Latest News

സീരിയല്‍ നടി സോണിയ ഇനി മുന്‍സിഫ് മജിസ്‌ട്രേറ്റ്; സോണിയ റഷീദിന്റെ ജീവിത കഥ

Malayalilife
സീരിയല്‍ നടി സോണിയ ഇനി മുന്‍സിഫ് മജിസ്‌ട്രേറ്റ്; സോണിയ റഷീദിന്റെ ജീവിത കഥ

പാരിജാതത്തിലെ മീരയേയും അമ്മയിലെ മാലതിയേയും പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. ഒരു പിടി നല്ല പരമ്പരകളിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടി ആയിരുന്ന സോണിയ റഷീദാണ് ഈ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. പത്മരാജന്റെ 'വാടകയ്ക്ക് ഒരു ഹൃദയം പാരമ്പരയിലൂടെയാണ് അഡ്വ. സോണിയ റഷീദ് എന്ന അഭിനേത്രിയെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ കാണുന്നത്. സിനിമയില്‍ ജയഭാരതി അവതരിപ്പിച്ച കഥാപാത്രമായിട്ടാണ് സോണിയ മിനി സ്‌ക്രീനില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്.

മലയാള സീരിയല്‍ സിനിമാരംഗത്തും വേറിട്ട വ്യക്തിത്വത്തിന് ഉടമകൂടിയാണ് നടി സോണിയ. പാട്ടുകളുടെ പാട്ടിലെ രാഗരഞ്ജിനി, കുഞ്ഞാലിമരയ്ക്കാറിലെ കനകാംഗി, മംഗല്യപ്പട്ടിലെ നായിക, സത്യം ശിവം സുന്ദര ത്തിലെ ഗംഗാദേവി, പറയി പെറ്റ പന്തിരുകുലം, മാര്‍ത്താണ്ഡവര്‍മ, മാസ്‌ക്ക്, ആദിപരാശക്തി, സ്വാമിയേ ശരണമയ്യപ്പാ, ദേവിമാഹാത്മ്യം  ഇവയെല്ലാം സോണിയയുടെ അഭിനയമികവ് തെളിയിക്കുന്ന കഥാപാത്രങ്ങളും സീരിയലുകളുമാണ്. എന്നാല്‍ പിന്നീട് അധികം സീരിയലുകളില്‍ താരം പ്രത്യക്ഷപ്പെട്ടിട്ടില്ല.

സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ സജീവമായിരുന്ന താരം അഭിനയം വിട്ട് തിരക്കുള്ള രാഷ്ട്രീയ പ്രവര്‍ത്തകയും അഡ്വക്കേറ്റുമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തന കാര്യങ്ങള്‍ പങ്കിട്ടിരുന്ന സോണിയ പെട്ടെന്നാണ് എഫ് ബിയില്‍ നിന്നും അപ്രത്യക്ഷയാകുന്നത്. ഇതിനുള്ള കാരണം തേടിയ ആരാധകര്‍ക്ക് പുതിയ സന്തോഷ വാര്‍ത്തയുമായാണ് സോണിയ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

അഡ്വക്കേറ്റായി വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്ന സോണിയ ഇപ്പോഴിതാ, മുന്‍സിഫ് മജിസ്‌ട്രേറ്റ് ആയി നിയമിതയായിരിക്കുകയാണ്. അഭിനയം എന്ന മേഖലയോടുള്ള ഇഷ്ടം കാരണം ഉള്ള ജോലികള്‍ ഉപേക്ഷിച്ച് സിനിമയിലേക്കെത്തിയ താരങ്ങളാണ് ഏറെയും. അഭിനയം വിട്ട് സ്വന്തം കരിയറിലേക്ക് പോയിരിക്കുന്നവര്‍ വളരെ കുറവാണ്. ഇപ്പോഴിതാ, അക്കൂട്ടത്തില്‍ ഒരാളായിരിക്കുകയാണ് സോണിയയും.

കാര്യവട്ടം ക്യാമ്പസിലെ എല്‍എല്‍.എം. വിദ്യാര്‍ത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസില്‍ പാസായ സോണിയ പിന്നീട് എല്‍എല്‍ബിയും എല്‍എല്‍എമ്മും പഠിച്ചു. തുടര്‍ന്ന് വഞ്ചിയൂര്‍ വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യവേയാണ് മുന്‍സിഫ് മജിസ്‌ട്രേറ്റായി നിയമനം ലഭിച്ചത്. ടെലിവിഷന്‍ അവതാരകയായി മലയാളിയുടെ സ്വീകരണ മുറിയില്‍ എത്തിയ സോണിയ പിന്നീട് സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി.

അവതാരകയുടെ വേഷത്തിലാണ് സോണിയയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ആദ്യമായി കാണുന്നത്. പിന്നീട് സിനിമകളില്‍ സജീവമായി.  'അത്ഭുതദ്വീപ്' എന്ന സിനിമയില്‍ അഞ്ച് രാജകുമാരിമാരില്‍ ഒരാളായ ലക്ഷ്മിയായാണ് സോണിയ അഭിനയിച്ചത്. മൈ ബോസില്‍ മമ്തയുടെ സുഹൃത്തായ ജ്യോതിയായും  'ലോകനാഥന്‍ ഐഎഎസി'ല്‍ കലാഭവന്‍ മണിയുടെ സഹോദരി സാഹിറയായും വേഷമിട്ടിട്ടുണ്ട്. തമിഴില്‍ നായികയായും അഭിനയിച്ചു.

