരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇങ്ങനെ കുത്താതെ രക്ഷയില്ലെന്ന് നന്ദനയ്ക്ക് അറിയാമായിരുന്നു. ജീവന്‍ നിലനിര്‍ത്തുന്നതിനേക്കാള്‍ വലിയ വേദന അല്ലല്ലോ ഇത്. കുത്തിക്കുത്തി രണ്ടു കൈകളിലും നിറയെ പാടുകളായി. ഇപ്പോള്‍ സുരേഷ് ഗോപി നല്‍കിയ പമ്പ് കിട്ടിയതോടെ വേദന പരമാവധി കുറയുമെന്ന ആശ്വാസത്തിലാണ് നന്ദന. ഇനി കൂട്ടുകാരുടെ മുന്നില്‍വച്ച് ഇന്‍സുലിന്‍ എടുക്കണ്ടല്ലോ എന്ന സന്തോഷവുമുണ്ട്.
നന്ദനയുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസമായിരുന്നു ഇന്നലെ. അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ അനുഭവിക്കുന്ന വിഷമതകള്‍ക്കാണ് പരിഹാരമായത്. ഓരോ ദിവസവും ആശങ്കയോടെയാണ് തള്ളിനീക്കിക്കൊണ്ടിരുന്നത്. വീട്ടില്‍ എല്ലാവര്‍ക്കും എപ്പോഴും എന്നെക്കുറിച്ചോര്‍ത്ത് സങ്കടമായിരുന്നു, പ്രത്യേകിച്ച് ഞാന്‍ പഠിക്കാന്‍ പോകുന്ന സമയത്ത്. എപ്പോഴാണ് ഷുഗര്‍ ലെവല്‍ കൂടുന്നതെന്നോ കുറയുന്നതെന്നോ പറയാന്‍ പറ്റില്ലല്ലോ. 18 വയസ്സുള്ള, കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ അറിയുന്ന എന്നെ ഓര്‍ത്ത് വീട്ടുകാര്‍ക്ക് ഇത്ര വിഷമമാണെങ്കില്‍ ടൈപ്പ് വണ്‍ പ്രമേഹബാധിതരായ, ഒന്നിലും രണ്ടിലുമൊക്കെ പഠിക്കുന്ന കുഞ്ഞുമക്കളെ ഓര്‍ത്ത് അവരുടെ അച്ഛനും അമ്മയും എത്രമാത്രം തീ തിന്നുന്നുണ്ടാകും എന്നെനിക്കു മനസ്സിലാകും എന്ന് വിഷമത്തോടെ നന്ദന പറയുന്നു.
സെന്‍സറോടു കൂടിയ ഒരു ഇന്‍സുലിന്‍ പമ്പ് ടൈപ്പ് വണ്‍ പ്രമേഹബാധിതരായ ഏവരുടെയും സ്വപ്നമായിരിക്കും. എന്നാല്‍ ഇതിന്റെ വില സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്തതാണ്. ആറു ലക്ഷം രൂപ വില വരുന്ന 780ജി ഇന്‍സുലിന്‍ പമ്പാണ് സുരേഷ് ഗോപി സാര്‍ എനിക്കു സമ്മാനിച്ചത്.
സത്യം പറഞ്ഞാല്‍ ഇപ്പോഴും ഇതൊരു സ്വപ്നമാണോ എന്ന് ഞാന്‍ ചിന്തിച്ചു പോകും. കാരണം ആറു ലക്ഷം രൂപയുടെ ഒരു ഇന്‍സുലിന്‍ പമ്പ് എനിക്കു സ്വപ്നം കാണുന്നതിനും അപ്പുറമാണ്. സുരേഷ് ഗോപി സാറിനോടും കുടുംബത്തോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ടൈപ്പ് വണ്‍ ഡയബറ്റിക് അസോസിയേഷന്‍ സെക്രട്ടറി മുഖാന്തരമാണ് വയനാട്ടില്‍ സുരേഷ് ഗോപി സാര്‍ ഉണ്ടെന്നറിഞ്ഞ് ഞാന്‍ കാണാന്‍ ചെല്ലുന്നത്. എന്റെ ദുരിതങ്ങള്‍ സാറിനു മുന്നില്‍ അവതരിപ്പിക്കണമെന്നും എന്തെങ്കിലും സഹായം സാര്‍ ചെയ്യുകയാണെങ്കില്‍ അതു ഗുണകരമാകുമെന്നും മാത്രമേ കരുതിയിരുന്നുള്ളു. എനിക്ക് ഇന്‍സുലിന്‍ പമ്പ് വയ്ക്കാതെ രക്ഷയില്ല എന്ന മുന്നറിയിപ്പ് ഡോക്ടര്‍മാരും നല്‍കിയിരുന്നു. രോഗവിവരം പറഞ്ഞപ്പോള്‍ത്തന്നെ സാര്‍ ഇന്‍സുലിന്‍ പമ്പ് നല്‍കാമെന്നു വാഗ്ദാനം ചെയ്തു.
സാറിനെ കണ്ട് ആറു മാസത്തോളമായപ്പോഴാണ് തിരുവനന്തപുരത്ത് എത്താമോ എന്നു ചോദിച്ച് ഒരു കോള്‍ വന്നത് സന്തോഷം കൊണ്ട് എന്തു പറയണമെന്ന് അറിയാതെയായി. ഉടന്‍ തന്നെ തിരുവനന്തപുരത്ത് എത്താമെന്ന് അറിയിക്കുകയും ചെയ്തു. എന്നെപ്പോലെതന്നെ ടൈപ്പ് വണ്‍ പ്രമേഹബാധിതരായ ആയിരക്കണക്കിനു കുട്ടികളുണ്ട്. എനിക്കു ലഭിച്ചതുപോലെ ഒരു പമ്പ് അവര്‍ക്കും കിട്ടുകയാണെങ്കില്‍ ഇന്‍ജക്ഷന്‍ എടുക്കുന്നതിന്റെ വേദന കുറയ്ക്കാന്‍ സാധിക്കും. മാത്രമല്ല അവരുടെ അച്ഛനമ്മമാരുടെ ആശങ്കകള്‍ക്കും ഒരു പരിധി വരെ മാറ്റമുണ്ടാകും. സിജിഎം എന്ന സെന്‍സര്‍ എല്ലാവര്‍ക്കും ലഭ്യമായാല്‍തന്നെ ഏറെ ആശ്വാസകരമാകും'' എന്ന് നന്ദന പറയുന്നു.