വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിനും കുടുംബത്തിനുമുണ്ടായ അപകടം ഇന്നും മലയാളികള്‍ക്ക് വേദനയോടെയല്ലാതെ ഓര്‍ക്കാനാകില്ല. സെപ്റ്റംബര്‍ 25ന് നടന്ന അപകടത്തില്‍ ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരിച്ചത് മലയാളികളെ ഏറെ വേദനിപ്പിച്ചിരുന്നു. ബാലഭാസ്‌കര്‍ വിട വാങ്ങി നാലു മാസം കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ബാലുവിന്റെ ആരാധകരന്‍ ബാലുവിന് വേണ്ടി ചെയ്ത ഒരു ശില്‍പമാണ്.
വയലിനില് വിസ്മയം തീര്‍ത്ത ബാലഭാസ്‌കര്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന്. ബാലുവിന്റെയും ബാലുവിന്റെ ഏക മകള്‍ തേജസ്വിനിയുടെ മരണത്തില്‍ കണ്ണീര്‍ വാര്‍ത്ത കേരളം ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില നേരെയാവാന്‍ ഒറ്റക്കെട്ടായിട്ടാണ് പ്രാര്‍ഥിച്ചത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ബാലുവിന്റെ ആരാധകര്‍ ആ മഹാകലാകാരന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ ഞെട്ടിയിരുന്നു. ബാലു മരിച്ച് നാലു മാസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ആരാധകനും ചിത്രകലാ അധ്യാപകനുമായ സോബിനാഥ് നിര്‍മ്മിച്ച ശില്‍പം ശ്രദ്ധ നേടുകയാണ്. രാമനാട്ടുകരയിലെ തന്റെ വീടിന് മുന്നിലാണ് സോബി ശില്‍പം നിര്‍മ്മിച്ചത്.
സോബിനാഥിന് ഇതുവരെയും ബാലുവിനെ നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല. ്അത് ഇപ്പോഴും വലിയ വിഷമമായി സോബിനാഥിന്റെ ഉള്ളിലുണ്ട്. ആ സങ്കടത്തില്‍ നിന്നാണ് ബാലുവിന്റെ പ്രതിമ ഉണ്ടാക്കാമെന്ന് ആശയത്തിലാണ് സോബി എത്തിയത്. കമ്പിയും സിമന്റും മണലും ഉപയോഗിച്ചാണ് പ്രതിമ ഉണ്ടാക്കിയിരിക്കുന്നത്. ഏഴടിയോളം ഉയരമുള്ള പ്രതിമ, മൂന്ന് മാസം കൊണ്ടാണ് സോബിനാഥ് പൂര്ത്തിയാക്കിയത്. വയലിന്‍ വായിക്കുന്ന ബാലുവിന്റെ ശില്‍പമാണ് ഇത്. നേരിട്ട് കണ്ടില്ലെങ്കിലും ഇനി തന്റെ ആരാധനാപുരുഷനെ എന്നും കാണാമെന്ന് സോബിനാഥ് പറയുന്നു.