റംസിയെന്ന പെണ്‍കുട്ടി നോവുന്ന വാര്‍ത്തയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്നുണ്ട്. പ്രണയത്തില്‍ പാലിക്കേണ്ട Do's and Don'ts കുറിപ്പടികളും ചാരിത്ര്യശുദ്ധിയുടെ നെടുങ്കന്‍ രഞ്ജി പണിക്കര്‍ ഡയലോഗുകളും ഒരുവശത്ത് ഓണ്‍ലൈന്‍ ലക്ചറുകളായി പച്ചകുത്തി നില്ക്കുമ്ബോള്‍ മറുവശത്ത് ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് ഇലയ്‌ക്കെന്ന പഴയ ക്ലാസ്സിക് പഴഞ്ചൊല്ല് തട്ടിന്‍പ്പുറത്തില്‍ നിന്നും പൊടിതട്ടിയെടുത്ത് ചൂടോടെ വിളമ്ബുന്നുമുണ്ട്. പക്ഷേ പുരുഷനില്ലാത്ത ചാരിത്ര്യമൊന്നും പെണ്ണിനുമില്ലാന്ന് പറഞ്ഞുകൊടുക്കാനുള്ള broad mindedness ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇവിടെ പടിക്ക് പുറത്ത് തന്നെയാണ്.
റംസിയെന്ന പെണ്‍കുട്ടിയുടെ ഓഡിയോ കോളുകള്‍ പലവട്ടം കേട്ടു. കാമുകനോട് നിലവിലുള്ള കാമുകിയെ വിട്ട് തന്നെ കെട്ടൂയെന്ന് അപേക്ഷിക്കുന്ന ഒരുവളുടെ നിസഹായതയും കേട്ടു. സ്വന്തം സെല്‍ഫ് റെസ്‌പെക്‌ട് പണയപ്പെടുത്തി തന്നെ ഉപേക്ഷിച്ച ഒരുവനെ തിരികെ വിളിക്കേണ്ടി വരുന്ന ആ ഗതികേടിനു ആ പെണ്‍കുട്ടിയെ മാത്രം കുറ്റപ്പെടുത്താന്‍ നമുക്ക് കഴിയുമോ? അവളെ കൊണ്ട് അങ്ങനെ മടക്കിവിളിപ്പിക്കുന്നത് ഈ സമൂഹം കല്പിച്ചരുളിയ ചില റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് കാരണമാണ്.
പത്തുകൊല്ലത്തോളം നാട്ടുകാരുടെ മുന്നില്‍ കൊണ്ടുനടന്ന പ്രണയം. ഇരുവരുടെയും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം അറിയാവുന്ന പ്രണയം. ആ പ്രണയത്തില്‍ നിന്നും തിരികെ നടന്നുവരാന്‍ അവള്‍ക്കു കഴിയാതിരുന്നതിനു കാരണം സമൂഹത്തിന്റെ ചില നടപ്പുരീതികള്‍ തന്നെയല്ലേ? ഒരുത്തന്‍ കൊണ്ടുനടന്നു പിഴപ്പിച്ച ചണ്ടിയെ ആര്‍ക്കുവേണമെന്ന ചോദ്യശരങ്ങളില്‍ നിന്നും മുക്തമാണോ ഈ സമൂഹം?
ഒരു ബന്ധം നിറുത്തിപ്പോരുമ്ബോള്‍ അവനു നഷ്ടമാവാത്തതൊന്നും അവള്‍ക്കും നഷ്ടപ്പെട്ടിട്ടില്ലെന്നു പറഞ്ഞുപഠിപ്പിക്കാനും ചേര്‍ത്തണച്ച് കൂടെ നിറുത്താനും നമ്മളില്‍ എത്രപ്പേരുണ്ടാകുമായിരുന്നു? പത്തു വര്‍ഷം പഴക്കമുള്ള, ഇരുവീട്ടുകാര്‍ അംഗീകരിച്ചു നിശ്ചയിച്ച വളയിടീലും കഴിഞ്ഞ ഒരു പെണ്ണിന് ഒരുവനെ അവിശ്വസിക്കാനും മാത്രം വിശുദ്ധമാണോ ചാരിത്ര്യം ? അറിയില്ല. കാത്തിരിക്കണമായിരുന്നു താലികെട്ടും വരെ നീ പെണ്ണേയെന്നു പറയാനെളുപ്പമാണെങ്കിലും പത്തുവര്‍ഷം കൂടെ അടുത്തിടപഴകിയ ബന്ധത്തില്‍ അതെത്രമേല്‍ പ്രായോഗികമെന്നറിയില്ല. പക്ഷേ വയറ്റില്‍ തുടിച്ച ജീവനെ അടര്‍ത്തുമാറ്റാന്‍ അവനും വീട്ടുകാരും ഒരുങ്ങിയിറങ്ങിയപ്പോള്‍ അവരിലെ പൊള്ളത്തരം തിരിച്ചറിയാന്‍ കഴിയാത്തത് റംസിയെന്ന പാവം പെണ്ണിലെ തിരിച്ചറിവില്ലായ്മ.
