മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയായിരുന്നു ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയിൽ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു അമ്മായി. പ്രേക്ഷകർ ഞെഞ്ചിലേറ്റിയ അമ്മായി എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നത് പ്രസീത മേനോന്‍ എന്ന നടിയാണ്. ബാലതാരമായി അഭിനയ മേഖലയിലേക്ക് ചുവട് വച്ച താരം നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. പത്രം, മഴയെത്തും മുമ്പേ എന്നീ ചിത്രങ്ങൾ താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ ആയിരുന്നു.
1976 ൽ നൈജീരിയയിലാണ് പ്രസീത ജനിച്ചത്. നാലു മക്കളിൽ ഏറ്റവും ഇളയവൾ. അച്ഛൻ നൈജീരിയയിൽ ആയതിനാൽ തന്നെ ആറാം ക്ലാസ്സു വരെ നൈജീരിയയിലായിരുന്നു പ്രസീദയുടെ ബാല്യം എന്ന് തന്നെ പറയാം. പ്രസീതയുടെ അച്ഛൻ ഗോപാലകൃഷ്ണൻ നൈജീരിയയിലെ ഒരു കപ്പൽ കമ്പനിയിലെ വക്കീലായിരുന്നു. പിന്നീട്ട് കൊച്ചിയിലേക്ക് താമസം മാറ്റി. സെവന്‌ത് ഡേ അഡ്വന്റിസ്റ്റ് സ്കൂളിൽ ആണ് ആദ്യം പഠിച്ചത്. കൊച്ചിൻ എറണാകുളം സെന്റ് തെരേസാസിൽ നിന്ന് 1997 ൽ ബിഎ.യും ബെംഗളുരുവിൽ നിന്നു നിയമ ബിരുദവും നേടി. ചെന്നൈയിലെ ആർ ആർ ഡോൺലി എന്ന അമേരിക്കൻ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരാണ് പ്രസീത.
ബാലതാരമായിട്ടാണ് പ്രസീത സിനിമ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. മൂന്നാം മുറ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടി പിന്നീട് മാലയോഗം, പുതുക്കോട്ടയിലെ പുതുമണവാളന്‍, ഈ പറക്കും തളിക, ഡാര്‍ലിങ് ഡാര്‍ലിങ്, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത മോഹപക്ഷികള്‍ എന്ന സീരിയലിലിലൂടെയാണ് താരം മിനിസ്‌ക്രീനിലെത്തിയത്. ഏറ്റവുമൊടുവില്‍ ഗ്ലാഡിസ് ഫെര്‍ണാണ്ടസ് എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയും സ്ത്രീ എന്ന സീരിയലില്‍ പ്രസീത അവതരിപ്പിച്ചു.ക്രോക്കഡൈൽ ലവ് സ്റ്റോറി ഒഴികെ തന്റെ സിനിമകളിൽ ഒരു സഹോദരിയുടെയോ മകളുടെയോ വേഷത്തിൽ അഭിനയിച്ച പ്രസീത അമ്മവേഷത്തിലും എത്തിയിട്ടുണ്ട്.
അഭിനേത്രി എന്നതിനപ്പുറം മികച്ച ഒരു മിമിക്രി ആര്‍ട്ടിസ്റ്റും കൂടെയാണ് പ്രസീത. സുരേഷ് ഗോപി, മുകേഷ്, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ ശബ്ദം അനുകരിച്ച് കൊണ്ട് തന്നെ താരം കൈയ്യടി നേടിയിട്ടുണ്ട്. ഒരുവേള പ്രേം നസീര്‍ പ്രസീതയുടെ മിമിക്രി കണ്ട് പ്രശംസിക്കുകയും ചെയ്തിട്ടുണ്ട് അത്രേ. അഭിനയവും മിമിക്രിയും കോമഡി എന്നതിലുപരി അടിസ്ഥാനപരമായി പ്രസീത അഭിഭാഷകയാണ്. ചെന്നൈയില്‍ തിരക്കുള്ള കോ-ഓപ്പറേറ്റീവ് ലോയര്‍ ആയ പ്രസീത, അതില്‍ നിന്നൊക്കെയുള്ള ഒരു റിലാക്‌സേഷന്‍ എന്ന നിലയിലാണ് ബഡായി ബംഗ്ലാവില്‍ എത്തിയിരുന്നത്. താരം ഒരു വിവാഹ മോചിത കൂടിയാണ്. അർണവ് എന്നൊരു മകൻ കൂടി താരത്തിന് ഉണ്ട്. നിലവിൽ എറണാകുളത്തെ ഏരൂരിലെ മാധവം എന്ന വീട്ടിൽ ആണ് താരം കഴിഞ്ഞു പോരുന്നത്.