'ആർത്തവസമയത്ത് മൂത്രം ഒട്ടും പിടിച്ചുവയ്ക്കാൻ കഴിയാറില്ല; പാഡ് ഓവർഫ്‌ളോ ആയിട്ടുണ്ട്...അസ്വസ്ഥത സഹിച്ച് മൂന്ന് പാഡോ മറ്റോ വെച്ചിട്ട് കിടന്നതാണ്..എന്നിട്ടും യൂട്രസ് പണി പറ്റിച്ചു; വണ്ടി നിർത്താൻ ഒച്ച വെച്ചിട്ടും നിർത്തിയില്ല; ബസ് നിറുത്തിയ സ്ഥലത്തെ കക്കൂസ് മുറിയിൽ കയറുമ്പോൾ അപമാനംകൊണ്ട് മേലാകെ വിറച്ചു'; കല്ലട ബസിൽ യാത്ര ചെയ്യുന്നതിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച് അരുന്ധതിയുടെ കുറിപ്പ്

Malayalilife
'ആർത്തവസമയത്ത് മൂത്രം ഒട്ടും പിടിച്ചുവയ്ക്കാൻ കഴിയാറില്ല; പാഡ് ഓവർഫ്‌ളോ ആയിട്ടുണ്ട്...അസ്വസ്ഥത സഹിച്ച് മൂന്ന് പാഡോ മറ്റോ വെച്ചിട്ട് കിടന്നതാണ്..എന്നിട്ടും യൂട്രസ് പണി പറ്റിച്ചു; വണ്ടി നിർത്താൻ ഒച്ച വെച്ചിട്ടും നിർത്തിയില്ല; ബസ് നിറുത്തിയ സ്ഥലത്തെ കക്കൂസ് മുറിയിൽ കയറുമ്പോൾ അപമാനംകൊണ്ട് മേലാകെ വിറച്ചു'; കല്ലട ബസിൽ യാത്ര ചെയ്യുന്നതിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച് അരുന്ധതിയുടെ കുറിപ്പ്

 കല്ലട ബസിൽ യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിന് പിന്നാലെ ട്രാവത്സ് കമ്പനിക്കെതിരെ സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും പരാതിയും ഉയരുകയാണ്. സമൂഹ മാധ്യമത്തിലടക്കം ഒട്ടേറെ പേർ കല്ലട ബസിൽ വച്ചുണ്ടായ ദുരനുഭവം പങ്കുവയ്ക്കുന്ന വേളയിലാണ് തനിക്കുണ്ടായ ദുരനുഭവം ഗവേഷക വിദ്യാർത്ഥിയായ ബി. അരുന്ധതി പങ്കുവയ്ക്കുന്നത്. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അരുന്ധതി ഇക്കാര്യം പുറംലോകത്തോട് വിളിച്ച് പറയുന്നത്. 2015ൽ കല്ലട ബസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ദുരനുഭവമുണ്ടായത്.

തനിക്ക് ആർത്തവമായതിനാൽ ടോയ്‌ലറ്റിൽ പോവണ്ടത് അത്യാവശമായിരുന്നെന്നും ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നിർത്തി തന്നില്ലെന്ന് അരുന്ധതി കുറിക്കുന്നു. ഒടുവിൽ കല്ലട ബസ് സർവീസിന്റെ ഓഫീസ് നമ്പറിൽ വിളിച്ചതോടെ മെഹ്ദിപട്ടണത്തെ അവരുടെ ഓഫീസിൽ ബസ് നിർത്തുമെന്നും അവിടുത്തെ ടോയ്‌ലറ്റ് ഉപയോഗിക്കാമെന്ന ധാരണയിലെത്തി.

വണ്ടി നിർത്തിയപ്പോൾ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു താനെന്ന് അരുന്ധതി പറയുന്നു. പിന്നൊരിക്കലും ആ നശിച്ച വണ്ടിയിൽ കയറില്ലെന്ന് ശപഥമെടുത്തെങ്കിലും, ഗതികേടുകൊണ്ട് പിന്നെയും മൂന്നോ നാലോ വട്ടം കയറേണ്ടിവന്നിട്ടുണ്ട്. കല്ലടയ്‌ക്കെതിരെ നടപടിയെടുക്കുമ്പോ എന്നെപ്പോലെ ആയിരക്കണക്കിന് സ്ത്രീകൾ സന്തോഷിക്കുന്നുണ്ടാകുമെന്നും അരുന്ധതി കുറിക്കുന്നു.

