മലയാളി പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ഷോയാണ് ബിഗ്ബോസ്. ബിഗ്ബോസ് രണ്ടാം സീസണില്‍ മത്സരാര്‍ഥിയായിരുന്ന രജിത് കുമാര്‍ ബിഗ് ബോസ് ഹൗസില്‍ വച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചത് വിവാദമായിരുന്നു. ഈ പെരുമാറ്റത്തിന് പിന്നാലെ രജിത് കുമാര്‍ പരിപാടിയില്‍ നിന്ന് പുറത്താവുകയും ചെയ്തു. എന്നാല്‍ ഈ സംഭവത്തോടെ രേഷ്മയ്ക്കെതിരെ വന്‍തോതില് സൈബര്‍ ആക്രമണം ഉണ്ടായി. തുടര്‍ന്നുള്ള ആഴ്ചയില്‍ രേഷ്മയും പരിപാടിയില്‍ നിന്ന് പുറത്തായി. എന്നാല്‍ പിന്നീടും ഇവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ന്നു.ബിഗ് ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത്കുമാര്‍ തനിക്ക് നേരെ നടത്തിയ, നടത്തിവരുന്ന ശാരീരിക, മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങുകയാണ് രേഷ്മ.
10 വര്‍ഷമായി മോഡലിങ് ചെയ്യുന്നവര്‍ പോലും അത്രയൊന്നും അറിയപ്പെടുന്നില്ല. ബിഗ് ബോസില്‍ പങ്കെടുത്താല്‍ അറിയപ്പെടുമെന്നും അതുവഴി അവസരങ്ങള്‍ ലഭിക്കും എന്ന ഒറ്റക്കാരണത്താലാണ് പരിപാടിയില്‍ മത്സരാര്‍ഥിയായി ഞാന്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ അന്യഭാഷയില്‍ നിന്ന് മോഡലിങ്ങിനും മറ്റുമായി വിളികള്‍ വരുന്നുണ്ടെങ്കിലും മലയാളത്തില്‍ നിന്ന് ഒരു അവസരവും വരുന്നില്ല. കാരണം ആ പരിപാടിയില്‍ പങ്കെടുത്തതാണ്. എന്നെ ഒരു വില്ലത്തിയും മോശക്കാരിയുമായി മാത്രമേ ആളുകള്‍ ഇപ്പോള്‍ കാണുന്നുള്ളൂ. എന്നാല്‍ രജിത്കുമാര്‍ പല ഇന്റര്‍വ്യൂകള്‍ നല്‍കുന്നു. വീഡിയോ പോസ്റ്റ് ചെയ്യുന്നു. അതെല്ലാം രജിതിന്റെ ഫാന്‍സ് ആഘോഷിച്ച് നടക്കുന്നു. വളരെ നോര്‍മല്‍ ആയാണ് എനിക്കെതിരെ നടത്തിയ ആക്രമണത്തെ രജിത് അവതരിപ്പിക്കുന്നത്. ഇപ്പോള്‍ എന്റെ കണ്ണിലല്ല, കവിളിലാണ് മുളക് തേച്ചതെന്ന് വരെ പറയുന്നു.
ഞാന്‍ ഇപ്പോഴും ആ സംഭവവും അതിനെ തുടര്‍ന്നുണ്ടായ കാര്യങ്ങളുമുണ്ടാക്കിയ മെന്റല്‍ ട്രോമയില്‍ നിന്ന് പുറത്ത് വന്നിട്ടില്ലെന്നും രേഷ്മ പറയുന്നു. മാനസികമായി വളരെയധികം പ്രശ്നത്തിലായിക്കൊണ്ടാണ് പരിപാടിയില്‍ നിന്ന് പുറത്തിറങ്ങുന്നത്. അതിന് ശേഷം ഇത്തരം ഭീഷണികളും കൂടിയായപ്പോള്‍ നാട്ടില്‍ പോലും നില്‍ക്കാന്‍ കഴിഞ്ഞില്ല. കുറച്ച് ദിവസത്തേക്ക് മാറി നില്‍ക്കാന്‍ ദുബായില്‍ ഒരു സുഹൃത്തിന്റെയടുത്തേക്ക് പോയി.അപ്പോഴണ് ലോക്ക്ഡൗണ്‍ വരുന്നത്. പിന്നീട് ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റിലാണ് നാട്ടിലെത്തിയത്. ക്വാറന്റൈന്‍ എല്ലാം പൂര്‍ത്തീകരിച്ചു. വലിയ രോഗം പടര്‍ന്ന് പിടിച്ചിരിക്കുന്ന സമയമായതുകൊണ്ട് തല്‍ക്കാലം കേസിനോ പ്രതികരണത്തിനോ പോവണ്ട എന്ന് കരുതി ഇരിക്കുകയായിരുന്നു. എന്നാല്‍ പിന്നീടും താന്‍ ചെയ്ത പ്രവര്‍ത്തിയെ നിസ്സാരമാക്കി രജിതും ഫാന്‍സും പ്രതികരിക്കുന്നതാണ് കണ്ടത്. പരിപാടി കണ്ട മലയാളികളുടെ എല്ലാം മുന്നില്‍ ഞാന്‍ മോശക്കാരിയുമായി. അതുകൊണ്ട് തന്നെ എനിക്കുണ്ടായ ആക്രമണത്തിനും മാനസിക പീഡനത്തിനും എതിരെ നടപടി എടുക്കണം എന്ന് പൊലീസില്‍ പരാതി നല്‍കുകയാണ്.
2020 മാര്‍ച്ച് 9നാണ് എന്റെ കണ്ണുകളില്‍ രജിത് കുമാര്‍ പച്ചമുളക് തേക്കുന്നത്. തൊട്ടടുത്ത ദിവസം മാര്‍ച്ച് 10ന് അത് ടെലികാസ്റ്റ് ചെയ്തിരുന്നു. അതിന് മുന്‍പുള്ള ദിവസങ്ങളില്‍ ഷോയ്ക്കിടയില്‍ വെച്ചു തന്നെ, എന്റെ കണ്ണുകള്‍ക്ക് മാരകമായ കന്‍ജക്ടിവൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്നതാണ്. ഫെബ്രുവരി 4 ന് കണ്ണുകള്‍ക്ക് അണുബാധ ഏറ്റതിനെ തുടര്‍ന്ന് ഷോയില്‍ നിന്നും താത്കാലികമായി പുറത്താക്കി ചികിത്സയ്ക്കായി ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ചികിത്സ പൂര്‍ത്തീകരിക്കാന്‍ കാലതാമസം വരുന്ന സാഹചര്യത്തില്‍ ഫെബ്രുവരി 11ന് എന്നെ വീട്ടിലേയ്ക്കും എത്തിച്ചിരുന്നു, അങ്ങനെ മൂന്നാഴ്ചയിലധികം കണ്ണുകള്‍ തുറക്കാന്‍ പോലും സാധിക്കാതെ, നരകതുല്യമായ അവസ്ഥയില്‍ ഞാന്‍ ചികിത്സയിലായിരുന്നു. ഒടുവില്‍, ഭാഗികമായി കണ്ണുകള്‍ സുഖപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി 29-ന് ഞാന്‍ ഷോയില്‍ തിരിച്ചെത്തിയത്. എന്റെ കണ്ണിനേറ്റ അണുബാധയില്‍ നിന്നും പൂര്‍ണ്ണമായും മുക്തയായില്ലെന്നും, കണ്ണിപ്പോള്‍ വളരെ സെന്‍സിറ്റീവാണെന്നും, ചികിത്സ തുടരുന്നുവെന്നും ഞാന്‍ രജിത് കുമാറിനോട് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് എന്റെ കണ്ണുകളിലേക്ക് പച്ചമുളക് പൊട്ടിച്ച് തേക്കുന്നത്.
തുടര്‍ന്ന് എന്റെ കണ്ണിന്റെ കോര്‍ണിയയിലുണ്ടായ മുറിവ് എന്റെ ഒരു കണ്ണിന്റെ കാഴ്ച്ചശക്തിയെ ബാധിച്ചിട്ടുണ്ട്. ഇത്രയും എന്നെ ഉപദ്രവിച്ചിട്ടും,'ക്ഷമിച്ച് കളഞ്ഞേക്ക്' എന്നാണ് പലരും പറയുന്നത്.
ആക്രമണം നേരിട്ടതിന് അടുത്ത ദിവസം രേഷ്മയുടെ സുഹൃത്തുക്കളില്‍ ചിലര്‍ തിരുവനന്തപുരം വനിതാ സെല്ലില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പിന്നീട് ഡിജിപി ഓഫീസിലേക്ക് മെയില്‍ വഴിയും പരാതി നല്‍കിയിരുന്നു. രജിത് കുമാറിനോട് ക്ഷമിക്കാം, പക്ഷേ തിരികെ ഷോയിലേക്ക് പ്രവേശിപ്പിക്കാന്‍ പാടില്ല എന്ന നിലപാടാണ് രേഷ്മ സ്വീകരിച്ചത്. ഇതോടെ രജിത് കുമാര്‍ ഷോയില്‍ നിന്ന് പുറത്തായെങ്കിലും പൊലീസ് കേസ് അടക്കമുള്ളവ ഉണ്ടായില്ല.എന്നാല്‍ പുറത്തിറങ്ങിയിട്ടും രേഷ്മയ്ക്കെതിരെയുള്ള രജിത് കുമാര്‍ ഫാന്‍സിന്റെ ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല എന്നാണ് രേഷ്മ ഇപ്പോള്‍ വ്യക്തമാക്കുന്നത്.