മലയാളി സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ട്ട നടിയായി പ്രവീണ മാറിയിട്ട് നാളുകളായി. നിരവധി പുരസ്‌കാരങ്ങളും നടി സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാരത്തിനും നടി അര്‍ഹയായിട്ടുണ്ട്.ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ പ്രവീണ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
സീരിയലുകളിലെ കഥ അസഹനീയമായതോടെ ഷൂട്ടിങ്ങിനിടെ അഭിനയം നിര്‍ത്തി പോരേണ്ട സാഹചര്യം ഉണ്ടായെന്നും അമ്മായിയമ്മ പോര്, കുഞ്ഞിനു വിഷം കൊടുക്കല്‍, കുശുമ്പ്, കുന്നായ്മ, ചതി, കള്ളം എന്നിങ്ങനെയുള്ള സിറ്റുവേഷന്‍സ് മാത്രമേ സീരിയലുകളില്‍ സൃഷ്ടിക്കപ്പെടുന്നുള്ളു എന്നും താരം പറയുന്നു.
സാമ്പത്തിക നേട്ടത്തിനായി മാത്രം സീരിയല്‍ പിടിക്കുമ്പോള്‍ അങ്ങനെയേ സാധിക്കൂ എന്നാണ് നിര്‍മ്മാതാക്കളും സംവിധായകരും പറയുന്നതെന്നും പ്രവീണ കൂട്ടിച്ചേര്‍ത്തു.'സീരിയലുകളില്‍ ജീവിതഗന്ധിയായ പ്രമേയങ്ങള്‍ ഉണ്ടാകുന്നില്ല. സീരിയലുകളിലെ ഈ മണ്ടത്തരങ്ങള്‍ എന്തൊക്കെ ആണെന്ന് കാണാനാണ് പ്രേക്ഷകര്‍ ഇത് കാണുന്നത്. അത്തരം ഒരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കെ സിറ്റുവേഷന്‍സ് അസഹനീയമായി മാറിയപ്പോള്‍ അക്കാര്യം സംവിധായകനോട് പറഞ്ഞ് അഭിനയം മതിയാക്കി മടങ്ങിയിട്ടുണ്ട്,' പ്രവീണ വ്യക്തമാക്കി.
1998ല്‍ പ്രദര്‍ശനത്തിന് എത്തിയ ശ്യാമപ്രസാദ് ചിത്രം അഗ്നി സാക്ഷി, 2008ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച ഒരു പെണ്ണും രണ്ടാണും എന്നീ സിനിമകളിലെ പ്രകടനത്തിനാണ് പുരസ്‌കാരങ്ങള്‍ തേടി എത്തിയത്. കളിയൂഞ്ഞാല്‍ എന്ന സിനിമയിലൂടെ ആണ് പ്രവീണ സിനിമ ജീവിതത്തിലേക്ക് അരങ്ങേറുന്നത്. സുമേഷ് ആന്റ് രമേശ് ആണ് പ്രവീണയുടേതായി പുറത്തിറങ്ങിയ അവസാന മലയാള സിനിമ.
നാഷണല്‍ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ് താരത്തിന്റെ ഭര്‍ത്താവ്. ഇവര്‍ക്ക് ഗൗരി എന്ന് പേരുള്ള മകള്‍ ഉണ്ട്.