അരുന്ധതി ബി യുടെ ഫേസ്‌ബുക്ക് കുറിപ്പ്

രണ്ടായിരത്തിപ്പതിനഞ്ചിലാണ്. ശബരിക്ക് തത്കാൽ ടിക്കറ്റ് പോലും ലോട്ടറിയായതിനാലും, ഫ്‌ളൈറ്റ് ഇന്നത്തെപോലെ അഫോഡബിൾ അല്ലാത്തതിനാലും കല്ലടയായിരുന്നു ഹൈദരാബാദ് വരെ പോകാൻ ആശ്രയം. സെമി സ്‌ളീപ്പർ സീറ്റിൽ ഏതാണ്ട് പതിനെട്ട് മണിക്കൂർ ഇരിക്കണം. കൊച്ചിയിൽനിന്ന് ഉച്ചയ്ക്ക് കയറിയാൽ, പിറ്റേന്ന് രാവിലെ എത്താം. രണ്ടോ മൂന്നോ മണിക്കൂർ വൈകിയാലും വേറെ ഓപ്ഷനില്ലാത്തതുകൊണ്ട് നമ്മളതങ്ങ് സഹിക്കും. അത്തരമൊരു യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ദിവസമാണ് പിരീയഡ്‌സ് ആവുന്നത്.

കാൻസൽ ചെയ്താൽ കാശുപോവുന്നതുകൊണ്ട് രണ്ടും കൽപ്പിച്ച് വണ്ടി കയറി. സന്ധ്യയ്ക്കും അത്താഴത്തിന്റെ നേരത്തും മൂത്രപ്പുര ഉപയോഗിക്കാൻ പറ്റി. ഉറങ്ങാൻ പോവും മുൻപ് ഡ്രൈവറോടും സഹായിയോടും പ്രത്യേകം പറഞ്ഞു എവിടേലും ഡീസലടിക്കുന്ന സ്ഥലത്ത് വിളിച്ചെഴുന്നേൽപ്പിക്കണേ, ടോയ്‌ലറ്റിൽ പോവേണ്ടത് അത്യാവശ്യമാണെന്ന്.

വെളുപ്പിനെ അടിപൊളി വയറുവേദനയുമായാണ് കണ്ണുതുറന്നത്. ആറുമണിയാവുന്നേയുള്ളൂ. ഹൈദരാബാദിന്റെ ഔട്‌സ്‌കർസിലെവിടെയോ ആണ്. മൂത്രമൊഴിക്കാൻ ഒന്നുനിർത്തിക്കേന്ന് പറയാൻ എഴുന്നേറ്റപ്പൊ തന്നെ പന്തികേട് തോന്നി. പാഡ് ഓവർഫ്‌ളോ ആയിട്ടുണ്ട്. അസ്വസ്ഥത സഹിച്ച് മൂന്ന് പാഡോ മറ്റോ വെച്ചിട്ട് കിടന്നതാണ്. എന്നിട്ടും യൂട്രസ് പണി പറ്റിച്ചു. എങ്ങനെയൊക്കെയോ ഡ്രെവറുടെ കാബിനിലെത്തി വണ്ടി വേഗം നിർത്തിത്തരാൻ പറഞ്ഞു. ഉടനെ ആളിറങ്ങുന്നുണ്ടെന്നും അവിടെ ഒതുക്കാമെന്നുമായിരുന്നു മറുപടി.