ഇതിനുമുമ്ബ് എ ഡിവോഴ്സ്ഡ് ഡോട്ടര്‍ ഈസ് ബെറ്റര്‍ ദാന്‍ എ ഡെഡ് ഡോട്ടര്‍ അഥവാ മരണപ്പെടുന്ന മകളെക്കാള്‍ ബന്ധം വേര്‍പ്പെടുത്തിയ മകളാണ് നല്ലത് എന്ന ആപ്ത വാക്യം തൂങ്ങിയ സ്റ്റാറ്റസുകള്‍ നമ്മള്‍ കണ്ടത് ഉത്രാവധവുമായി ബന്ധപ്പെട്ടായിരുന്നു. അന്ന് അതിലെ പുറംപൂച്ച് കണ്ട് അന്തംവിട്ടിരുന്നിട്ടുണ്ട് രണ്ടാം കെട്ടുകാരായ പലരും. കാരണം ഒരു വിവാഹമോചിതയായ പെണ്ണിനെ സെക്കന്റ് ഹാന്‍ഡ് ഉല്‍പ്പന്നമായി ഒരിക്കലെങ്കിലും കണക്കാക്കാത്ത, കളിയാക്കാത്തവര്‍ നമ്മളില്‍ എത്ര പേരുണ്ട് എന്ന് വ്യക്തമായി തിരിച്ചറിഞ്ഞവരാണ് അനുഭവസ്ഥര്‍.
സെലിബ്രിട്ടി കല്യാണങ്ങളെയും കെട്ടുപൊട്ടിക്കലുകളെയും നിശിതമായി വിമര്‍ശിക്കാത്തവര്‍ നമ്മളില്‍ എത്ര പേരുണ്ട്? ആ നമ്മളില്‍ എത്ര പേര്‍ ആത്മഹത്യ ചെയ്യാതെയിരുന്ന, വഞ്ചിക്കപ്പെട്ടിട്ടും ജീവിച്ചുകാണിക്കുമായിരുന്ന റംസിയെ അംഗീകരിക്കുമായിരുന്നു ? വിവാഹമോചിതയായ ഒരു പെണ്ണ് ഉറക്കെ പ്രതികരിച്ചാല്‍ , അവളുടെ കയ്യിലിരുപ്പ് കൊണ്ട് അവന്‍ കളഞ്ഞുവെന്ന് ആത്മഗതം നടത്തുന്ന നമ്മളാണ് റംസിയെപ്പോലൊരു പെണ്‍കുട്ടിയെ ക്രൂശിക്കാന്‍ നില്ക്കാതെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
വിവാഹമെന്ന ഒന്നാംതരം കച്ചവടത്തിന്റെ ലാഭനഷ്ടക്കണക്കില്‍ വകകൊള്ളിക്കേണ്ടി വരുന്ന ദാരുണ മരണങ്ങളിലുള്‍പ്പെട്ടതാണ് ഇതും. വിവാഹമെന്നത് ഇന്ന് പൊതുസമൂഹകമ്ബോളത്തിലെ ഏറ്റവും മാര്‍ക്കറ്റുള്ള കച്ചവടചരക്കാണ്. അത് ഒരു ടൂ സൈഡഡ് ബിസിനസ്സ് തന്നെയാണ്. ഒന്നുകില്‍ പെണ്ണ് നല്ല വിലയ്ക്ക് തൂക്കി വില്‍ക്കപ്പെടും. അല്ലെങ്കില്‍ ആണിന്റെ മാറ്റും പകിട്ടും ഉരച്ചുനോക്കി വാങ്ങപ്പെടുന്നു. റംസിയെന്ന ഉരുപ്പടിയേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു കൊമോദിറ്റി കണ്ടപ്പോള്‍ അവനും അവന്റെ നെറികെട്ട വീട്ടുകാരും ആ പാവം പെണ്‍കുട്ടിയെ തഴഞ്ഞു.
പണം വാങ്ങിയും കൊടുത്തുമുള്ള കച്ചോടം നിര്‍ത്തി മനുഷ്യര്‍ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ തുടങ്ങിയാല്‍ ,വിവാഹവും പ്രണയവും ബ്രേക്ക് അപ്പും ഡിവോഴ്‌സും ഒന്നുമല്ല ജീവിതത്തിലെ മലമറിക്കുന്ന കാര്യമെന്ന് മനസിലാക്കിയാല്‍ ഏറെക്കുറെ ഇതൊക്കെ മാറും .അല്ലാത്തിടത്തോളം ഇനിയും ഉത്രയെ പോലെ ഏതൊരു പെണ്ണും കൊല്ലപ്പെടാം, റംസിയെപ്പോലെ ആത്മഹത്യ ചെയ്യപ്പെടാം. അതുപോലെ ഓരോ പെണ്‍കുട്ടിയും തിരിച്ചറിയുക പ്രണയമെന്നത് ശരീരം വച്ച് ലേലം വിളിക്കേണ്ട ഒന്നല്ലെന്നും അഥവാ ലേലത്തിനു വച്ചു കച്ചവടം ഉറപ്പിച്ചശേഷം മാറിപ്പോയാല്‍ മാറ്റി എടുക്കാന്‍ പറ്റുന്ന വിലപിടിച്ച കൊമോദിറ്റി തന്നെയാണ് ഓരോ പെണ്ണും എന്നും. Chastity Is not an attribute of body but soul