മൂന്ന് തവണ ഗിന്നസില്‍ ഇടം നേടിയിട്ടുള്ള നടനാണ് ഗിന്നസ് പക്രു. ഏറ്റവും പ്രായം കുറഞ്ഞ നടനും സംവിധായകനും പുറമെ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന നേട്ടവും പക്രുവിനെത്തേടിയെത്തി. പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടന്‍ 2006ലാണ് വിവാഹിതനായത്. ഗായത്രിയെ വിവാഹം ചെയ്യുമ്പോള്‍ രണ്ടു വര്‍ഷം പോലും തങ്ങളുടെ ദാമ്പത്യം നിലനില്‍ക്കില്ലെന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷം കഴിഞ്ഞിരിക്കവേ തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ വരവേറ്റതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം ഇപ്പോള്‍.
കല്യാണം കഴിഞ്ഞതിന് ശേഷം ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഗായത്രി ഗര്‍ഭിണിയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ അപ്രതീക്ഷിതമായുണ്ടായ കുഞ്ഞിന്റെ വരവില്‍ ഇരുവരും സന്തോഷിച്ചിരിക്കവേയാണ് ജനിച്ച് 15 ദിവസം കഴിഞ്ഞപ്പോള്‍ ആ മകള്‍ പോയത്. കണ്ണീരൊഴുക്കിയ ദിവസങ്ങളായിരുന്നു അത്. അതിനു ശേഷമാണ് ഗായത്രി വീണ്ടും ഗര്‍ഭിണിയായതും 2009ല്‍ ദീപ്ത കീര്‍ത്തി എന്ന രണ്ടാമത്തെ മകള്‍ ജനിച്ചതും. ഇപ്പോഴിതാ, ഇവരുടെ ദാമ്പത്യ ജീവിതത്തിന് ഇരട്ടി മധുരം നല്‍കിയാണ് ഇന്നലെ വീണ്ടും ഒരു പെണ്‍ കുഞ്ഞ് കൂടി ഗിന്നസ് പക്രുവിനും ഗായത്രിയ്ക്കും ജനിച്ചത്.
മൂത്തമകള്‍ ദീപ്ത കീര്‍ത്തി കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചാണ് വീണ്ടും മകള്‍ പിറന്ന സന്തോഷം ആരാധകരെ ഗിന്നസ് പക്രു അറിയിച്ചത്. ചേച്ചിയമ്മ.... ഒരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടു.... എറണാകുളം അമൃത ആശുപത്രിയിലെ ഡോ: രാധാമണിക്കും സംഘത്തിനും നന്ദിയെന്നായിരുന്നു ചിത്രം പങ്കുവെച്ച് ഗിന്നസ് പക്രു കുറിച്ചത്. 2009ലാണ് മൂത്ത മകള്‍ ദീപ്ത കീര്‍ത്തിയുടെ ജനനം. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒരു കുഞ്ഞ് കൂടി ഗിന്നസ് പക്രുവിന് പിറന്നിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഹിറ്റാണ് ഗിന്നസ് പക്രുവും മൂത്തമകള്‍ ദീപ്ത കീര്‍ത്തിയും ഒന്നിച്ചുള്ള വീഡിയോകള്‍. യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങളുമായി എത്താറുള്ളത്.
അത്ഭുതദ്വീപിലൂടെയാണ് അജയ് കുമാര്‍ ആദ്യമായി നായകനാകുന്നത്. ചിത്രത്തിലെ അഭിനയത്തിലൂടെ 2008 ല്‍ ഗിന്നസ് നേടി. കൂടാതെ ഇതിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരവും പക്രുവിന് ലഭിച്ചിട്ടുണ്ട്. അടുത്തിടെ മൂത്തമകളുടെ രണ്ട് പ്രായത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ?ഗിന്നസ് പക്രു എഴുതിയ കുറിപ്പ് വൈറലായിരുന്നു. അന്ന് അച്ഛനോളം... ഇന്ന് അമ്മയോളം എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങള്‍.
ചെറിയ കുട്ടിയായിരുന്ന സമയത്തെ തനിക്കൊപ്പം നില്‍ക്കുന്ന മകള്‍ ദീപ്ത കീര്‍ത്തിയുടെ ചിത്രവും വലുതായപ്പോള്‍ ഭാര്യയ്ക്കൊപ്പം നില്‍ക്കുന്ന മകളുടെ ചിത്രവുമാണ് താരം പങ്കുവെച്ചത്. ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ ചിത്രത്തിന് ലഭിച്ചത്. എപ്പോഴും ക്രീയേറ്റീവായി കുറിപ്പുകള്‍ പങ്കുവെക്കുന്നൊരു നടന്‍ കൂടിയാണ് ഗിന്നസ് പക്രു. രണ്ടാമതും കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു എത്തിയപ്പോള്‍ സെലിബ്രിറ്റികള്‍ അടക്കം നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.
സൂരജ് തേലക്കാട്, അലീന പടിക്കല്‍ തുടങ്ങിയവരെല്ലാം സന്തോഷത്തില്‍ പങ്കുചേര്‍ന്ന് കമന്റുകള്‍ കുറിച്ചിട്ടുണ്ട്. 2006 മാര്‍ച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്. 1984ല്‍ പ്രദര്‍ശനത്തിനെത്തിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നുവരുന്നത്. വിദ്യാഭ്യാസത്തിന് ശേഷം ഒരു മിമിക്രി കലാകാരനായി കുറെനാള്‍ പരിപാടികള്‍ അവതരിപ്പിച്ചു. ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷന്‍ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന ഗിന്നസ് റെക്കോര്‍ഡാണ് ഗിന്നസ് പക്രുവിന്റെ പേരിലുള്ളത്. 2018 ഏപ്രില്‍ 21ന് അദ്ദേഹത്തെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, യൂണിവേര്‍സല്‍ റെക്കോര്‍ഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോര്‍ഡുകള്‍ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു താരം.
2013ല്‍ പക്രു സംവിധാനം ചെയ്ത കുട്ടീം കോലും എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോര്‍ഡിനുടമയാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോര്‍ഡും പക്രു സ്വന്തമാക്കിയിരുന്നു. ഫാന്‍സി ഡ്രസ്, ഇളയരാജ തുടങ്ങിയവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഗിന്നസ് പക്രുവിന്റെ സിനിമകള്‍. തമിഴ് സൂപ്പര്‍ താരങ്ങളായ വിജയ്, സൂര്യ എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നടന്‍ കൂടിയാണ് ഗിന്നസ് പക്രു.