Latest News

തൊടുപുഴയില്‍ കൊല്ലപ്പെട്ട ആ കുഞ്ഞ് നിരന്തരം എന്റെ ഉറക്കത്തിന് വില പറയുന്നു;തന്റെ നാട്ടിലാണത് സംഭവിച്ചത്; തൊടുപ്പുഴയിലെ ഏഴു വയസ്സുകാരന്റെ മരണത്തില്‍ അവതാരക അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് വൈറല്‍  

Malayalilife
topbanner
 തൊടുപുഴയില്‍ കൊല്ലപ്പെട്ട ആ കുഞ്ഞ് നിരന്തരം എന്റെ ഉറക്കത്തിന് വില പറയുന്നു;തന്റെ നാട്ടിലാണത് സംഭവിച്ചത്; തൊടുപ്പുഴയിലെ ഏഴു വയസ്സുകാരന്റെ മരണത്തില്‍ അവതാരക അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് വൈറല്‍  

തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദ്ദനമേറ്റു മരണത്തിനു കീഴടങ്ങിയ കുരുന്നു ബാലന്റെ വിയോഗത്തിന്റെ വേദന പങ്കുവച്ച് പല കുറിപ്പുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ അവതാരക അശ്വതി ശ്രീകാന്ത് പങ്കുവച്ച ഒരു കുറിപ്പാണ് എല്ലാവരെയും കണ്ണീരണിയിക്കുന്നത്. അഞ്ചുവയസ്സുകളള ഒരു കുഞ്ഞിന്റെ അമ്മയുടെ വേദനയാണ് അശ്വതിയുടെ കുറിപ്പിലുടനീളം കാണാനാകുന്നത്.  തൊടുപുഴയില്‍ കൊല്ലപ്പെട്ട കുഞ്ഞു തന്റെ ഉറക്കത്തിന് നിരന്തരം വിലപറയുന്നെന്നും വെറുമൊരു ഓര്‍മയില്‍ പോലും കണ്ണ് നിറഞ്ഞൊഴുകുന്നെന്നും അശ്വതിയുടെ കുറിപ്പില്‍ പറയുന്നു.കുഞ്ഞിനെ മുറിയില്‍ ഉറക്കി കിടത്തി ഡൈനിങ്ങ് ടേബിളില്‍ വന്നു ഭക്ഷണം കഴിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ടോ? ഏതു നിമിഷവും ഓടിയെത്താന്‍ തയ്യാറായി പാതി ദേഹം മാത്രം കസേരയില്‍ തൊട്ടാവും ഇരിപ്പ് പോലും. ഓരോ കുഞ്ഞനക്കങ്ങളും അവളെ ഞെട്ടിക്കും. കണ്ണും കാതും മനസ്സും കുഞ്ഞിന്റെ ചുറ്റും വിട്ട് വെറുമൊരു ദേഹവുമായാണ് കുഞ്ഞുറങ്ങുന്ന മുറിയില്‍ നിന്നും ഓരോ അമ്മയും പുറത്തിറങ്ങാറ്. അങ്ങനെയൊരമ്മ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വീട്ടില്‍ അടച്ച് രാത്രി ഭക്ഷണത്തിന് പുറത്തു പോകുന്നുവെന്ന് കേള്‍ക്കുമ്പോള്‍, നാലു വയസ്സുകാരനെ ഒറ്റയ്ക്കു വീട്ടിലടച്ച് ആശുപത്രിയിലേക്ക് പോയെന്ന് കേള്‍ക്കുമ്പോള്‍ ഉള്ളിലൊരു വിറ പടരുന്നുവെന്ന് അശ്വതി കുറിപ്പില്‍ പറയുന്നു. തൊടുപുഴയില്‍ കൊല്ലപ്പെട്ട കുഞ്ഞ് തന്റെ ഉറക്കത്തിന് നിരന്തരം വിലപറയുന്നു. വെറുമൊരോര്‍മ്മയില്‍ പോലും കണ്ണുകള്‍ കവിഞ്ഞൊഴുകുന്നുവെന്നും താരം പറയുന്നു.