ആളുകൾ ഇറങ്ങിയതൊക്കെയും നടുറോഡിലായിരുന്നു. വണ്ടി പല പെട്രോൾ പമ്പുകളും പിന്നിട്ടു. എവിടെയും നിർത്തിയില്ല. വീണ്ടും എഴുന്നേറ്റ് നടക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. ലെഗ്ഗിൻസിലേക്ക് ചോര പടരുന്നത് അറിയുന്നുണ്ട്. ഷോളെടുത്ത് മടക്കി സീറ്റിലിട്ട് അതിന്റെ മുകളിലിരിക്കുകയാ. ദാഹിക്കുന്നുണ്ട്. തുള്ളി വെള്ളം കുടിക്കാൻ പേടി. ആർത്തവസമയത്ത് മൂത്രം ഒട്ടും പിടിച്ചുവയ്ക്കാൻ കഴിയാറില്ല. ഒടുക്കം തൊട്ടുമുൻപിലെ സീറ്റിലിരുന്ന ചെറുപ്പക്കാരനോട് കാര്യം പറഞ്ഞു. അയാളോടി ഡ്രൈവറുടെ അടുത്ത് പോയി.

ഇനി മെഹ്ദിപട്ടണത്തേ സ്റ്റോപ്പുള്ളുവെന്നും, ബ്രേക്ഫാസ്റ്റിന് നിർത്താത്ത വണ്ടിയായതിനാൽ മെഹ്ദിപട്ടണത്തിറങ്ങി എതേലും ടോയ്‌ലറ്റ് കണ്ടുപിടിച്ചോന്നുമായിരുന്നു മറുപടി. ഒരു പരിചയവുമില്ലാത്ത ആ യാത്രക്കാരൻ എനിക്കുവേണ്ടി പ്രതികരിച്ചു. ബസിൽ ബാക്കിയുണ്ടായിരുന്ന ഞങ്ങൾ ഏഴോ എട്ടോ പേർ ഒന്നിച്ച് ഒച്ചവെച്ചു. എന്നിട്ടും കല്ലടയുടെ സ്റ്റാഫ് അനങ്ങിയില്ല. അവരുടെ ഓഫീസ് നമ്പറിൽ വിളിച്ചു ഒടുക്കം. മെഹ്ദിപട്ടണത്ത് അവരുടെ ഓഫീസിൽ ബസ് നിർത്തുമെന്നും, അവിടുത്തെ ടോയ്‌ലറ്റ് ഉപയോഗിക്കാമെന്നും ധാരണയായി. ബസ് നിർത്തുമ്പോ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു.

ഓഫീസെന്ന് പേരിട്ട കുടുസ്സുമുറിയുടെ വലത്തേയറ്റത്ത് ഒരു ഇന്ത്യൻ ടോയ്‌ലറ്റ്. ടാപ്പോ വെള്ളമോ ഇല്ല. പത്തു മിനിറ്റ് കാത്തുനിർത്തിയിട്ട് ഒരു ബക്കറ്റ് വെള്ളം കൊണ്ടുത്തന്നു. ആ കക്കൂസ് മുറിയിൽ കയറുമ്പൊ അപമാനംകൊണ്ട് മേലാകെ വിറച്ചു. ചോര പറ്റിയ ഷോളിൽ പാഡും അടിവസ്ത്രവും പൊതിഞ്ഞെടുത്ത് പുറത്തിറങ്ങി കല്ലടയ്ക്ക് പരാതി എഴുതിക്കൊടുത്ത് ഇല്ലാത്ത കാശിന് ഒരു ഓട്ടോ പിടിച്ചു, മറ്റുള്ളോർക്ക് ചോര നാറുമോയെന്ന് കരുതിയിട്ട്.

പിന്നൊരിക്കലും ആ നശിച്ച വണ്ടിയിൽ കയറില്ലെന്ന് ശപഥമെടുത്തെങ്കിലും, ഗതികേടുകൊണ്ട് പിന്നെയും മൂന്നോ നാലോ വട്ടം കയറേണ്ടിവന്നിട്ടുണ്ട്. കല്ലടയ്‌ക്കെതിരെ നടപടിയെടുക്കുമ്പോ എന്നെപ്പോലെ ആയിരക്കണക്കിന് സ്ത്രീകൾ സന്തോഷിക്കുന്നുണ്ടാകും.

Read more topics: # b arundhathi fb post
b arundhathi fb post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES