സിനിമയിലും സീരിയലിലും തിളങ്ങിനിന്ന നടന്‍ വിഷ്ണുപ്രസാദിന്റെ വേര്‍പാട് വളരെ അപ്രതീക്ഷിതമായിരുന്നു,നായകനായും വില്ലനായും സഹനടനായും ഒക്കെ അഭിനയിച്ച് മലയാളി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയ നടന്റെവേര്‍പാട് ആരാധകരെയും നൊമ്പരപ്പെടുത്തിയതാണ്. ഇപ്പോഴിതാ അച്ഛന്റെ ജന്മദിനത്തില്‍ വൈകാരികമായ കുറിപ്പ് പങ്കിടുകയാണ് മകള്‍ അഭിരാമി വിഷ്ണു.
കരള്‍സംബന്ധമായ അസുഖത്തിന് ഒരു വര്‍ഷത്തിലധികമായി ചികിത്സയിലായിരുന്ന താരം മകള്‍ ദാതാവായി കരള്‍ മാറ്റിവയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വേര്‍പെട്ടത്. താരത്തിന്റെ മൂത്ത മകളും മോഡലുമായ അഭിരാമി അച്ഛന് ജന്മദിനം ആശംസിച്ച് പങ്കിട്ടകുറിപ്പാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്.
ഹാപ്പി 50 അച്ഛാ...
അച്ഛന്റെ ഈ ജന്മദിനത്തിന് എനിക്ക് ഒരുപാട് പദ്ധതികളുണ്ടായിരുന്നു. താങ്കള്‍ അര്‍ഹിക്കുന്ന രീതിയില്‍, നമ്മള്‍ ഒരുമിച്ച് ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അച്ഛന്‍ അവശേഷിപ്പിച്ച ശൂന്യത അസഹനീയമാണ്, പക്ഷേ ഇന്ന് ഞാന്‍ കരയില്ലെന്ന് സ്വയം സത്യം ചെയ്തിട്ടുണ്ട്.... ഇന്ന് അച്ഛന്റെ ദിവസമാണ്, അത് ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നിങ്ങള്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഓരോ ദിവസവും കഠിനമായിരുന്നു, നിങ്ങള്‍ ഇല്ലാതെ എങ്ങനെ മുന്നോട്ട് പോകാമെന്ന് ഞാന്‍ ഇപ്പോഴും കണ്ടെത്താന്‍ ശ്രമിക്കുകയാണ്. പക്ഷേ ഉള്ളിലെവിടെയോ, നിങ്ങള്‍ എല്ലായ്‌പ്പോഴും ചെയ്തതുപോലെ, എന്നെ നിരീക്ഷിക്കുകയും ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം.
എന്റെ ലോകത്തിന് ജന്മദിനാശംസകള്‍...ഐ ലവ് യൂ അച്ഛാ...നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ...എപ്പോഴും ഇഷ്ടം...'' എന്നാണ് അഭിരാമി വിഷ്ണു കുറിച്ചിരിക്കുന്നത്. അച്ഛനൊപ്പമുള്ള ത്രോ ബാക്ക് ചിത്രവും അഭിരാമി പങ്കുവച്ചിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും അനിയത്തിക്കുമൊപ്പമുള്ള മനോഹരനിമിഷങ്ങളും പങ്കുവച്ചാണ് അഭിരാമിയുടെ കുറിപ്പ്. നിരവധി ആരാധകരാണ് കുറിപ്പിന് താഴെ സ്‌നേഹവും നൊമ്പരവുമൊക്കെ ഇമോജിയിലൂടെ പങ്കുവച്ചിരിക്കുന്നത്.
സൂംബ ഇന്‍സ്ട്രക്ടറും, ഫിറ്റ്‌നസ് ട്രെയിനറും, ഫാഷന്‍ ഡിസൈനറും, ക്ലാസിക്കല്‍ ഡാന്‍സറും ഒക്കെയാണ് വിഷ്ണുവിന്റെ ഭാര്യ കവിത വിഷ്ണു. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. മൂത്ത മകള്‍ അഭിരാമി വിദേശത്തും നാട്ടിലുമായി ഒരുപാട് പരസ്യങ്ങള്‍ക്ക് മോഡലായിട്ടുണ്ട്. ചേച്ചിയുടെ പാത പിന്തുടരുകയാണ് അനിയത്തി അനനികയും. നിരവധി ഷോര്‍ട്ട് ഫിലിമുകളിലും വിഷ്ണുവിന്റെ മൂത്തമകള്‍ അഭിരാമി അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭിരാമി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്
വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് വിഷ്ണുപ്രസാദ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് സീരിയലുകളിലും വിഷ്ണുപ്രസാദ് സജീവമായി.