മലയാള സിനിമയില്‍ നെടുമുടി വേണു എന്ന നടന് മലയാള സിനിമാ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. നായകനായും സഹനടനായും വില്ലനായും കഴിഞ്ഞ നാല്‍പത്തി നാലു വര്‍ഷത്തിനിടെ നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ചില്ലറയല്ല. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം സിനിമകളില്‍ തന്റെ അഭിനയപ്രതിഭ തെളിയിച്ചിട്ടുണ്ട് നെടുമുടി. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം പ്രതിഭകളായ സംവിധായകര്‍ക്കൊപ്പവും, സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും, ന്യൂജന്‍ പിള്ളേര്‍ക്കൊപ്പവും മത്സരിച്ച് അഭിനയിക്കുന്ന നടനാണ്.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും ഇളയ മകനായി 1948 മെയ് 22നായിരുന്നു ജനനം. ഇന്ന് 73 വയസ് പൂര്‍ത്തിയാകുന്ന നെടുമുടി വേണു നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് തലസ്ഥാന നഗരിയില്‍ എത്തുന്നത്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ആലപ്പുഴ എസ് ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. നാടകരംഗത്ത് നിന്നാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിക്കുന്നത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി.
പ്രശസ്ത കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കരുമായുള്ള അടുപ്പവും വേണുവിനെ മലയാള സിനിമയിലേക്കെത്തിച്ചു. ജയന്‍ മരിക്കുകയും മലയാള സിനിമയില്‍ നവോത്ഥാനം സംഭവിക്കുകയും ചെയ്ത സമയത്താണ് നിയോഗം പോലെ നെടുമുടി ചലച്ചിത്ര ലോകത്ത് എത്തുന്നത്. സമര്‍ത്ഥനായ ഒരു മൃദംഗം വായനക്കാരന്‍ കൂടിയാണ് അദ്ദേഹം.
1978-ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് ആണ് ആദ്യചിത്രം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം പ്രക്ഷേകമനസ്സില്‍ നെടുമുടി വേണുവിനെ എക്കാലത്തേക്കും പ്രതിഷ്ഠിച്ചു. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി.
പാച്ചി എന്ന അപരനാമത്തില്‍ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥകളും നെടുമുടി വേണു രചിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, തീര്‍ത്ഥം, ശ്രൂതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ സിനിമകള്‍ക്ക് തിരക്കഥ രചിച്ചത് നെടുമുടി വേണുവാണ്. പൂരം എന്ന ചലച്ചിത്രം സംവിധാനവും ചെയ്തു. ടെലിവിഷന്‍ പരമ്പരകളിലും നെടുമുടി സജീവമാണ്. 1990ല്‍ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ്, 2003-ല്‍ ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം, 1987-ലും 2003-ലും മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
മലയാള സിനിമയില്‍ നാലരപ്പതിറ്റാണ്ടു കാലം പൂര്‍ത്തിയാക്കുന്ന അപൂര്‍വ്വ വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. നെടുമുടിയെ കുറിച്ച് ആരും ഇന്നേവരെ ഒരു ദുസ്വഭാവമോ പെരുമാറ്റ ദൂഷ്യമോ ഒന്നും പറഞ്ഞു കേട്ടിട്ടില്ല. അതിനു കാരണമുണ്ട്. എല്ലാവരോടും വളരെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്നുവെന്നത് അദ്ദേഹത്തിന്റെ സ്വഭാവഗുണമാണ്. ലോകത്ത് എവിടെ പോയാലും നെടുമുടി എന്ന നാട്ടുമ്പുറത്തുകാരന്റെ എല്ലാ പരിശുദ്ധിയോടും കൂടി നമുക്ക് അദ്ദേഹത്തെ വായിച്ചെടുക്കാം.