തന്റെ നാട്ടിലാണത് സംഭവിച്ചത്. തന്റെ വീട്ടില്‍ നിന്ന് ഏറിയാല്‍ പത്തു കിലോമീറ്റര്‍ അകലത്തില്‍. എന്നിട്ടും അവന്റെ അമ്മ, എന്റെ അമ്മയുടെ സുഹൃത്തിന്റെ മകള്‍ ആണ് എന്ന് ഇന്നലെ മാത്രമാണ് താന്‍ തിരിച്ചറിഞ്ഞതെന്നും അശ്വതി പറയുന്നു. അവന്റെ അമ്മയെ പലരും ന്യായീകരിച്ചു കണ്ടു...മനഃശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ. വൈധവ്യം അംഗീകരിക്കാനുള്ള മനസ്സിന്റെ വിമുഖത കൊണ്ട് ഇറങ്ങി പോയതാവും എന്ന്..സ്വന്തം കുഞ്ഞിനെ ഒരുത്തന്‍ കാലില്‍ തൂക്കി തറയിലടിക്കുമ്പോള്‍ പ്രതികരിക്കാനാവാത്ത വണ്ണം അവള്‍ മരവിച്ചു പോയതാകാം എന്ന്.ഭര്‍ത്താവ് മരിച്ച് മൂന്നാം ദിവസം അരുണിനൊപ്പം പോകണമെന്ന് ബന്ധുക്കളോട് പറഞ്ഞതാണവള്‍. ഒന്നാലോചിച്ചാല്‍ ശരിയാണ്. സ്വബോധമുള്ള ഒരു സ്ത്രീയും പറയാത്ത കാര്യമാണ്. കുഞ്ഞിനെ ഉപദ്രവിച്ചപ്പോള്‍ മരവിച്ചു പോയെങ്കിലും ആശുപത്രിയില്‍ എത്തിയപ്പോള്‍ അപകടമാണെന്ന് പറയാന്‍ കാണിച്ച ജാഗ്രതയോര്‍ക്കുമ്പോഴാണ് വീണ്ടും അതിശയം. ഇനി ജീവഭയം കൊണ്ട് അയാളെ അനുസരിച്ചതാണെന്ന് പറഞ്ഞാല്‍ പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാള്‍ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയിലെന്നും അശ്വതി ചോദിക്കുന്നു. ഒപ്പം തന്റെ ജീവിതത്തിലെ ഒരു അനുഭവവും അശ്വതി കുറിപ്പിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഒരു വര്‍ഷം മുമ്പ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് തിരികെ വണ്ടിയില്‍ കയറുമ്പോള്‍ പത്മയുടെ വിരല്‍ കാറിന്റ ഡോറിനിടയില്‍ കുരുങ്ങി. അവളെയും കൊണ്ട് വണ്ടിയോടിച്ച് ഹോസ്പിറ്റല്‍ വരെ എത്തിയതെങ്ങനെയെന്ന് ഇന്നും തനിക്കറിയില്ല. കാര്യമായൊന്നും പറ്റിയിട്ടില്ലെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകുമായിരുന്നെങ്കിലും കുഞ്ഞിനേക്കാള്‍ ഉച്ചത്തില്‍ കരഞ്ഞത് താനാണെന്ന് പറഞ്ഞ് ഇന്നും വീട്ടുകാര്‍ കളിയാക്കാറുണ്ടെന്നും അശ്വതി പറയുന്നു. പരിസരം മറന്ന് നിലവിളിച്ചതോര്‍ത്ത് തനിക്ക് തന്നെ പിന്നീട് നാണക്കേട് തോന്നിയിട്ടുമുണ്ടെന്നും അശ്വതി പറയുന്നു.

എനിക്ക് നൊന്താല്‍ അച്ഛനും നോവും എന്ന് പണ്ട് അച്ഛന്‍ പറഞ്ഞ് പഠിപ്പിച്ചത് അക്ഷരാത്ഥത്തില്‍ അങ്ങനെയാണെന്ന് താന്‍ വിശ്വസിച്ചിരുന്നു. അത് തന്നെ തന്റെ മകളോടും ഞാന്‍ പറയാറുണ്ട്. കാല് വേദന വന്നാലോ തല എവിടെയെങ്കിലും മുട്ടി വേദനിച്ചാലോ അവള്‍ ഓടി വന്നു ചോദിക്കും അമ്മയ്ക്കും ഇപ്പോള്‍ അവിടെ വേദനിക്കുന്നില്ലേ എന്ന്... അവള്‍ക്ക് നൊന്താല്‍ അമ്മയ്ക്ക് നോവും എന്ന് അവള്‍ അതിശക്തമായി വിശ്വസിക്കുന്നുണ്ട്...ആ വിശ്വാസമല്ലാതെ മറ്റെന്താണ് നമ്മള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുകയെന്നും അശ്വതി ചോദിക്കുന്നു.
ഓരോ കുഞ്ഞും അച്ഛനമ്മമാരുടെ മാത്രമല്ല, സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്. ഏതെങ്കിലും തരത്തില്‍ വികലമായ മനസ്സുള്ളവരാണ് മാതാ പിതാക്കളെന്നു അയല്‍ക്കാര്‍ക്കോ, ബന്ധുക്കള്‍ക്കോ ഡോക്ടര്‍മാര്‍ക്കോ അദ്ധ്യാപകര്‍ക്കോ തോന്നിയാല്‍ കുഞ്ഞുങ്ങളെ വിധിയ്ക്ക് വിട്ട് കൊടുക്കാതെ ദയവായി അധികൃതരെ വിവരമറിയിക്കണെന്നും മാനസിക വൈകല്യങ്ങളുടെ ഇരയായി പിന്നീടതിന്റെ പിന്‍ തുടര്‍ച്ചക്കാരാവേണ്ടവരല്ല നമ്മുടെ കുഞ്ഞുങ്ങളെന്നും അശ്വതി പറയുന്നു. വേണ്ടതിനും വേണ്ടാത്തതിനും സദാചാര പോലീസാവുന്ന നമ്മള്‍ അയല്‍ വീടുകളില്‍ കേള്‍ക്കുന്ന കുഞ്ഞു നിലവിളികള്‍ക്ക് കൂടി കാതു കൊടുത്തിരുന്നെങ്കില്‍ ചില ദുരന്തങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു. കുഞ്ഞേ മാപ്പ് എന്നു പറഞ്ഞ് കൊണ്ടാണ് അശ്വതിയുടെ കുറിപ്പ് അവസാനിക്കുന്നത്. 


 

Anchor aswathy srikanth facebook post about the Thodupuzha death case

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES