താരജാഡകളില്ലാത്ത ഒരു നടിയാണ് സീമ ജി നായര്‍. കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷങ്ങളായി ഇവര്‍ നമ്മുടെ സ്വീകരണ മുറിയിലും, ബിഗ് സ്‌ക്രീനിലുമായി നിറയുന്ന താരം കൂടിയാണ്. ഒരു താരം എന്നതിനപ്പുറം അനവധി പേര്‍ക്ക് സഹായങ്ങളും കാരുണ്യവും ചൊരിയുന്ന ഒരു നന്മ മനസിന്റെ ഉടമ കൂടിയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കാന്‍സര്‍ ബാധിതയായ നടി ശരണ്യയ്ക്കു വേണ്ടി സീമ ചെയ്ത ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍.
മിനിസ്‌ക്രിന്‍ പ്രേക്ഷകരുടെ പ്രിയതാരമായ ശരണ്യയ്ക്ക് 2012 ലാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. അന്നു സീരിയല്‍ താരങ്ങളുടെ സംഘടനയായ 'ആത്മ'യുടെ വൈസ് പ്രസിഡന്റായിരുന്നു സീമ. സഹായം അഭ്യര്‍ഥിച്ച് ശരണ്യ വിളിച്ചു. അന്നുമുതല്‍ ശരണ്യ സീമയുടെ കുഞ്ഞനിയത്തിയായി. പെട്ടെന്നുതന്നെ ശരണ്യയെ ആര്‍സിസിയില്‍ അഡ്മിറ്റ് ചെയ്ത് ഓപ്പറേഷന്‍ നടത്തി. തൊട്ടടുത്ത വര്‍ഷവും അതേ രോഗം വന്നു, മൂന്നും നാലും അഞ്ചും ആറും വര്‍ഷത്തിലും ഇതേ പ്രശ്‌നത്തിന് ഓപ്പറേഷന്‍ ആവര്‍ത്തിക്കേണ്ടി വന്നു.
ശരണ്യ സീമയുടെ സുഹൃത്തോ കുടുംബസുഹൃത്തോ ഒന്നും ആയിരുന്നില്ല. എന്നിട്ടും 2012ല്‍ ശരണ്യയുടെ ആദ്യ സര്‍ജറിയുടെ സമയം മുതല്‍ സീമ ശരണ്യയ്‌ക്കൊപ്പം ഉണ്ട്. ശരണ്യയ്‌ക്കൊപ്പം കുറച്ച് കൂടുതല്‍ നാള്‍ നീ നില്‍ക്കണം എന്ന് ദൈവം പറഞ്ഞതുപോലെയാണ് തോന്നിയതെന്ന് സീമ പറഞ്ഞിട്ടുണ്ട്. മുഴുവന്‍ പത്ത് ശസ്ത്രക്രിയകള്‍ ചെയ്തു കഴിഞ്ഞു. അതില്‍ ഒന്‍പതാമത്തെ ശസ്ത്രക്രിയയുടെ സമയം വന്നപ്പോള്‍ ഞങ്ങള്‍ തളര്‍ന്നുപോയി. കാരണം പത്ത് രൂപ പോലും കയ്യില്‍ എടുക്കാനില്ലായിരുന്നു. ഒരുപാട് വാതിലുകള്‍ മുട്ടിയെങ്കിലും ആരും സഹായിച്ചില്ല.
ആദ്യമാദ്യം ഓപ്പറേഷന്‍ സമയത്ത് പലരും സഹായിച്ചിരുന്നു. ഗണേഷ് കുമാര്‍, ശരണ്യ യാമിനി തങ്കച്ചിയും അടക്കം ഗവണ്‍മെന്റില്‍ നിന്നും പല സഹായങ്ങളും ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വീണ്ടും വീണ്ടും രോഗം വരുമ്പോള്‍ സഹായം ചോദിച്ചപ്പോള്‍ പലരും മുഖം കറുപ്പിച്ചു. ചിലര്‍ പണം നല്‍കി. അങ്ങനെയാണ് നിവൃത്തിയില്ലാതെ ആദ്യമായി സോഷ്യല്‍മീഡിയയുടെ മുന്നില്‍ വരുന്നത്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവം അല്ലാതിരുന്നിട്ടും, സീമ ലൈവിലെത്തി. 50000 രൂപയെങ്കിലും കിട്ടിയാല്‍ മതിയെന്നേ അന്നു ചിന്തിച്ചുള്ളൂ. പക്ഷേ, വീഡിയോ കണ്ടിട്ട് ആദ്യ ദിവസം തന്നെ ഓപ്പറേഷനുള്ള പണം ശരണ്യയുടെ അക്കൗണ്ടിലെത്തി. ആ ലൈവിലൂടെയാണ് ശരണ്യ എന്ന നടി വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സഹായകമായി നിരവധി കരങ്ങള്‍ എത്തുന്നത്.
ഇത്തരത്തില്‍ സാമൂഹിക മാധ്യമത്തിലൂടെ സഹായം തേടിയത് ശരണ്യയ്ക്കൊരു വിഷമമായിരുന്നു. ശരണ്യയുടെ മുഖം കാണിച്ചാല്‍ മാത്രമേ ആളുകള്‍ സോഷ്യല്‍മീഡിയയിലൂടെ സഹായിക്കൂ എന്നൊരു ധാരണ അവള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം മാറ്റിമറിച്ച് ശരണ്യയെ മുന്നില്‍ കൊണ്ടുവരാതെ തന്നെ സീമ ജനങ്ങളോടു സഹായം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ചികിത്സാ സമയങ്ങളിലെല്ലാം വാടകയ്ക്കായിരുന്നു ശരണ്യയും കുടുംബവും താമസിച്ചിരുന്നത്. അതൊരു ഭാരിച്ച ചെലവായി മാറി, ആറിലധികം വീടുകള്‍ മാറി. അതൊരു വലിയ ബുദ്ധിമുട്ടായി തുടങ്ങിയപ്പോള്‍ സീമ തന്നെ മുന്നിട്ടിറങ്ങി. നിരവധി ചാനലുകളിലൂടെയും സൂരജ് പാലാക്കാരാന്‍, ഫിറോസ് കുന്നുംപറമ്പില്‍, മരിച്ചു പോയ നന്ദു മഹാദേവ എന്നിവരിലൂടെയെല്ലാം സഹായം അഭ്യര്‍ത്ഥിച്ച് നിരവധി പേരുടെ കാരുണ്യത്തില്‍ സീമ നേതൃത്വം നല്‍കി സ്ഥലം വാങ്ങി വീടുണ്ടാക്കി. ചികിത്സ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ വീടെന്ന സ്വപ്നവും പൂര്‍ത്തിയായി. തിരുവനന്തപുരം ചെമ്പഴത്തിയിലാണ് പുതിയ വീട് നിര്‍മ്മിച്ചത്.
ശരണ്യയ്ക്ക് തന്റെ അമ്മ തന്നെയാണ് സീമ. ശരണ്യയുടെ പിറന്നാള്‍ ദിനത്തില്‍ സീമ കേക്കുകളും സമ്മാനങ്ങളുമായി എത്തിയതും നന്ദു മഹാദേവയെ കാണണമെന്ന ആഗ്രഹം എല്ലാം സാധിപ്പിച്ചതും സീമയായിരുന്നു. ബ്രെയ്ന്‍ ട്യൂമറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളും തൈറോയ്ഡ് ക്യാന്‍സറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളും അടക്കം പതിനൊന്നോളം സര്‍ജറികള്‍ ആണ് ഇതു വരെ നടന്നത്. 2020 ഏപ്രിലില്‍ ശരണ്യയുടെ പത്താമത്തെ സര്‍ജറി വന്നു. അത് അധികമാരും അറിഞ്ഞില്ലായിരുന്നു. ആ സര്‍ജറി കഴിഞ്ഞതിനു ശേഷം ഒരു വശം തളരുകയും ചലനശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നീണ്ടനാളത്തെ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലൂടെ വീണ്ടും തനിയെ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു ശരണ്യ.
എന്നാല്‍ ഇപ്പോള്‍ പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെയാണ് ശരണ്യക്ക് വീണ്ടും പ്രശ്നങ്ങളുണ്ടായത്. സ്പൈനല്‍ കോഡിലേക്ക് അസുഖം എത്തിയെങ്കിലും പെട്ടെന്ന് സര്‍ജറി നടത്താന്‍ കഴിയുമായിരുന്നില്ല. ശരണ്യയെ ആര്‍സിസിയിലേക്ക് കൊണ്ടുവരികയും ചെയ്തു. അടുത്ത മാസം കീമോ ആരംഭിക്കാനിരിക്കെയാണ് ശരണ്യക്കും അമ്മയ്ക്കും സഹോദരനും കൊവിഡ് ബാധിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശരണ്യ ഇപ്പോള്‍.
തുടര്‍ച്ചയായി രോഗം ആവര്‍ത്തിക്കുന്നത് ഒരു അപൂര്‍വ്വമായ കേസായാണ് ഡോക്ടര്‍മാരും നോക്കി കാണുന്നത്. ഇതിനിടയില്‍ വിവാഹം നടന്നെങ്കിലും ആ ബന്ധം വിജയിച്ചില്ല. ശസ്ത്രക്രിയകളും കാന്‍സര്‍ ചികിത്സ ഏല്‍പ്പിച്ച വേദനകളുമെല്ലാം മനശക്തി കൊണ്ട് അതിജീവിച്ച് ഓരോ തവണയും ജീവിതത്തിലേക്ക് വീണ്ടും പിച്ചവെച്ച ശരണ്യയ്ക്കും കുടുംബത്തിനും ഒപ്പം സീമ എന്ന കരുത്തുറ്റ സ്ത്രീയുടെ പിന്തുണ കൂടിയുണ്ടായിരുന്നു.