കഴിഞ്ഞ ദിവസമായിരുന്നു നടൻ ധനുഷും ഐശ്വര്യ രജനികാന്തും വേർപിരിയുന്നു എന്നുള്ള വാർത്ത പുറത്ത് വന്നത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ധനുഷും ഐശ്വര്യയും വിരാമമിട്ടത്. എന്നാൽ ഇപ്പോൾ ഐശ്വര്യയുടേയും ധനുഷിന്റേയും വിവാഹ മോചനം ഒട്ടും അപ്രതീക്ഷിതമല്ല എന്നാണ് താരങ്ങളുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. ഇരുവരുമായി വളരെ അടുത്ത ബന്ധമുള്ളൊരു സുഹൃത്തിന്റെ വാക്കുകളെ അടിസ്ഥാനമാക്കി ഇന്ത്യാ ടുഡേയാണ് പിരിയലിന് പിന്നിലെ കാരണത്തെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്ത് വന്നത്.
''ധനുഷ് വര്‍ക്ക്‌ഹോളിക് ആണ്. അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിയാം തന്റെ ജോലിയ്ക്കാണ് മറ്റെന്തിനേക്കാളും ധനുഷ് പ്രാധാന്യം നല്‍കുന്നത്. ധനുഷിന്റെ ജോലിതിരക്കും യാത്രകളും അവരുടെ ദാമ്പത്യ ബന്ധത്തെ പലപ്പോഴും ബാധിച്ചിട്ടുണ്ട്'' എന്നാണ് സുഹൃത്ത് പറയുന്നത്. ധനുഷും ഐശ്വര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ എല്ലാം ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതായിരുന്നു പതിവെന്നും സുഹൃത്ത് പറയുന്നു. തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മറക്കാനായിരുന്നു ധനുഷ് ജോലിയില്‍ മുഴുകിയിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
''ധനുഷിനെ അറിയുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം വളരെയധികം സ്വകാര്യത സൂക്ഷിക്കുന്ന വ്യക്തിയാണെന്നത്. തന്റെ ചുരുക്കം ചില അടുത്ത സുഹൃത്തുക്കളോട് പോലും ധനുഷ് തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പറയാറില്ല. അദ്ദേഹത്തിന്റെ മനസില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും പറയാനാകില്ല. ഐശ്വര്യയുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയാണ് പതിവ്. തന്റെ തകരുന്ന ദാമ്പത്യ ജീവിതത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നു അദ്ദേഹമങ്ങനെ ചെയ്തിരുന്നത്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ഇരുവരും വളരെയധികം ബാധിച്ചിരുന്നുവെന്നതും വ്യക്തമാണ്'' എന്നും സുഹൃത്ത് പറയുന്നു.
കഴിഞ്ഞ ആറ് മാസം ഇരുവരും കടന്നു പോയത് വളരെയധികം പ്രശ്‌നങ്ങളിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹ മോചനം എന്നത് ധനുഷിന്റേയും ഐശ്വര്യയുടേയും ചിന്തകളിലുണ്ടായിരുന്നുവെന്നുമാണ് സുഹൃത്ത് പറയുന്നത്. കോമണ്‍ പോസ്റ്റിലൂടെ തങ്ങള്‍ പിരിയുകയാണെന്ന് അറിയിക്കുന്നതിന് മുന്നോടിയായി ദീര്‍ഘനേരം സംസാരിച്ച ശേഷമാണ് ധനുഷും ഐശ്വര്യയും തയ്യാറായതെന്നും സുഹൃത്ത് പറയുന്നു. ഈയ്യടുത്തിറങ്ങിയ അത്‌രംഗി രേ എന്ന സിനിമയുടെ പ്രൊമോഷന്‍ സമയത്തൊക്കെയും ധനുഷ് അസ്വസ്ഥനായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ ധനുഷ് താല്‍പര്യപ്പെട്ടിരുന്നില്ല. അതേസമയം വര്‍ക്കൗട്ടിലും ചാരിറ്റിയിലും സത്രീശാക്തീകരണ പരിപാടികൡലുമായിരുന്നു ഐശ്വര്യ ശ്രദ്ധിച്ചിരുന്നത്.
ഐശ്വര്യയുടെ പ്രധാന ആശങ്ക കുട്ടികളായിരുന്നു. മക്കള്‍ മുതിര്‍ന്നതോടെയാണ് ഇരുവരും അവരോട് തങ്ങള്‍ അകലുകയാണെന്ന് പറയാന്‍ തയ്യാറാകുന്നത്. മക്കളുടെ കാര്യത്തില്‍ കോ പാരന്റിംഗിനാണ് ധനുഷും ഐശ്വര്യയും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ധനുഷിനും ഐശ്വര്യയ്ക്കും ഇടയില്‍ ഇപ്പോള്‍ ദേഷ്യമില്ലെന്നും ഇരുവരും നല്ല സുഹൃത്തുക്കളായി തന്നെ തുടരുമെന്നും ഇരുവരേയും ഒരുമിച്ച് തന്നെ പൊതു വേദികളില്‍ കാണാന്‍ സാധിക്കുമെന്നും എന്നാല്‍ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.