'തമിഴില്‍ 'വീരമും ഈറമും' എന്ന ചിത്രത്തില്‍ അഭിനയിച്ചു. മിനിസ്റ്റര്‍ രാധികാ ശെല്‍വിയുടെ കഥയായിരുന്നു ഇത്. നായിക കഥാപാത്രമായ മിനിസ്റ്റര്‍ ശെല്‍വിയുടെ വേഷമായിരുന്നു. പരുത്തിവീരനില്‍ ചിത്രപ്പൂവിനെ അവതരിപ്പിച്ച ശരവണനായിരുന്നു ഇതിലെ ഹീറോ. ഈ സിനിമയ്ക്കുശേഷം തമിഴില്‍നിന്ന് ധാരാളം ഓഫറുകള്‍ വന്നു. എല്ലാം ഗ്ലാമറസ് റോളുകളായതുകൊണ്ട് വേണ്ടെന്നുവച്ചു. ഇതിനിടയിലായിരുന്നു ഇരുപതാമത്തെ വയസ്സില്‍ കല്യാണം.. കല്യാണത്തിനു ശേഷമായിരുന്നു സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്.

അഭിനയ ലോകത്ത് അധികം സുഹൃത്തുക്കളൊന്നും സോണിയയ്ക്ക് ഇല്ല. എങ്കിലും അന്‍പതോളം സീരിയലുകളിലും പത്തോളം സിനിമകളിലും സോണിയ അഭിനയിച്ചു. ഇതിനിടയില്‍ അടൂര്‍ ഭാസി കള്‍ച്ചറല്‍ ഫോറം, പ്രേംനസീര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ മികച്ച നടിക്കുള്ള  അവാര്‍ഡുകള്‍ തേടിയെത്തി. കൂടാതെ, വിവിധ ക്ലബുകളുടെ പ്രാദേശിക പുരസ്‌കാരങ്ങളും ഈ കലാകാരിക്കു സ്വന്തമായി. അഭിനയം പൂര്‍ണമായും വിട്ടിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇപ്പോഴും താരത്തെ പ്രേക്ഷകര്‍ മറന്നിട്ടില്ല. പുറത്തുവച്ചു കണ്ടാല്‍ അവര്‍ പെട്ടെന്നു തിരിച്ചറിയുകയും സ്‌നേഹസൂചകമായി ഒരു പുഞ്ചിരി സമ്മാനിക്കുകയും ചെയ്യുന്നവര്‍ ഉണ്ടെന്ന് സോണിയ തന്നെ പറയുന്നു.

അംഗീകാരങ്ങള്‍ വളരെ പണ്ടേ സോണിയയെ തേടിയെത്തിയിരുന്നു. ഡിഗ്രിക്കു പഠിക്കുമ്പോള്‍ കൊല്ലം ഫാത്തിമമാതാ കോളജിലെ മലയാളിമങ്ക പട്ടം സോണിയ കരസ്ഥമാക്കി. തൊട്ടടുത്ത വര്‍ഷം മിസ്സിസ് കൊല്ലമായി തെരഞ്ഞെടുക്കപ്പെട്ടു. പഠനക്കാലത്ത് സത്യസായിബാബ ട്രസ്റ്റിന്റെ ഉപന്യാസ രചനാമല്‍സരത്തില്‍ ജില്ലാ, സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം സോണിയയ്ക്കായിരുന്നു. ഇന്റര്‍ കോളജ് സെമിനാറുകളില്‍ നാഷണല്‍ നിലവാരത്തിലും ഇന്റര്‍ കോളജ് ഫെസ്റ്റിലും സമ്മാനങ്ങള്‍ ലഭിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന സോണിയ തിരഞ്ഞെടുപ്പിലൂടെ സംഘടനയുടെ നേതൃനിരയിലെത്തിയ വ്യക്തികൂടിയാണ്. ബിസിനസ്സുകാരനായ ഭര്‍ത്താവ് ബിനോയ് ഷാനൂര്‍ കോണ്‍ഗ്രസ് നേതാവാണ്. നേരത്തെ വ്യാപാരി വ്യവസായി കോണ്‍ഗ്രസിന്റെ കൊല്ലം ജില്ലാ പ്രസിഡണ്ടും ആയിരുന്നു. ബിനോയ് സോണിയ ദമ്പതികള്‍ക്ക് ഒരു മകളാണ് അല്‍ ഷെയ്ഖ പര്‍വീന്‍. അമ്മയെപോലെ മകളും കലാകാരിയാണ്. അമ്മ, ആര്‍ദ്രം, ബാലാമണി എന്നീ സീരിയലുകളില്‍ ബാലതാരമായി ഷെയ്ഖ തിളങ്ങിയിട്ടുണ്ട്.

സാധാരണയായി അതുവരെയുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് സിനിമയില്‍ ചുവടുറപ്പിക്കുന്നതിന് വിത്യസ്തമായി മറ്റ് ജോലികള്‍ സ്വീകരിക്കുന്ന ചുരുക്കം താരങ്ങളുടെ പട്ടികയിലേക്കാണ് സോണിയ എത്തുന്നത്. നിരവധി ആളുകള്‍ താരത്തിന് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്.

Read more topics: # Actress sonia rasheed,# real life
Actress sonia rasheed real life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES