ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും ഒരു പോലെ ഇഷ്ടപ്പെട്ട പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഉത്തരം ഡോ. എ.പി.ജെ. അബ്ദുല്‍ കലാം എന്നാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങളും രചനകളും. രാഷ്ട്രപതിപദവിയിലായിരിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ത്തന്നെയായിരുന്നു അദ്ദേഹം. അമ്പലത്തില്‍ പ്രതിമ പ്രതിഷ്ഠിക്കുന്നത് വരെയെത്തി അദ്ദേഹത്തോടുള്ള ആരാധന എന്നറിയുമ്പോഴാണ് മതഭേദമില്ലാതെ അബ്ദുല്‍ കലാം ജനമനസില്‍ ഇടം നേടി എന്ന് നമ്മള്‍ തിരിച്ചറിയുന്നത്.
ഇന്ത്യയുടെ 11മത്തെ രാഷ്ട്രപതിയായിരുന്നു തമിഴ് നാട് സ്വദേശിയായ എ.പി.ജെ അബ്ദുല്‍ കലാം. ഇന്ത്യയുടെ മിസൈല്‍ പദ്ധതികളുടെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ രാമേശ്വരത്തു സാധാരണകുടുംബത്തില്‍ ജനിച്ച അദ്ദേഹം കഠിനാധ്വാനവും ശുഭപ്രതീക്ഷയും കരുത്തായി കൊണ്ടുനടന്നിരുന്നു. സായുധസേനയുടെ നവീകരണത്തിനായി എന്നും വാദിച്ച ഡോ. കലാം രാഷ്ട്രപതിയായിരിക്കേ ഹിമാലയത്തില്‍ 18000 അടി ഉയരത്തിലുള്ള സിയാച്ചിന്‍ ക്യാംപിലെത്തി ജവാന്മാരെ സന്ദര്‍ശിച്ചതു സേനാംഗങ്ങള്‍ക്കു പുത്തനനുഭവമായിരുന്നു. പോര്‍വിമാനത്തില്‍ പറന്ന ആദ്യ രാഷ്ട്രപതിയെന്ന നിലയിലും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. രാഷ്ട്രപതിയാവുംമുമ്പ് കേരളത്തിലും അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു.
എല്ലാ മനുഷ്യര്‍ക്കും ജീവിതത്തില്‍ അഗ്നിച്ചിറകുകള്‍ ഉണ്ടെന്നു പഠിപ്പിച്ച അദ്ദേഹത്തിന്റെ അമ്പലത്തില്‍ സ്ഥാപിച്ച പ്രതിമയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. രാമേശ്വരത്തെ ഒരു ഹിന്ദു ക്ഷേത്രത്തിലാണ് കലാമിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. നിരവധി സഞ്ചാരികള്‍ എത്തുന്ന ക്ഷേത്രത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 2017-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. കലാമിന്റെ പ്രതിമയ്ക്ക് അടുത്തായി അബ്ദുല്‍ കലാമിന്റെ കുടുംബാംഗങ്ങള്‍ ഭഗവത് ഗീത, ബൈബിള്‍ തുടങ്ങിയവയും കല്ലില്‍ രൂപപ്പെടുത്തി വച്ചിട്ടുണ്ട്. കലാമിന്റെ പ്രതിമ സ്ഥാപിക്കുന്നതിനു എതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും എല്ലാ വിമര്‍ശനങ്ങളെയും വിവാദങ്ങളെയും അതിജീവിച്ചാണ് കലാമിന്റെ പ്രതിമ അവിടെ പ്രതിഷ്ടിക്കപ്പെട്ടത്. ക്ഷേത്രം എന്നാല്‍ ഈശ്വരനു മാത്രമല്ലെന്നും ജീവിക്കുന്ന അല്ലെങ്കില്‍ ജീവിച്ചിരുന്ന ദൈവങ്ങള്‍ക്കു വേണ്ടി കൂടി ഉളളതാണെന്നു വ്യക്തമാക്കുന്നതാണ് ഹിന്ദു ക്ഷേത്രത്തിലെ ഈ പ്രതിമ. ഒരു ജാതിയും മതവും യോഗ്യതകളും ഇവിടെ ഉയരുന്നില്ലെന്നതും ശ്രദ്ധേയമായി ഇപ്പോഴും കലാമിന്റെ പ്രതിമ ക്ഷേത്രത്തില്‍ തലയുയര്‍ത്തി നില്ക്കുന്നു.