കറുത്തു നീണ്ട മുടിയും പൊട്ടും കരിമഷി എഴുതിയ കണ്ണുകളുകളും നാടന്‍ വേഷവും മലയാളികളെ വെല്ലുന്ന കേരളത്തനിമയുളള പാരീസ് ലക്ഷ്മിയെ അറിയാത്തവര്‍ വിരളമാകും. ഫ്രാന്‍സില്‍ ജനിച്ച ലക്ഷ്മി കഥകളി കലാകാരനായ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ താമസമാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളതും. ബാംഗ്ലൂർ ഡേയ്സ് എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്ക് ഇടയിലേക്ക് കൂടുതൽ സുപരിചിതയാകുന്നതും.
ഫ്രാൻസിലെ പ്രോവൻസ് സ്വദേശികളായ ഈവിന്റേയും പാത്രേസ്യയുടേയും മൂത്ത മകളായിട്ടാണ് താരത്തിന്റെ ജനനം. മറിയം സോഫിയ ലക്ഷ്‌മി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. കലയോട് ഏറെ അടുത്ത ബന്ധമുള്ളവർ കൂടിയാണ് പാരീസ് ലക്ഷ്മിയുടെ മാതാപിതാക്കൾ. ലക്ഷ്മിയുടെ മാതാപിതാക്കൾ അവർക്ക് ലക്ഷ്മി എന്നും ഇളയ മകനെ നാരായണൻ എന്നും ഭാരത സംസ്കാരത്തോടും ഹൈന്ദവ ആചാരങ്ങളോടുമുള്ള താല്പര്യം കൊണ്ടാണ് നാമകരണം ചെയ്തത്. നന്നേ ചെറുപ്പത്തിൽ തന്നെ ഫ്രാൻസിലെ ക്ലാസിക് കലകൾ പഠിച്ച പാരീസ് ലക്ഷ്മി മാതാപിതാക്കൾക്കൊപ്പം ആദ്യമായി തന്റെ ഏഴാം വയസ്സിലാണ് ഇന്ത്യയിൽ എത്തുന്നത്. അന്ന് നടത്തിയ യാത്രകളുടെയും കാഴ്ചകളുടെയും അന്തരഫലമായി ഭരതനാട്യം ഏറെ ലക്ഷ്‌മിയയെയും കുടുംബത്തെയും ആകർഷിക്കുകയും, നൃത്തം പഠിക്കണമെന്ന മോഹം കൊണ്ട് ഒന്‍പതാം വയസ്സ് മുതല്‍ ഫ്രാന്‍സില്‍ ഭരതനാട്യ പഠനം ആരംഭിക്കുകയും ചെയ്തിരുന്നു.
ഭരതനാട്യത്തിന്റെ പ്രാഥമികചുവടുകള്‍ ഫ്രാന്‍സില്‍നിന്നും മാത്രം അഭ്യസിച്ച അവർ പിന്നീട് ഇന്ത്യയിലെതുകയും വര്‍ഷങ്ങളോളം തന്നെ , ഡോ. പത്മ സുബ്രഹ്‌മണ്യത്തിന്റെ കീഴിലും, അവരുടെ പ്രമുഖ ശിഷ്യരുടെ കീഴിലും നൃത്തം അഭ്യസിച്ചു. തുടർന്ന് അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലെ 'ഓ ജനുവരി' എന്ന ഗാനത്തിൽ ഭരതനാട്യ ചുവടുകൾ വച്ച് കൊണ്ട് മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഒരു ചേക്കേറ്റവും താരം നടത്തിയിരുന്നു. നൃത്തത്തിന് പുറമെ ചിത്രകലയിലും ഏറെ പ്രാവീണ്യമാണ് പാരീസ് ലക്ഷ്മിക്ക് ഉള്ളത്. കേരളത്തെ സ്നേഹിച്ച് മലയാളക്കരിയിൽ വേരുകൾ ഉറപ്പിച്ച ഫ്രഞ്ച് സ്വദേശിനിയാണ് പാരീസ് ലക്ഷ്മി.ബാംഗ്ലൂര്‍ ഡേയ്‌സിലെ മിഷേലിനെ മലയാളിപ്രേക്ഷകർക്ക് അത്രപെട്ടെന്ന് ഒന്നും തന്നെ മറക്കാൻ സാധിക്കില്ല. ലക്ഷ്മിയെ കേരളത്തോട് ഏറെ അടുപ്പിക്കാൻ കാരണം കഥകളിയോടും ശാസ്ത്രീയ നൃത്തത്തോടുമുള്ള ഇഷ്ടമാണ് . സാൾട്ടോ മാംഗോ ട്രീ, ഓലപ്പീപ്പി എന്നീ ചിത്രങ്ങളിലും ഉള്ള താരത്തിന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.
കഥകളി കലാകാരനായ പള്ളിപ്പുറം സുനിലാണ് ലക്ഷ്മിയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയും ഒടുവിൽ വിവാഹിതരാകുകയുമാണ് ചെയ്തത്. സുനിലും ലക്ഷ്മിയും ആദ്യമായി പരസ്പരം കാണുമ്പോള്‍ ലക്ഷ്മിയ്ക്ക് അന്ന് പ്രായം ഏഴ് വയസായിരുന്നു. സുനിലിന് 21 ഉം. ഇരുവരും തമ്മില്‍ ലക്ഷ്മിയ്ക്ക് 10 വയസായതിന് ശേഷം കണ്ടിട്ടില്ല. ലക്ഷ്മിയ്ക്ക് 16 വയസ് ആയപ്പോഴായിരുന്നു ഇരുവരും പിന്നീട് കാണുന്നത്. ലക്ഷ്മിയും കുടുംബവും കേരളത്തിൽ സന്ദർശനത്തിനായി എത്തുമ്പോൾ ഫോര്‍ട്ടു കൊച്ചിയിലെ കഥകളി കാണുന്നത് പതിവായിരുന്നു. തുടർന്നായിരുന്നു ലക്ഷ്മിയുടെ കുടുംബം ആ കലാകാരന്മാരുമായി അടുത്തത്. കുടുംബങ്ങളുടെ എതിര്‍പ്പ് വിവാഹത്തിന് ആദ്യം ഉണ്ടായിരുന്നു.എന്നാൽ എല്ലാ പ്രതിസന്ധികളേയും മറി കടന്ന് ലക്ഷ്മിയും സുനിലും വിവാഹം കഴിക്കുകയായിരുന്നു. ഇരുവരും വിവാഹം . 2012 ഫെബ്രുവരി 13 നാണ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ ക്ഷേത്രത്തില്‍ വച്ച് ഒന്നാകുകയും ചെയ്തു. 21-ാം വയസിലായിരുന്നു ലക്ഷ്മി സുനിലിന്റെ ഭാര്യായാകുന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. ലക്ഷ്മിക്ക് വിഷ പാമ്പുകളെ കൊണ്ടുനടക്കാന്‍ ഏറെ ഇഷ്ടമാണ്. താരം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ പാമ്പുകളെ മാലപോലെ കഴുത്തില്‍ അണിയുന്ന ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു. അതോടൊപ്പം തന്നെ താരം തന്റെ നൃത്ത വീഡിയോകള്‍ എല്ലാം തന്നെ പങ്കുവയ്ക്കാറുമുണ്ട്. നിലവിൽ കലശക്തി എന്നൊരു ഡാൻസ് സ്കൂളും താരം നടത്തി വരുന്നുണ്ട്.