സിനിമാസ്വാദകര്‍ക്ക് ചിരപരിചിതനാണ് അശ്വന്ത് കോക്ക്. പലപ്പോഴും റിവ്യൂകളുടെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ അടക്കം നേരിടേണ്ടി വന്നിട്ടുള്ള കോക്കിന് സോഷ്യല്‍മീഡിയയില്‍ ആരാധകരുണ്ട്.ഇപ്പോളിതാനെഗറ്റീവ് റിവ്യൂകളുടെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും അശ്വന്ത് പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മമ്മൂട്ടി ആരാധകരില്‍ നിന്നും മറ്റ് സിനിമാ പ്രവര്‍ത്തകരില്‍ നിന്നും നേരിട്ട അനുഭവങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് ഒരു മമ്മൂട്ടി ആരാധകന്‍ തന്നെ നേരിട്ട് വന്ന് ചോദ്യം ചെയ്യുകയും അടിക്കാന്‍ മുതിരുകയും ചെയ്തതായി അശ്വന്ത് വെളിപ്പെടുത്തി. 'നീ നശിച്ച് പോകുമെടാ, ഗുണം പിടിക്കില്ല' എന്നിങ്ങനെയുള്ള ശാപവാക്കുകള്‍ പലരില്‍ നിന്നും കേള്‍ക്കാറുണ്ട്. മമ്മൂട്ടിയുടെ ഹിറ്റാകാന്‍ സാധ്യതയുള്ള സിനിമകളെ മനഃപൂര്‍വ്വം നെഗറ്റീവ് പറയുകയും പരാജയപ്പെടുന്ന ചിത്രങ്ങളെ പോസിറ്റീവായി അവതരിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ആരാധകരുടെ ആരോപണം.
എന്നാല്‍ ആരാധകന്‍ തന്നെ അടിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടി ചിത്രം 'കാതല്‍', 'സൗദി വെള്ളക്ക' തുടങ്ങിയ സിനിമകളെ വിമര്‍ശിച്ചപ്പോള്‍ ഉണ്ടായ പ്രതികരണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'കാതല്‍' തനിക്ക് ഒരു പ്രൊപ്പഗണ്ട സിനിമയായാണ് തോന്നിയതെന്നും അത് സാങ്കേതികമായി ദുര്‍ബലമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ രംഗത്തെത്തിയിരുന്നു
ചിലര്‍ തന്നെ ബസ്സില്‍ വെച്ച് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സിനിമ പരാജയപ്പെടുന്നത് തന്റെ റിവ്യൂ കൊണ്ടാണ് എന്ന തെറ്റായ ചിന്തയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും അശ്വന്ത് കൂട്ടിച്ചേര്‍ത്തു. പ്ലസ് ടു ഇംഗ്ലീഷ് അധ്യാപകനായ താന്‍ ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ അവധിയിലാണെന്നും അദ്ദേഹം പറഞ്ഞു.